ADVERTISEMENT

കൊല്ലം ∙ കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിൽ 4 പേർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി ഷെഫീക്കിനെ (31) തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ പാരിപ്പള്ളി എഴിപ്പുറം നിർമാല്യത്തിൽ രഞ്ജിത്ത് (40), ശക്തികുളങ്ങര കുറമള തോപ്പ് പീറ്റർ ഡേയ്‌ലിൽ ജോസ് (53), രാമൻകുളങ്ങര മതേതര നഗർ കരിശയ്യം വീട്ടിൽ ഫൈസൽ (28), നീണ്ടകര അമ്പിളി ജംക്‌ഷൻ ഫാത്തിമ ഭവനിൽ ആൽബർട്ട് (40) എന്നിവരാണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണു സംഭവം. വീടുകളുടെ നിർമാണം കരാർ എടുത്തു ചെയ്യുന്ന ഷെഫീക്കിനെ വീട് നിർമിക്കാനുള്ള സ്ഥലം കാട്ടി നൽകാമെന്ന വ്യാജേനെ ജോസ് നീണ്ടകരയിലേക്കു വിളിച്ചു വരുത്തി. കാറിൽ എത്തിയ ഷെഫീക്കിനെയും കൂട്ടി ശക്തികുളങ്ങരയിലെ ആൽബർ‌ട്ടിന്റെ വീട്ടിൽ എത്തി. തുടർന്നാണു, മറ്റു പ്രതികളും കൂടി ചേർന്ന് ഇയാളെ തട്ടിക്കൊണ്ടു പോയി മർദിച്ചത്.

രഞ്ജിത്തും ഷെഫീക്കിന്റെ പിതാവും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പൊലീസ് പറയുന്നു. വാഹനത്തിന്റെ താക്കോലും ഫോണും വാങ്ങിയ പ്രതികൾ ഇയാളോടു 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഫോണിൽ‌ വിളിച്ച് ഷെഫീക്ക് വിവരങ്ങൾ പറഞ്ഞതനുസരിച്ച് ഭാര്യ കിളികൊല്ലൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ സ്ഥിരീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആശ്രാമം ഭാഗത്തു നിന്നു പ്രതികളെ പിടികൂടി. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുകേഷ്, ജയൻ കെ.സക്കറിയ, അനിൽ, എഎസ്ഐ സന്തോഷ്, ഗോപൻ, ഷാജി, വിജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com