ADVERTISEMENT

കുളത്തൂപ്പുഴ (കൊല്ലം) ∙ കല്ലടയാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി കയത്തിൽപെട്ട 4 വിദ്യാർഥികളിൽ 2 പേർ മുങ്ങിമരിച്ചു. ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജു മാത്യു – സൂസി ദമ്പതികളുടെ മകൻ റൂബൈൻ പി.ബിജു (15), ഡാലി കണ്ടൻചിറ റോഷ്ന മൻസിലിൽ ഷറഫുദ്ദീൻ – നാസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (15) എന്നിവരാണു മരിച്ചത്. സാം ഉമ്മൻ മെമ്മോറിയൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. 

കല്ലുവെട്ടാംകുഴി സരസ്വതിക്കടവിൽ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അപകടം. കയത്തിൽപെട്ട 2 പേരെ കരയിലുണ്ടായിരുന്ന 2 കൂട്ടുകാർ ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു. മറ്റു 2 പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് 2 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

രക്ഷപ്പെടുത്തി അവശനിലയിൽ കരയ്ക്കെത്തിച്ച വിദ്യാർഥി അദ്വൈത് വിജയിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലും സംഭവം കണ്ട ആഘാതത്തിൽ ബോധരഹിതനായ സെയ്ദലിയെ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഖില കേരള ശാസ്ത്ര സാങ്കേതിക മേള സമാപിച്ചതിനെ തുടർന്ന് ശുചീകരണം നടത്തുന്നതിനായി ഇന്നലെ സ്കൂളിന് അവധി നൽകിയിരുന്നു.

സ്വകാര്യ സെന്ററിൽ ട്യൂഷൻ കഴിഞ്ഞ് എട്ടു വിദ്യാർഥികൾ അടങ്ങുന്ന സംഘം സ്കൂളിനു സമീപത്തെ കല്ലടയാറ്റിൽ എത്തി, ആറ്റിന്റെ ഒ‌ാരത്തു കൂടി സരസ്വതിക്കടവിൽ എത്തുകയായിരുന്നു. ഇന്നലെ അവധിയായതിനാൽ വിദ്യാർഥികൾ സ്കൂളിൽ വരരുതെന്നു നിർദേശം നൽകിയിരുന്നതായി സ്കൂൾ സൂപ്രണ്ട് ഡി.ഗോപൻ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. റൂബൈന്റെ സഹോദരി: റൂഹ. റോഷന്റെ സഹോദരി: റോഷ്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com