ADVERTISEMENT

എഴുകോൺ ∙ പാചകവാതക സിലിണ്ടർ ചോർന്നപ്പോൾ പകച്ചുപോയ കുടുംബത്തിനു രക്ഷകനായതു ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവർ. ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ എഴുകോൺ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീട്ടിൽ കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇതുവഴി ഓട്ടം വന്നതായിരുന്നു മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുളവന പള്ളിയറ ആലുംമൂട്ടിൽ വീട്ടിൽ ബി.ഹരീഷ് കുമാർ (ഡൂഡു-38).

നിലവിളി കേട്ട് ഹരീഷ് ഓടിയെത്തുമ്പോൾ പാചകവാതക സിലിണ്ടർ വീടിനു പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉണ്ണിക്കൃഷ്ണ പിള്ള. വാഷർ തകരാർ മൂലം സിലിണ്ടറിൽ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുകയായിരുന്നു. വീടിനകം മുഴുവൻ വാതകം നിറഞ്ഞു. കുടുംബാംഗങ്ങളെ ഉണ്ണിക്കൃഷ്ണ പിള്ള പുറത്തെത്തിച്ചപ്പോഴേക്കും സിലിണ്ടർ തുറസ്സായ സ്ഥലത്തേക്കു മാറ്റിയ ഹരീഷ് ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടർ അടച്ചു. ഇതിനിടയിൽ പാചകവാതകം ശക്തിയായി മുഖത്തേക്കും വായിലേക്കും പ്രവഹിച്ചെങ്കിലും ഉദ്യമത്തിൽ നിന്നു പിൻമാറിയില്ല. അപ്പോഴേക്കും കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി.

സിലിണ്ടറിന്റെ തകരാർ പരിഹരിക്കുകയും വീടും പരിസരങ്ങളും സുരക്ഷിതമാക്കുകയും ചെയ്ത ശേഷമാണ് യൂണിറ്റ് മടങ്ങിയത്. ചോർച്ച അനുഭവപ്പെട്ട സിലിണ്ടറിന്റെ റെഗുലേറ്റർ ഊരിമാറ്റിയപ്പോഴാണു വാതകം പുറത്തേക്കു തെറിച്ചതെന്നും ഹരീഷ് സമയത്തെത്തി യില്ലായിരുന്നുവെങ്കിൽ വലിയ ദുരന്തമായേനേ എന്നും ഉണ്ണിക്കൃഷ്ണ പിള്ള പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ സേനാംഗവും കേരള കോൺഗ്രസ് (ജോസഫ്) കുണ്ടറ മണ്ഡലം പ്രസിഡന്റുമാണ് ഹരീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com