ADVERTISEMENT

കൊല്ലം ∙  തീരത്തു തിങ്ങി നിറഞ്ഞ പുരുഷാരത്തിന്റെ ആരവം. ആർപ്പോ.. ഇർറോ.. വിളികൾ. അൻപത്തിയൊന്നേകാൽ കോൽ വീതം നീളമുള്ള  മൂന്നു ചുണ്ടൻ വള്ളങ്ങൾ.  അതിൽ മുന്നൂറിലേറെ തുഴച്ചിൽക്കാർ, അവരുടെ 600 കൈക്കരുത്തിൽ, കുന്തമുനയുള്ള വള്ളങ്ങൾ അഷ്ടമുടിക്കായലിലൂടെ സമാന്തരമായി കുതിച്ചു. ആർപ്പുവിളികൾ ഉച്ചസ്ഥായിയിൽ. മൂന്നു ചുണ്ടനും ഒപ്പത്തിനൊപ്പം. ഫിനിഷിങ് പോയിന്റ് തൊടാൻ 100 മീറ്ററോളം ബാക്കി നിൽക്കേ ആർപ്പുവിളികളുടെ ശക്തി കൂടി.  കണ്ണുചിമ്മാതെ  നോക്കി.  വള്ളങ്ങൾ ഫിനിഷിങ് ലൈൻ കടന്നു. നടുഭാഗം ചുണ്ടന് പട്ടാഭിഷേകം.

ജലോത്സവത്തിന്റെ ഭാഗമായുള്ള നൃത്തം.

തീരത്ത് വെടിക്കെട്ട് പൊട്ടി. രണ്ടാമതാര്? കാട്ടിൽ തെക്കേതിലോ പൊലീസ് ടീം തുഴഞ്ഞ ചമ്പക്കുളമോ?. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചപ്പോഴാണ് അതു കാട്ടിൽതെക്കേതിൽ എന്നുറപ്പായത്. ചാംപ്യൻസ് ബോട്ട് ലീഗ് ചാംപ്യൻഷിപ്പും പ്രസിഡന്റ്സ് ടോഫിയും നേടി  ഇരട്ട കിരീട ധാരണം മോഹിച്ച മഹാദേവിക്കാട് കാട്ടിൽ തെക്കേതിനെ 2 സെക്കൻഡിനു പിന്നിലാക്കിയാണ്.    നടുഭാഗം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫി നേടിയത്. ചാംപ്യൻസ് ലീഗിലെ 12 മത്സരങ്ങളിൽ പകുതിയോളം സ്ഥലങ്ങളിൽ തീരെ ചെറിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ നടുഭാഗം ഗ്രാൻഡ് ഫിനാലെയിൽ ആധികാരികമായാണ് കപ്പ് നേടിയത്.

ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫിയിൽ തുടങ്ങി  മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രസിഡന്റസ് ട്രോഫിയിൽ അവസാനിച്ച ജലോത്സവത്തിൽ 9 ചുണ്ടൻമാർ തീ പാറുന്ന പോരാട്ടമാണ് നടത്തിയത്. മൂന്നാം ഹീറ്റ്സിൽ മത്സരിച്ച  മഹാദേവിക്കാട് കാട്ടിൽതെക്കേതിലും നടുഭാഗവും ചമ്പക്കുളം തന്നെയാണ് ഫൈനലിലും മത്സരിച്ചത്. ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ ആയിരുന്നു ഒന്നാമത്. നടുഭാഗം രണ്ടാമത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് അതേ ടീമുകൾ ഫൈനലിൽ എത്തി. രാവിലെ മുതൽ അഷ്ടമുടിക്കായലും പരിസരവും ജലോത്സവ ലഹരിയിൽ ആയിരുന്നു. 

ചുണ്ടൻ 9 വള്ളങ്ങളും 15 ചെറുവള്ളങ്ങളും ജലക്കുതിപ്പിനു കാത്തു കിടന്നു. ഉച്ചയ്ക്ക് 2നു ജലോത്സത്തിനു മേയർ കൊടി ഉയർത്തി. തേവള്ളിക്കൊട്ടാരത്തിനു സമീപത്തു നിന്നു കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപം വരെ ഒരു കിലോമീറ്റർ ആയിരുന്നു ട്രാക്ക്.  ചുണ്ടൻ വള്ളങ്ങൾ നിരന്ന മാസ് ഡ്രിലിനു ശേഷം വെപ്പ് വള്ളങ്ങളുടെ പ്രദർശന മത്സരത്തോടെ തുടക്കം. തുടർന്ന് ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ്.. പിന്നാലെ വനിതകൾ തുഴയുന്ന തെക്കനോടിയുടെ മത്സരം.

