ADVERTISEMENT

കൊല്ലം∙  വൈകിട്ട് 5ന് അടയ്ക്കുന്ന സർക്കാർ ഓഫിസിൽ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ ആ ഉദ്യോഗസ്ഥന്റെ ക്രൂരമനസ്സ് ചിരിക്കുക ആയിരുന്നിരിക്കും. പക്ഷേ, നിഷ ബാലകൃഷ്ണന്റെ (37) സ്വപ്നങ്ങളും ജീവിതവും അവിടെ നിശ്ചലമായി. 

കൊല്ലം ചവറ സ്വദേശിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിച്ചാണ് നിയമനത്തിന് വേഗം കൂട്ടിയത്. എന്നാൽ, ഉദ്യോഗാർഥികളുടെ ഈ ‘ആവേശം’ തലസ്ഥാനത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന് അത്ര പിടിച്ചില്ല.

റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ഇഷ്ടക്കേടിനു മറുപടി കൊടുത്തത്. കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ് നിഷയും സുഹൃത്തുക്കളും കയറിയിറങ്ങി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സി‌യെ അറിയിക്കണമെന്നും അപേക്ഷിച്ചു.

29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ നിഷ ഉദ്യോഗസ്ഥനെ വിളിച്ചു.പക്ഷേ, ആ ഉദ്യോഗസ്ഥനാകട്ടെ മനഃപൂർവമെന്നോണം എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പിഎസ്‌സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു.

പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതിയും ഇടപെട്ടില്ല. ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി കാത്തിരിക്കുന്നു. 5 മണിക്ക് അടയ്ക്കുന്ന ഓഫിസിൽ നിന്ന് അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇതുവരെ ആരും ചോദിച്ചിട്ടുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com