ADVERTISEMENT

കൊല്ലം ∙ സാമ്പ്രാണിക്കോടിത്തുരുത്തിലേക്കുള്ള സഞ്ചാരി വിലക്കു നീങ്ങുന്നു.  കർശന ഉപാധികളോടെ തുരുത്ത് ഡിസംബർ പകുതിയോടെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം കലക്ടർ അഫ്സാന പർവീൺ, എം.മുകേഷ് എംഎൽഎ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി രമ്യ ആർ.കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.

വള്ളം മറിഞ്ഞു വീട്ടമ്മ മരിച്ചതിനെത്തുടർന്നു കഴിഞ്ഞ ജൂലൈ 9 മുതൽ സാമ്പ്രാണിക്കോടിത്തുരുത്ത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ടൂറിസം മേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന തുരുത്തിനെ കൂടുതൽ സുരക്ഷാക്രമീകരണങ്ങളോടെ വീണ്ടും പുനരാരംഭിക്കാനാണു യോഗത്തിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ഓൺലൈൻ ബുക്കിങ് അടക്കമുള്ള ക്രമീകരണങ്ങൾ സഞ്ചാരികൾക്കായി ഒരുക്കും. നിലവിൽ പ്രാദേശികമായി സർവീസ് നടത്തുന്ന റജിസ്ട്രേഷൻ, ലൈസൻസ് എന്നിവയുള്ള ജലയാനങ്ങൾക്കു സാമ്പ്രാണിക്കോടിയിലേക്കു സർവീസ് നടത്തുന്നതിനായി ടൂറിസം പ്രമോഷൻ കൗൺസിൽ പ്രത്യേക ലൈസൻസ് അനുവദിക്കും (സാമ്പ്രാണിക്കോടി ഓപ്പറേറ്റിങ് ലൈസൻസ്).

ഈ ലൈസൻസ് ഉള്ള ജലയാനങ്ങൾ മാത്രമേ തുരുത്തിലേക്കു സഞ്ചാരികളുമായി പോകാൻ പാടുള്ളൂ. തുരുത്തിലേക്കുള്ള പ്രവേശനം ഓൺലൈനായി ബുക്ക് ചെയ്യണം. ആദ്യ ഘട്ടത്തിൽ‌ 30% ഓഫ്‌ലൈൻ പാസുകൾ ലഭിക്കുമെങ്കിലും പിന്നീട് ഇവ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റും. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കു തീയതി, സമയം എന്നിവ അനുവദിക്കും. തുടർന്നു ലഭിക്കുന്ന പാസ് ഉപയോഗിച്ചു വേണം യാത്ര.

ഒരു സഞ്ചാരിക്ക് 20 മിനിറ്റ് സമയം മാത്രമേ തുരുത്തിൽ ചെലവഴിക്കാൻ‌ അനുവദിക്കൂ. അതിൽ കൂടുതൽ സമയം തുരുത്തിൽ ചെലവഴിക്കണമെങ്കിൽ അധിക തുക നൽകണം. ഒരു സമയം തുരുത്തിൽ പരമാവധി 100 പേർ മാത്രം ചെലവഴിക്കുന്ന തരത്തിലായിരിക്കും പാസുകൾ അനുവദിക്കുന്നതും ജലയാനങ്ങളുടെ സർവീസ് ക്രമീകരിക്കുന്നതെന്നും ഡിടിപിസി സെക്രട്ടറി രമ്യ ആർ.കുമാർ പറഞ്ഞു. തുരുത്തിന്റെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. കച്ചവടം, പ്ലാസ്റ്റിക് തുടങ്ങിയവ പൂർണമായും തുരുത്തിൽ നിരോധിച്ചതായും അധികൃതർ പറഞ്ഞു.

കാഴ്ചയുടെ സ്വർഗം

അഞ്ചാലുംമൂട് ∙  പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ അഷ്ടമുടിക്കായലിനു നടുക്കു രൂപപ്പെട്ടിട്ടുള്ള സാമ്പ്രാണിക്കോടിത്തുരുത്ത് അടുത്തിടെയാണു സഞ്ചാരികളുടെ മനം കവർന്നത്. ദേശീയ ജലപാതയ്ക്ക് ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഡ്രജ് ചെയ്തു കൂട്ടിയ മണ്ണും എക്കലും അടിഞ്ഞു രൂപപ്പെട്ട തുരുത്തിൽ ഒട്ടേറെ കണ്ടൽച്ചെടികൾ വളർന്നുനിൽക്കുന്നത് ഹരിതാഭമായ കാഴ്ചയാണ് ഒരുക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കു മുട്ടൊപ്പം വെള്ളത്തിൽ ഇറങ്ങി നടന്നു കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമെന്നതും തുരുത്തിലെ പ്രത്യേകതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com