പുനലൂർ ∙ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകന് വീട് നിർമിക്കാനുള്ള പണം സമാഹരിക്കാൻ 21ന് പുനലൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സ്നേഹയാത്ര. പട്ടണത്തിലെ ഭൂരിപക്ഷം ഓട്ടോകളും ‘വീടിനൊരോട്ടം’ എന്ന സന്ദേശവുമായി നടക്കുന്ന സഹായശ്രമത്തിൽ പങ്കാളികളാകും. ഒരു ദിവസത്തെ വരുമാനം അവർ വീട് നിർമിക്കാനായി കൈമാറും. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് ഡ്രൈവർ പുനലൂർ തുമ്പോട് പനമണ്ണറ സ്വദേശി രാമചന്ദ്രന്റെ വീടാണ് തകർന്നത്. കെഎസ്ആർടിസി ജംക്‌ഷൻ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയാണ് രാമചന്ദ്രൻ.
മൺകട്ട കൊണ്ട് കെട്ടിയ, മേൽക്കൂര തകർന്ന വീട്ടിൽ കഴിയുകയാണ് രാമചന്ദ്രനും കുടുംബവും. രാമചന്ദ്രന്റെ ഭാര്യാമാതാവിന്റെ പേരിലുള്ള സ്ഥലത്താണ് വീട്. സ്വന്തം പേരിൽ വസ്തു ഇല്ലാത്തതിനാൽ സർക്കാർ സഹായത്താൽ വീട് ഉടനെ ലഭിക്കുകയില്ല. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകരാണ് ‘വീടനൊരോട്ടത്തി’നു മുൻകയ്യെടുത്തത്.
പ്രളയകാലത്ത് ഒരു ദിവസത്തെ വരുമാനം സമാഹരിച്ച് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന്റെ ആത്മവിശ്വാസം ഡ്രൈവർമാർക്കുണ്ടെന്നും നാട്ടുകാരുടെ സഹായത്തോടെ പുതിയ സഹായശ്രമവും വിജയിപ്പിക്കുമെന്നും സിഐടിയു ജില്ലാ സെക്രട്ടറി എം.എ. രാജഗോപാൽ, അസോസിയേഷൻ ഏരിയ സെക്രട്ടറി ഒ.ജേക്കബ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.അശോക് കുമാർ, ബിൻസ്, സന്തോഷ്, അജികുമാർ എന്നിവർ പറഞ്ഞു.