സിബിഎൽ പോയിന്റ് നില
∙മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ –116
∙നടുഭാഗം ചുണ്ടൻ –107
∙ചമ്പക്കുളം ചുണ്ടൻ –92
∙വീയപുരം – 75
∙പായിപ്പാടൻ – 70
∙ചെറുതന –55
∙സെന്റ് പയസ് ടെൻത് – 46
∙ദേവാസ് – 45
∙ആയാപറമ്പ് – 40

പ്രസിഡന്റ്സ് ട്രോഫി (ഒന്നും രണ്ടും സ്ഥാനങ്ങൾ) വെപ്പ് ബി ഗ്രേഡ് ഫൈനൽ

∙പുന്നത്ര പുരയ്ക്കൽ
∙പി.ജി.കുരീപ്പുഴ വെപ്പ് എ ഗ്രേഡ് ഫൈനൽ
∙പുന്നത്ര വെങ്ങാഴി
∙പഴശ്ശിരാജ തെക്കനോടി (വനിത) ഫൈനൽ
∙ദേവാസ്
∙കാട്ടിൽ തെക്കതിൽ
ഇരുട്ടുകുത്തി ബി ഫൈനൽ
∙സെന്റ് ജോസഫ്
∙ശരവണൻ

ശിങ്കാരി മേളവും സൂഫി നൃത്തവും

കൊല്ലം ∙ ചാംപ്യൻസ് ട്രോഫി വള്ളംകളിയുടെ സമാപനത്തിന് അഷ്ടമുടി വേദിയായപ്പോൾ കായലിൽ ആരവമുയർത്താൻ കലാപരിപാടികളും. വള്ളം കളിയുടെ ഇടവേളയിൽ  കെടിഡിസിയുടെ ഹോട്ടൽ തീരം തൊട്ടു ബോട്ടിൽ കലാപരിപാടികൾ ആരംഭിച്ചു. കാണികളുടെ ആവേശമുയർത്തി ശിങ്കാരി മേളത്തോടെയായിരുന്നു തുടക്കം. പിന്നാലെ വന്നത് പതിഞ്ഞ താളവും ഒഴുകുന്ന ചുവടുകളുമായി സൂഫി നൃത്തമായിരുന്നു.

ലിങ്ക്  റോഡ് തുറന്നിരുന്നെങ്കിൽ കാഴ്ച വേറെ ലെവൽ!

കൊല്ലം ∙ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ഫിനിഷിങ് പോയിന്റ് ബോട്ട് ജെട്ടിയായിരുന്നെങ്കിലും ഏറ്റവും മനോഹരമായി കളി ആസ്വദിക്കാനാവുക മറ്റൊരിടത്തു നിന്നാകുമായിരുന്നു– ഇനിയും തുറന്നു കൊടുത്തിട്ടില്ലാത്ത കെഎസ്ആർടിസി ജംക്‌ഷൻ മുതൽ ഓലയിൽകടവ് വരെയുള്ള ലിങ്ക് റോഡിലെ ഫ്ലൈ ഓവറിൽ നിന്ന്. ജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. മത്സരം ആരംഭിക്കുന്ന തേവള്ളി കൊട്ടാരത്തിനു സമീപം തൊട്ട് അവസാനിക്കുന്ന ബോട്ട് ജെട്ടി വരെ വ്യക്തമായി ലിങ്ക് റോഡിലെ ഫ്ലൈ ഓവറിൽ നിന്ന് കാണാമായിരുന്നു.

മഹാദേവിക്കാട് ചുണ്ടന് കിട്ടും; 28 ലക്ഷം രൂപ

കൊല്ലം∙ സിബിഎൽ ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം സ്ഥാനത്തായ  മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടന്  3 ലക്ഷം രൂപ കൂടുതൽ ലഭിക്കും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിലെ രണ്ടാം സ്ഥാനക്കാർക്കുള്ള 3 ലക്ഷം ലഭിച്ചതോടെ കാട്ടിൽ തെക്കേതിൽ ചുണ്ടന് സമ്മാനമായി ആകെ ലഭിച്ചത്. 28 ലക്ഷം രൂപ.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com