ADVERTISEMENT

അഞ്ചാലുംമൂട് ∙ മോഷണക്കേസുകളിൽ മോഷണ മുതൽ തിരികെ കിട്ടിയാൽ പിന്നീട് തുടരന്വേഷണം വേണ്ടെന്ന വ്യത്യസ്ത നിലപാടുമായി അഞ്ചാലുംമൂട് പൊലീസ്. അഞ്ചാലുംമൂട്ടിൽ വർക് ഷോപ്പിന് മുന്നിൽ നിന്നു മോഷ്ടിക്കപ്പെട്ട ബൈക്ക് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിൽ അന്വേഷണം അവസാനിപ്പിച്ച മട്ടിൽ പൊലീസ്. ഒരാഴ്ച മുൻപ് വെട്ടുവിളയിൽ നിന്നു സ്വർണവും പണവും മോഷ്ടിക്കപ്പെട്ട കേസിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. 

രണ്ട് ദിവസം മുൻപാണ് അഞ്ചാലുംമൂട് സ്വദേശിയുടെ ബൈക്ക് സ്വന്തം വർക്‌ഷോപ്പിന് മുന്നിൽ നിന്നു മോഷണം പോയത്. തുടർന്ന് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അഞ്ചാലുംമൂട് പൊലീസിൽ ബൈക്ക് ഉടമ പരാതി നൽകി. ഇന്നലെ രാവിലെയോടെ നീരാവിൽ നവോദയത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ ഇളക്കി കളഞ്ഞ നിലയിലും ഇന്ധനം തീർന്ന നിലയിലുമാണ് ബൈക്ക് കണ്ടെത്തിയത്. താക്കോലും ഉണ്ടായിരുന്നു. 

ഉടമ ബൈക്ക് തിരിച്ചറിഞ്ഞതോടെ പൊലീസ് ബൈക്ക് സ്റ്റേഷനിലെത്തിച്ച് രേഖകൾ പരിശോധിച്ച് ഉടമസ്ഥന് കൈമാറി. എന്നാൽ മോഷണ മുതൽ തിരികെ ലഭിച്ചതോടെ മോഷണ കേസ് അവസാനിപ്പിച്ചെന്ന നിലപാടാണ് പിന്നീട് അഞ്ചാലുംമൂട് പൊലീസ് സ്വീകരിച്ചത്. ഉടമ മുൻപ് നൽകിയ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയോ മോഷ്ടാവിനെ കണ്ടെത്താൻ തുടരന്വേഷണം നടത്താനോ നടപടി സ്വീകരിച്ചില്ല. പകരം മോഷണ മുതൽ തിരികെ കിട്ടിയതോടെ കേസന്വേഷണം അവസാനിച്ചെന്ന നിലപാടാണ് പൊലീസിന്. 10 ദിവസം മുൻപ് അഞ്ചാലുംമൂട് വെട്ടുവിളയിലെ വീട്ടിൽ നിന്നു സ്വർണവും പണവും സ്കൂട്ടറും മോഷണം പോയിരുന്നു. ഈ സ്കൂട്ടർ പിന്നീട് നീണ്ടകര പോർട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലും തുടരന്വേഷണം എങ്ങും എത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com