കൊല്ലം∙ തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കം. കലക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്മെന്റ് ബാംഗ്ലൂർ സോൺ ഡിഡിജി ബ്രിഗേഡിയർ എ.എസ്.വലിംബെ, തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസർ കേണൽ മനീഷ് ഭോല എന്നിവർ പങ്കെടുത്തു. ശാരീരികക്ഷമതയിലും വൈദ്യപരിശോധനയിലും യോഗ്യത തേടുന്ന ഉദ്യോഗാർഥികൾക്കുള്ള പൊതുപരീക്ഷ ജനുവരി 15 ന് നടക്കും.

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 1767 പേരാണ് ഇന്നലെ അഗ്നിപഥ് പദ്ധതിയിലെ റിക്രൂട്മെന്റിനായി റജിസ്റ്റർ ചെയ്തിരുന്നത്. പങ്കെടുത്ത 904 പേരിൽ 151 പേർ ആദ്യ കായികക്ഷമത പരീക്ഷയായ ഓട്ടത്തിൽ വിജയിച്ചു. ഇവരുടെ തുടർ പരീക്ഷകൾ അടുത്ത ദിവസം നടക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 പേരാണ് ഇന്ന് പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. 19, 20 തീയതികളിൽ കൊല്ലം ജില്ലയിലെ 6389 ഉദ്യോഗാർഥികളും 21, 22 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികളും റാലിയിൽ പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24 ന് സമാപിക്കും.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് അഗ്നിവീർ റാലി നടക്കുന്നത്. ഇതു കൂടാതെ 26 മുതൽ 29 വരെ സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് /നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (മത അധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കുള്ള ആർമി റിക്രൂട്മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്മെന്റ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന 28 നും അവസാന വൈദ്യ പരിശോധന 29 നും നടക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പങ്കെടുക്കാൻ അനുമതി.

അഗ്നിപഥ്: ആദ്യദിനത്തിൽ ഉദ്യോഗാർഥികളുടെ നീണ്ട നിര
ആവേശമായി അഗ്നിപഥ് റിക്രൂട്മെന്റ് റാലിയുടെ ആദ്യ ദിനം. രാവിലെ 4 മുതൽ തന്നെ സ്റ്റേഡിയത്തിന് മുന്നിൽ ഉദ്യോഗാർഥികളുടെ നീണ്ട നിരയുണ്ടായിരുന്നു. ഉയരം പരിശോധിച്ച് കായികക്ഷമത പരിശോധനയ്ക്കായി കയറ്റിയ 904 പേരിൽ മെഡിക്കൽ ടെസ്റ്റിന് അർഹത നേടിയത് 151 പേർ.
പരീക്ഷകൾ ഇങ്ങനെ
∙ നിർദിഷ്ട ഉയരമുള്ളവർക്ക് മാത്രമാണ് റാലിയിൽ തുടരാൻ അനുമതി.
∙ 200 പേർ വീതമുള്ള ബാച്ചുകളിലായാണ് ശാരീരികക്ഷമത പരിശോധനകൾ
∙ ഫിസിക്കൽ ടെസ്റ്റിന്റെ ആദ്യഭാഗം 5 മിനിറ്റ് 45 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടുന്നതാണ് . 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും 5 മിനിറ്റ് 31 സെക്കൻഡ് മുതൽ 5 മിനിറ്റ് 45 സെക്കൻഡ് വരെയുള്ള സമയ പരിധിയിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 48 മാർക്കും ലഭിക്കും.
∙ 9 അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോങ് ജംപും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലൻസിങ് ടെസ്റ്റുമാണ് അടുത്തത്. ഈ ടെസ്റ്റുകൾക്ക് മാർക്കുണ്ടായിരിക്കുന്നതല്ലെങ്കിലും ഇതിൽ വിജയിക്കണം.
∙ സമയപരിധിക്കുള്ളിൽ കുറഞ്ഞത് 6 മുതൽ പരമാവധി 10 വരെ പുൾ അപ്പുകൾ ചെയ്യുന്നതാണ് അടുത്തത്. 10 പുൾ അപ്പുകൾക്ക് 40, 9 പുൾ അപ്പുകൾക്ക് 33, 8 പുൾ അപ്പുകൾക്ക് 27, 7 പുൾ അപ്പുകൾക്ക് 21, 6 പുൾ അപ്പുകൾക്ക് 16 മാർക്ക് എന്നിങ്ങനെയാണ് മാർക്ക്.
∙ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളിൽ യോഗ്യരായവരെ പ്രീ-മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കും. ഉയരം, ഭാരം, നെഞ്ചിന്റെ വികാസം എന്നിവ അളക്കുന്നതാണ് പ്രീ മെഡിക്കൽ പരിശോധന.
∙ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളിലും പ്രീ മെഡിക്കൽ ടെസ്റ്റുകളിലും വിജയിക്കുന്ന ഉദ്യോഗാർഥികൾ അടുത്ത ദിവസം ആർമി മെഡിക്കൽ ഓഫിസർമാരുടെ സംഘം നടത്തുന്ന മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാകും.
∙ ഇതിൽ യോഗ്യത നേടുന്നവർക്ക് പൊതുപരീക്ഷ.