ADVERTISEMENT

കൊല്ലം∙ ക്രിസ്മസ് വിപണി സജീവമാകുമ്പോഴും കല്ലുപാലം നിർമാണം വൈകുന്നതിനാൽ തുടർച്ചയായ മൂന്നാം വർഷവും ദുരിതമനുഭവിക്കുകയാണ് ലക്ഷ്മിനടയിലെ വ്യാപാരികൾ. അനന്തമായി നീളുന്ന കല്ലുപാലം നിർമാണമാണ് വ്യാപാരികളെ വെട്ടിലാക്കിയിരിക്കുന്നത്. കോവിഡിനു മുൻപ് നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ലക്ഷ്മിനട ഇന്ന് തിരക്കൊഴിഞ്ഞ മേഖലയായി മാറി.കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം വലഞ്ഞ വ്യാപാരികളുടെ മേൽ ഇരട്ടപ്രഹരമേൽപിച്ചിരിക്കുകയാണ് കല്ലുപാലം പണി . 

പാലം നിർമാണം കാരണം ഒറ്റപ്പെട്ട ലക്ഷ്മിനട പ്രദേശത്തു നിന്നു പത്തിലേറെ വ്യാപാരികളാണ് കച്ചവടം അവസാനിപ്പിച്ചും സ്ഥലം മാറിയും പോയത്. പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കടം കാരണം എല്ലാ ദിവസവും തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ മേയിൽ തുറക്കുമെന്നു പ്രഖ്യാപിച്ച കല്ലുപാലം, അപ്രോച്ച് റോഡ് നിർമാണം മുടങ്ങിയതോടെ വീണ്ടും പ്രതിസന്ധിയിലായി. അപ്രോച്ച് റോഡ് നിർമാണ പ്രവർത്തനം ആരംഭിച്ചതോടെ പണ്ടകശാല പാലത്തിന് സമീപത്തു നിന്ന് ലക്ഷ്മിനടയിലേക്കു എത്താവുന്ന റോഡും അടച്ചു. ഇതോടെ പ്രദേശത്തേക്ക് ഇരുചക്ര വാഹനങ്ങൾ പോലും കടന്നു വരാത്ത അവസ്ഥയാണ്.തുടർച്ചയായി കച്ചവട സീസണുകൾ നഷ്ടപ്പെട്ട വ്യാപാരികൾ പാലം പണി എത്രയും വേഗം പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ്. 

6 മാസത്തിനകം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കുമെന്നാണ് പുതിയതായി കരാർ ഏറ്റെടുത്തയാൾ പറയുന്നത്. അപ്രോച്ച് റോഡ് നിർമാണ കരാറെടുത്ത ആൾ പണിയിൽ വീഴ്ച വരുത്തിയതോടെയാണ് കഴിഞ്ഞ മേയിൽ പാലം തുറക്കാൻ കഴിയാതെ പോയത്. 1.72 കോടിക്കാണ് അപ്രോച്ച് റോഡ് നിർമാണത്തിന്റെ പുതിയ കരാർ. അപ്രോച്ച് റോഡ് നിർമാണത്തിനായി പാലത്തിന്റെ ഇരുവശവും 10.5 മീറ്റർ ആഴത്തിൽ അടിസ്ഥാനം നിർമിച്ചു ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. 2023 മേയ് മാസത്തോടെ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് നിർമാണച്ചുമതലയുള്ള ഉൾനാടൻ ജലഗതാഗത വകുപ്പ്.

ഒന്നര വർഷം മുൻപ് 55 ദിവസത്തിനകം പാലം തുറന്നു നൽകുമെന്ന് മേയറുടെയും എംഎൽഎയുടെയും ചിത്രത്തോട് കൂടി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. 54–ാം ദിവസം ബോർഡ് നീക്കം ചെയ്തതല്ലാതെ പാലത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. നഗരത്തിന്റെ ഫർണിച്ചർ വിൽപന കേന്ദ്രമായിരുന്ന ലക്ഷ്മിനട ഇന്നു ഫർണിച്ചർ വ്യാപാരികളുടെ ശവപറമ്പായി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com