വായ്പ അടച്ചുതീർത്തിട്ടും പ്രമാണം തിരികെ നൽകിയില്ല; ബാങ്കിനു മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ദമ്പതികൾ

bank-money
SHARE

പുനലൂർ ∙ വായ്പയ്ക്ക് ഈട് നൽകിയ പ്രമാണം, കുടിശികത്തുക അടച്ചുതീർത്തിട്ടും തിരികെ നൽകാത്തതിൽ പ്രതിഷേധിച്ചു ബാങ്കിനു മുന്നിൽ ദമ്പതികൾ ആത്മഹത്യാ ഭീഷണി ഉയർത്തി. ഒടുവിൽ പൊലീസും ജനപ്രതിനിധികളും ഇടപെട്ടു ബാങ്ക് അധികൃതരെക്കൊണ്ടു പ്രമാണം  തിരികെക്കൊടുപ്പിച്ചു പ്രശ്നം പരിഹരിച്ചു. പുനലൂർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിനു മുന്നിൽ മൈലയ്ക്കൽ കോടിയാട്ട് വീട്ടിൽ ഹബീബ് മുഹമ്മദും ഭാര്യയുമാണു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തുമെന്നു ഭീഷണി ഉയർത്തിയത്.

ഹബീബ് മുഹമ്മദ് ഈ ബാങ്കിൽ നിന്നു മുൻപു വായ്പയെടുത്തിരുന്നു. ഇതിനായി മാതാവ്, ഭാര്യ, അയൽവാസി എന്നിവരുടെ പേരിലുള്ള പ്രമാണം ഈട് നൽകിയിരുന്നു.  4 ദിവസം മുൻപു ഹബീബ് വായ്പ പൂർണമായും അടച്ചശേഷം പ്രമാണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ മാതാവ് മറ്റു 2 പേർക്കു വായ്പയ്ക്കു ജാമ്യം നിന്നതു കുടിശിക വന്നതിനാൽ പ്രമാണം തിരികെ നൽകാനാകില്ലെന്നു ബാങ്ക് അധികൃതർ അറിയിച്ചെന്നു ഹബീബ് മുഹമ്മദ് പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാങ്കിൽ എത്തിയിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ ഇന്നലെ രാവിലെ വീണ്ടും എത്തിയിട്ടും പ്രമാണം ലഭിച്ചില്ല. സ്റ്റേഷൻ ഓഫിസർ രാജേഷ് കുമാർ, നഗരസഭാ ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി .ഉപാധ്യക്ഷൻ മൈലയ്ക്കൽ വാർഡ് കൗൺസിലർ കൂടിയായ വി.പി. ഉണ്ണിക്കൃഷ്ണനും ഇന്നലെ പ്രശ്നപരിഹാരത്തിനായി ജാമ്യക്കാരനായി.

എന്നാൽ ബാങ്കിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും വായ്പക്കാരന് ഏതെങ്കിലും തരത്തിൽ കുടിശികയുണ്ടെങ്കിൽ ജാമ്യപ്രമാണം തിരികെ നൽകാനാകില്ലെന്നും സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ചു സഹകാരി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബാങ്കിനെതിരെ ഉയരുന്ന മറിച്ചുള്ള കാര്യങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്നും പ്രസിഡന്റ് എ.ആർ.മുഹമ്മദ് അജ്മൽ പത്രക്കുറിപ്പിൽ അറിയിച്ചു. കുടിശിക ഒടുക്കാൻ ഇന്നലെ നടപടിയുണ്ടായതോടെ ആധാരം തിരികെ നൽകിയതായി അദ്ദേഹം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS