കൊല്ലം∙ ഡ്രൈവർ കം ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ മുന്നാം റാങ്ക് നേടിയിട്ടും ഉദ്യോഗാർഥിയെ റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കി പബ്ലിക് സർവീസ് കമ്മിഷൻ. ഉത്തരപേപ്പറിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ 10 മാസം വൈകിപ്പിക്കുകയും ചെയ്തു. ചവറ ഇടപ്പള്ളിക്കോട്ട പോരുക്കര ചാലിൽ വീട്ടിൽ വൈ. ഷെമീറിനെയാണ് നിസ്സാരമായ കാര്യങ്ങൾ പറഞ്ഞു റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കിയത്.
പിഎസ്‌സി 2019 ഡിസംബർ 10നാണു ഒഎംആർ പരീക്ഷ നടത്തിയത്. 2020 ഡിസംബർ 28നു കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഷെമിറീന്റെ പേര് അതിൽ ഉൾപ്പെട്ടില്ല. അസാധുവാക്കൽ പട്ടികയിലും ഇല്ലായിരുന്നു. 66.33 ആയിരുന്നു കട്ട് ഓഫ് മാർക്ക്. ഉത്തരസൂചിക പ്രകാരം 78 മാർക്ക് ലഭിക്കുമെന്നു ഉറപ്പുണ്ടായിരുന്ന ഷെമീർ പിഎസ്‌സിയുമായി ബന്ധപ്പെട്ടപ്പോൾ മതിയായ മാർക്ക് നേടിയില്ല എന്നാണു പറഞ്ഞത്. 78 മാർക്കിന് അർഹനാണെന്ന് അറിയിച്ചപ്പോൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ 7 ദിവസത്തിനകം അപ്‌ലോഡ് ചെയ്യണമെന്നു കാണിച്ച് 2020 നവംബർ 20നു പ്രൊഫൈലിലേക്ക് സന്ദേശം അയച്ചിരുന്നെന്നും അത് പാലിക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും പറഞ്ഞു.
പ്രൊഫൈലിൽ നേരത്തെ തന്നെ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്തിരുന്നു. വീണ്ടും അപ്‌ലോഡ് ചെയ്യണമെന്ന സന്ദേശം തന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് ഷെമീർ അറിയിച്ചു. ഇതു സംബന്ധിച്ച് പിഎസ്‌സി ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് അപേക്ഷ നൽകി. എന്നാൽ അന്തിമ പട്ടിക വന്നപ്പോഴും ഷെമീറിനെ ഉൾപ്പെടുത്തിയില്ല. തുടർന്നാണ് ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷ നൽകിയത്.
പിഎസ്‌സിയുടെ മൂല്യ നിർണയ പ്രകാരം ഷെമീറിനു 77.33 മാർക്ക് ലഭിച്ചു. 81 മാർക്ക് നേടിയ ഉദ്യോഗാർഥിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് 78.33 മാർക്ക്. നിലവിലുള്ള പട്ടിക പ്രകാരം മൂന്നാം റാങ്കിനു ലഭിച്ചത് 77 മാർക്ക്.യോഗ്യതാ സർട്ടിഫിക്കറ്റുകൾ വീണ്ടും അപ്‌ലോഡ് ചെയ്യണമെന്ന സന്ദേശം തന്റെ ശ്രദ്ധയിൽപെടാതിരുന്നതിന്റെ പേരിൽ റാങ്ക് പട്ടികയിൽ നിന്നൊഴിവാക്കിയത് പുനഃപരിശോധിക്കണമെന്നാണ് ഷെമീർ ആവശ്യപ്പെടുന്നത്.