ADVERTISEMENT

പത്തനാപുരം ∙ നേതാക്കളുടെ പ്രവർത്തന രീതി മാറിയേ മതിയാകൂവെന്നും ‘ഈ പോക്ക്’ അനുവദിക്കാ‍ൻ കഴിയില്ലെന്നും കോൺഗ്രസ് നേതാക്കൾക്ക് കെപിസിസിയുടെ അന്ത്യശാസനം. മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ പത്തനാപുരം ബ്ലോക്കിലെ 15 നേതാക്കളെ പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിലാണ് പാർട്ടി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി അന്ത്യശാസനം നൽകിയത്.

ഭാരവാഹികൾ അവരുടെ ചുമതല നിർവഹിക്കുന്നില്ലെന്നും പ്രതികരിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്നും കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു. പത്തനാപുരം ബ്ലോക്കിൽ സംഘടനാ പ്രവർത്തനം നടക്കുന്നില്ലെന്നു കാട്ടി ഒട്ടേറെ നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയിരുന്നു. അടുത്തിടെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പുനലൂർ-മുവാറ്റുപുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയിൽ കെപിസിസി നേതാക്കളെ പോലും തള്ളി മാറ്റി, യാത്രയുടെ മുൻനിരയിലും വേദിയിൽ ഇരിപ്പിടത്തിനായും ചിലർ നടത്തിയ നീക്കങ്ങൾ തർക്കങ്ങൾക്കും ഉന്തിനും തള്ളിനും വഴി വച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് അടിയന്തര യോഗം ചേർന്നത്.

നേതാക്കളും പ്രവർത്തകരും ബന്ധമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. പ്രവർത്തകരുടെ ആവശ്യങ്ങൾ മറ്റു പാർട്ടി നേതാക്കൾ ഇടപെട്ടാണ് സാധിച്ചു നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമ്പോഴും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേരിടുന്ന പരാജയം പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബ്ലോക്കിലെ ഒരു പഞ്ചായത്തിൽ പോലും ഭരണം ലഭിച്ചില്ല. സ്ഥാനാർഥി നിർണയം പോലും വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. നേതാക്കൾ സ്വയം തിരുത്താൻ തയാറായില്ലെങ്കിൽ നേതൃത്വം ഇടപെടുമെന്നും ഭാരവാഹിത്വം മാത്രം മതിയെന്നു ചിന്തിക്കുന്നവർ പാർട്ടിക്ക് ഭാരമാകാതെ മാറി നിൽക്കണമെന്നും കെപിസിസിയെ പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

സംഘടനാ യോഗങ്ങൾ ചേർന്നാൽ ഇഷ്ടമില്ലാത്തവരെ വിളിക്കാതിരിക്കുക, ഗ്രൂപ്പ് അടിസ്ഥാനത്തിൽ വരാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇനി അംഗീകരിക്കില്ല. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും. എൽഡിഎഫ് ഭരിക്കുന്ന ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, എംഎൽഎ എന്നിവർക്കെതിരെ ജനകീയ വിഷയങ്ങൾ ഉയർത്തി സമരം സംഘടിപ്പിക്കാനും സംഘടനാ പുനരുജ്ജീവനത്തിനു നടപടിയെടുക്കാനും മൂന്നു മാസത്തെ സമയം അനുവദിച്ചാണ് യോഗം അവസാനിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com