ADVERTISEMENT

കൊല്ലം∙ ചാംപ്യൻസ് ബോട്ട് ലീഗിൽ 116 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചാംപ്യൻമാർ. ഇരട്ട വിജയം പ്രതീക്ഷിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ 2 സെക്കൻഡുകൾക്ക് പിന്നിലാക്കി സിബിഎൽ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തിയ കുമരകം എൻസിഡിസി ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിട്ടു. 4:13:89 സമയത്തിലാണ് നടുഭാഗം ചുണ്ടൻ ഫിനിഷ് ചെയ്തത്.

ചാംപ്യൻസ് ബോട്ട് ലീഗിൽ വിജയിച്ച മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടന്റെ ക്യാപ്റ്റന് മന്ത്രി കെ.എൻ.ബാലഗോപാൽ ട്രോഫി സമ്മാനിക്കുന്നു. കലക്ടർ അഫ്സാന പർവീൺ, എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ് തുടങ്ങിയവർ സമീപം.

ഈ മത്സരത്തിൽ രണ്ടാമതായെങ്കിലും സിബിഎൽ രണ്ടാം എഡിഷനിൽ നടന്ന 12 മത്സരങ്ങളിൽ 8 എണ്ണത്തിലും ഒന്നാമതെത്തിയിരുന്നതിനാൽ കാട്ടിൽ തെക്കേതിൽ ചാംപ്യൻഷിപ് ഉറപ്പിച്ചിരുന്നു.107 പോയിന്റുമായി നടുഭാഗം ചുണ്ടനാണ് ചാംപ്യൻസ് ബോട്ട് ലീഗിൽ റണ്ണറപ്. ചാംപ്യൻസ് ലീഗിലും പ്രസിഡന്റ്സ് ട്രോഫിയിലും മൂന്നാമതെത്തിയത് പൊലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് (4:15:96).

പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റൻ, മന്ത്രി കെ.എൻ ബാലഗോപാലിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

സിബിഎലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 25,15,10 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. പ്രസിഡന്റ്സ് ട്രോഫിയിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5,3,1 ലക്ഷം വീതവും ലഭിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഫിനാലെയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി അഷ്ടമുടിക്കായലിൽ നടന്ന ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രിൽ

സിബിഎൽ മത്സരങ്ങളുടെ രണ്ടാം സീസൺ സമാപന പ്രഖ്യാപനവും സമ്മാനദാനവും മന്ത്രി നിർവഹിച്ചു.മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ് എൻ.കെ.പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ അഫ്സാന പർവീൺ, എം.നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com