ADVERTISEMENT

ആയൂർ ∙ പാചക വാതക സിലിണ്ടറിലെ ട്യൂബ് മുറിഞ്ഞുണ്ടായ ചോർച്ചയെ തുടർന്നു ബേക്കറിയുടെ ബോർമയിൽ തീ പിടിത്തം. സമീപത്തു പാചകത്തിനു വച്ചിരുന്ന ഭക്ഷ്യ എണ്ണയിലേക്കും തീ പടർന്നു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. ആയൂർ ടൗണിലെ സ്റ്റാർ ബേക്കറിയിലാണ് ഇന്നലെ രാവിലെ തീപിടിത്തം ഉണ്ടായത്.

കടയുടെ രണ്ടാം നിലയിലാണ് ബോർമ പ്രവർത്തിക്കുന്നത്. വയറിങ്, ഇലക്ട്രിക് സാധനങ്ങൾ, ക്രിസ്മസ് പ്രമാണിച്ചു കേക്കുകൾ നിർമിക്കാൻ ഇറക്കി വച്ചിരുന്ന ഡ്രൈ ഫ്രൂട്സ് എന്നിവ നശിച്ചു. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ഷൺമുഖൻ പറഞ്ഞു. പലഹാരം ഉണ്ടാക്കുന്നതിനായി രാവിലെ എട്ടരയോടെ ഗ്യാസ് അടുപ്പ് കത്തിച്ചു. ഇതിനു ശേഷം പത്തു മിനിറ്റോളം കഴിഞ്ഞാണ് തീ പിടിച്ചത്. സിലിണ്ടറിൽ നിന്ന് അടുപ്പിലേയ്ക്കുള്ള ട്യൂബ് മുറിഞ്ഞ് ഇതുവഴി പാചക വാതകം ചോരുകയായിരുന്നു. ചൂടേറ്റു റഗുലേറ്റർ ഞെരുങ്ങിപ്പോയതിനാൽ ഇതു ഊരി മാറ്റാൻ കഴിഞ്ഞില്ല.

അപ്പോഴേക്കും തീ ആളിപ്പടർന്നു. ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികൾ താഴേക്കിറങ്ങി രക്ഷപ്പെട്ടു. ചൂടേറ്റ് ബോർമയുടെ മുൻവശത്തെ ചില്ലുകൾ പൊട്ടിത്തെറിച്ചു. എംസി റോഡിനോടു ചേർന്നുള്ള കടയായതിനാൽ യാത്രക്കാരും നാട്ടുകാരും സമീപത്തു തടിച്ചു കൂടി. തീ പടരുന്നതിനിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുമെന്നുള്ള ആശങ്ക ഉണ്ടായിരുന്നതിനാൽ ആരും അടുത്തേക്കു പോയില്ല, കടയ്ക്കൽ, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നു 4 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com