തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്മെന്റ് റാലി ഇന്നു മുതൽ

HIGHLIGHTS
  • ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ വിപുലമായ സജ്ജീകരണങ്ങൾ
army-selection-kollam
അഗ്നിവീർ ആർമി റിക്രൂട്മെന്റിനായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്​റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ. ചിത്രം: മനോരമ
SHARE

കൊല്ലം∙ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്മെന്റ് റാലിക്ക് ഇന്നു ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ തുടക്കം. കരസേനയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. സ്റ്റേഡിയവും പരിസരവും കരസേനയുടെ നിയന്ത്രണത്തിലാണ്.

ബെംഗളൂരു റിക്രൂട്ടിങ് സോണിന്റെ നേതൃത്വത്തിൽ നടക്കുന്ന റാലിയുടെ ചുമതല വഹിക്കാൻ ആർമിയുടെ ഉയർന്ന ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവർ എത്തിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നതിന് ഇന്നലെ രാവിലെ മുതൽ ഉദ്യോഗാർഥികൾ എത്തിത്തുടങ്ങി. ഒട്ടേറെപ്പേർ സ്റ്റേഡിയത്തിനു സമീപം തങ്ങുകയാണ്. നഗരത്തിലെ മിക്ക ലോഡ്ജുകളും ഉദ്യോഗാർഥികളെക്കൊണ്ടു നിറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കു വേണ്ടിയാണ് 24 വരെയാണ് അഗ്നിവീർ എന്ന പേരിൽ റിക്രൂട്മെന്റ് റാലി. 26 മുതൽ 29 വരെ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി നഴ്സിങ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്മെന്റ് റാലിയും സ്റ്റേഡിയത്തിൽ നടക്കും.

ഓൺലൈൻ ആയി റജിസ്റ്റർ ചെയ്തവർക്കു മാത്രമേ അഗ്നിവീർ റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ കഴിയൂ. ഇവർക്ക് അഡ്മിറ്റ് കാർഡ് നൽകിയിട്ടുണ്ട്. 25,367 ഉദ്യോഗാർഥികളാണ് ഈ വിഭാഗത്തിലേക്കു റജിസ്റ്റർ ചെയ്തത്. ഇന്നും നാളെയും 2000 പേർക്കും വീതവും തുടർന്നുള്ള ദിവസങ്ങളിൽ 3000 മുതൽ 4000 പേർക്കുമാണു റാലിയിൽ പങ്കെടുക്കാൻ അവസരം. നഴ്സിങ് അസിസ്റ്റന്റ്, മത അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്മെന്റ് റാലിക്ക് 11500 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

∙ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്, സ്റ്റോർ കീപ്പർ– ടെക്നിക്കൽ, ട്രേഡ്സ്മെൻ തുടങ്ങിയ വിഭാഗങ്ങളിൽ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് അഗ്നിവീർ റാലി.

∙ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്തവർക്കു റാലിയിൽ പങ്കെടുക്കാൻ നിശ്ചിത ദിവസം അനുവദിച്ചിട്ടുണ്ട്. ആ ദിവസം എത്തിയാൽ മതിയാകും.

∙ റാലിയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് ഇന്നു പുലർച്ചെ 4 മുതൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിക്കും.

∙ ആദ്യ ദിവസങ്ങളിൽ ശാരീരിക ക്ഷമത പരിശോധനയും വൈദ്യ പരിശോധനയുമാണ്.

∙ അവസാന ഘട്ട ശാരീരിക ക്ഷമത പരിശോധന 28നും അവസാന ഘട്ട വൈദ്യ പരിശോധന 29നും നടക്കും.

∙ കായികക്ഷമത, വൈദ്യപരിശോധന എന്നിവ വിജയിക്കുന്നവർക്കു പിന്നീട് എഴുത്തു പരീക്ഷ നടക്കും. ഇതിനുള്ള സ്ഥലം, തീയതി എന്നിവ പിന്നീട് അറിയിക്കും.

∙ ലാൽ ബഹാദൂർ സ്റ്റേഡിയത്തിനു സമീപത്തെ ക്യുഎസി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു കടക്കുന്ന വഴിയുടെ തുടക്കം മുതൽ പരിശോധന ആരംഭിക്കും.

∙ ഉയരം പരിശോധിക്കലാണ് ആദ്യം. തുടർന്നു തിരിച്ചറിയൽ കാർഡിന്റെ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന. ഇതു പൂർത്തിയായാൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം.

∙ ഓട്ടം ആണ് ആദ്യം. തുടർന്നു വിവിധ കായിക ക്ഷമത പരിശോധനകൾ. ഓരോ ഘട്ടത്തിലും പരാജയപ്പെടുന്നവർ അപ്പോൾ തന്നെ പുറത്താകും.

∙ നിയമനം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുസംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്നു കരസേന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

∙ ഉദ്യോഗാർഥികൾക്കു വൈദ്യ സഹായത്തിനായി ഡോക്ടർമാരുടെ സേവനം, ശുദ്ധജലം, താമസം, ബയോ ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു  കലക്ടർ അറിയിച്ചു.

∙ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാവിലെ 6.15ന് ഫ്ലാഗ് ഓഫ് 


 കൊല്ലം∙ അഗ്നിപഥ് റിക്രൂട്മെന്റ് റാലി ഇന്നു രാവിലെ 6.15നു കലക്ടർ അഫ്സാന പർവീൺ ഫ്ലാഗ് ഓഫ് ചെയ്യും. ആർമി റിക്രൂട്മെന്റ് ബെംഗളൂരു സോൺ ഡിഡിജി ബ്രിഗേഡിയർ എ.എസ് വലിമ്പേ, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവർ സംബന്ധിക്കും. റാലിയുടെ അവസാന അവസാനഘട്ട ക്രമീകരണങ്ങൾ കലക്ടർ, ആർമി ഉദ്യോഗസ്ഥർ തുടങ്ങിയവർ വിലയിരുത്തി.

കൊണ്ടുവരേണ്ട രേഖകൾ

(എല്ലാ രേഖകളും ഒറിജിനൽ വേണം. ഓരോന്നിന്റെയും 3 കോപ്പികളും വേണം)

∙ അഡ്മിറ്റ് കാർഡ് (മടക്കുകയോ ചുളുക്കുകയോ ചെയ്യരുത്)

∙ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്

∙ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ. 10,12 ക്ലാസുകൾ പാസായവർ മാർക്ക് ഷീറ്റും എട്ടാം ക്ലാസ് പാസായവർ മാർക്ക് ഷീറ്റിനു പുറമേ ടിസിയും കരുതണം.

∙ എൻസിസി, സ്പോർട്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ അധിക യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

∙ ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ജാതി– മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

∙ അവിവാഹിതനാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

∙ സ്കൂളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്

∙ റവന്യു– തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്

∙ പൊലീസിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്

∙ വിമുക്ത ഭടന്മാരുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

∙ താമസ സ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

∙ നിർദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം ഉദ്യോഗാർഥി ഒപ്പിട്ടത്

∙ നിശ്ചിത അളവിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ 20 എണ്ണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS