ADVERTISEMENT

കൊല്ലം ∙ അഞ്ചു വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതിപ്രകാരം വീടു ലഭിക്കാത്തതിലും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യം കിട്ടാത്തതിലും മനംനൊന്തു പട്ടികവിഭാഗക്കാരനും അംഗപരിമിതനുമായ ഗൃഹനാഥൻ കലക്ടറുടെ ചേംബറിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ  കലക്ടറുമായി ചേംബറിൽ സംസാരിച്ചുകൊണ്ടിരിക്കേയാണു വാതിലിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തീ കൊളുത്തുന്നതിനു മുൻപ്  ജീവനക്കാരും മറ്റും ചേർന്നു തടഞ്ഞു.

കരീപ്ര നെല്ലിമുക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന എ.ഭൈരവൻ (57)  ആണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഹൃദ്രോഗിയായ ഭാര്യ സിന്ധുവിനെയും കൂട്ടിയാണു കലക്ടറേറ്റിൽ എത്തിയത്. നേരത്തേ രണ്ടു തവണ കലക്ടറെ കണ്ടു നിവേദനം നൽകിയിരുന്നു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതു മൂലം ഒരു കാൽ മുറിച്ചു മാറ്റിയിയിരിക്കുകയാണ്. വയ്പു കാലിന്റെ സഹായത്തോടെ നടക്കുന്ന ഇദ്ദേഹം റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ജീവിക്കുന്നത്. അപകടത്തെത്തുടർന്നു ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്കു മക്കളില്ല. 

കൊറ്റങ്കര പഞ്ചായത്ത് മൂന്നാം വാർഡിൽ താമസിച്ചിരുന്ന ഭൈരവൻ 2017 മുതൽ ലൈഫ് പദ്ധതി പ്രകാരം വീടിനു അപേക്ഷ നൽകുന്നുണ്ട്. ഒട്ടേറെത്തവണ പഞ്ചായത്തിലും മറ്റും കയറിയിറങ്ങിയിട്ടും വീടു ലഭിച്ചില്ല. ജീവനക്കാരും മറ്റും ചേർന്നു കീഴ്പ്പെടുത്തിയ ഭൈരവനെ വെസ്റ്റ് പൊലീസ് എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു പ്രഥമ ശുശ്രൂഷ നൽകി.  തുടർന്നു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ബന്ധു എത്തി വീട്ടിലേക്കു മടക്കിക്കൊണ്ടു പോയി. ആത്മഹത്യാശ്രമത്തിനു വെസ്റ്റ് പൊലീസ് ഭൈരവനെതിരെ കേസ് എടുത്തു.

 എ.ഭൈരവൻ:എങ്ങോട്ടു പോകും?

മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായി ഉൾപ്പെട്ടിരുന്നതാണ്. പട്ടിക വെട്ടിത്തിരുത്തി എന്റെ പേര് 81–ാമത് ആക്കി.  കലക്ടർക്കു പരാതി നൽകിയപ്പോൾ ഞാൻ കള്ളം പറയുന്നു എന്നാണു പറയുന്നത്. 2019 ലാണ് അപകടത്തിൽ കാൽ നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ ക്ഷേമനിധിയിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചതായി പറയുന്നു. ഇതുവരെ കിട്ടിയില്ല. പണം നൽകിയെന്നാണ് അവർ പറയുന്നത്. പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഇനി ക്ഷേമനിധി ഓഫിസിലേക്കു പോകും. കഞ്ഞി കുടിച്ചും അവൽ കുതിർത്തു തിന്നുമാണ് ഇപ്പോൾ കഴിയുന്നത്. ഭാര്യയ്ക്കു രണ്ടുതവണ ഹൃദയാഘാതം ഉണ്ടായി.  വാടകവീട് ഒഴിയണമെന്നു പറയുന്നു. സ്വന്തമായി വീട് ഇല്ലാത്ത ഞങ്ങൾ എങ്ങോട്ടു പോകും?

                                                                   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com