ADVERTISEMENT

കൊല്ലം ∙ അർധരാത്രി 12 ന് ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നു വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭരണാനുകൂല സർവീസ് സംഘടനയിൽപെട്ട ഉദ്യോഗസ്ഥരെ വെള്ളപൂശി മന്ത്രി എം.ബി രാജേഷ് നൽകിയ വിശദീകരണത്തിൽ അപ്പാടെ പൊരുത്തക്കേടുകൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നു വ്യക്തം.

∙ എറണാകുളം, കണ്ണൂർ പിഎസ്‌സി ഓഫിസുകളിലേക്ക് ഒഴിവു റിപ്പോർട്ട് ചെയ്തു മെയിൽ അയയ്ക്കുന്നത് അർധരാത്രി കൃത്യം 12 നാണെന്നു മന്ത്രിക്കു സമ്മതിക്കേണ്ടി വന്നു. duatvpm@gmail.com എന്ന നഗരകാര്യ ഡയറക്ടറുടെ ഐഡിയിൽ നിന്നു മെയിൽ അയച്ചതിനു തെളിവായി മന്ത്രി പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകളിൽ തീയതിയും സമയവും കാണിച്ചിരിക്കുന്നത് 2018 ഏപ്രിൽ ഒന്ന് ‍ഞായർ 12.00 എഎം എന്നാണ്. അർധരാത്രി 12 മണിയായപ്പോൾ സാങ്കേതികമായി അത് അടുത്ത ദിവസമായെന്നു വ്യക്തം. അതും ഞായറാഴ്ച. അതുവരെ കാത്തിരിക്കേണ്ട എന്തു കാര്യമായിരുന്നു ഉദ്യോഗസ്ഥർക്ക് ?

∙ കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള 2 മെയിലുകളും വ്യത്യസ്ത അറ്റാച്ച്മെന്റുകളും (ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള കത്തുകൾ) വ്യത്യസ്ത സബ്ജക്ട് ലൈനുകളും (മെയിലിന്റെ വിഷയം സൂചിപ്പിക്കുന്നത്) ഉള്ളവയാണ്. രണ്ടിടത്തേക്കും വ്യത്യസ്ത അറ്റാച്ച്മെന്റുകളും സബ്ജക്ട് ലൈനുകളും ചേർത്തു കൃത്യം 12 നു തന്നെ അയച്ചുവെന്നതു വിശ്വസനീയമല്ലെന്നു സാങ്കേതിക വിദഗ്ധർ. ഒന്നുകിൽ 2 മെയിലുകളും നേരത്തേ തയാറാക്കി ഡ്രാഫ്റ്റിൽ സേവ് ചെയ്ത ശേഷം 12 മണിക്ക് അയയ്ക്കണം. അല്ലെങ്കിൽ 12 മണിക്ക് ഓട്ടമാറ്റിക് ആയി മെയിൽ പോകാൻ കഴിയുന്ന രീതിയിൽ ഷെഡ്യൂൾഡ് മെയിൽ നേരത്തേ തയാറാക്കി വയ്ക്കണം. ഷെഡ്യൂൾഡ് മെയിൽ ആക്കി വച്ചതാകാമെന്നു വാദിച്ചു സിപിഎം അനുകൂലികൾ രംഗത്തുവന്നിട്ടുണ്ട്. രണ്ടാണെങ്കിലും 12 മണിവരെ വച്ചു താമസിപ്പിച്ചത് ഗുരുതരമായ കൃത്യവിലോപം.

∙ ഉദ്യോഗസ്ഥർ അവധി ദിനങ്ങളിൽ ഓഫിസിലെത്തിയും അർധരാത്രി വരെ ജോലി ചെയ്തും ഒഴിവുകൾ റിപ്പോർട്ട് ചെയ്തുവെന്നു മന്ത്രി. കൊച്ചി കോർപറേഷൻ ഓഫിസിലെ ഒഴിവ് അവിടെ നിന്നു നഗരകാര്യ ഡയറക്ടർ ഓഫിസിൽ അറിയിക്കുന്നത് 2018 മാർച്ച് 28ന്. വേണമെങ്കിൽ അന്നു തന്നെ ഉദ്യോഗസ്ഥർക്ക് ഈ ഒഴിവ് പിഎസ്‌സിയെ അറിയിക്കാമായിരുന്നു. 29നും 30നും പൊതുഅവധി വളരെ നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും 31നു പകൽ പോലും പിഎസ്‌സിയെ അറിയിക്കാതെ അർധരാത്രി വരെ താമസിപ്പിച്ചു.

∙ ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന (എൻജെഡി) ഒഴിവുകളെല്ലാം നിർദിഷ്ട പ്രവേശന സമയം കഴിഞ്ഞയുടൻ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നു സർക്കാർ ഉത്തരവുണ്ട്. കൊച്ചി കോർപറേഷനിൽ നിയമനം ലഭിച്ച സി.യു. ഉണ്ണി രശ്മി എന്ന ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നില്ലെന്നു കോർപറേഷനു കത്തു നൽകി. നിഷ ബാലകൃഷ്ണനു കിട്ടേണ്ട ഈ ഒഴിവ് മാർച്ച് 28 നു നഗരകാര്യ ഡയറക്ടറെ കൊച്ചി കോർപറേഷൻ രേഖാമൂലം അറിയിച്ചു. സർക്കാർ ഉത്തരവ് അനുസരിച്ചാണെങ്കിൽ ഉടൻ അതു പി‌എസ്‌സിയെ അറിയിക്കണം. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ ഈ ഉത്തരവ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എന്തിന് ?

∙ രണ്ടിടത്തേക്കും അയച്ച മെയിലുകളിൽ കണ്ണൂരിലേതു പിഎസ്‌സി പരിഗണിച്ചുവെന്നു മന്ത്രി പറയുന്നു. കണ്ണൂരിൽ പിഎസ്‌സിക്കു മെയിൽ കിട്ടിയ സമയം എത്രയാണെന്നു വ്യക്തമാകണം. നഗരകാര്യ ഡയറക്ടർ ഓഫിസിലെ കംപ്യൂട്ടർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയാലേ ഇതു സാധ്യമാകൂ.

നിഷ മന്ത്രിക്കു നിവേദനം നൽകി

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട ജോലി കിട്ടാൻ നടപടി വേണമെന്നപേക്ഷിച്ചു നിഷ ബാലകൃഷ്ണൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷിനു നിവേദനം നൽകി. കഷ്ടപ്പെട്ടു പഠിച്ച തനിക്കു നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണു ജോലി നഷ്ടപ്പെട്ടതെന്നു നിഷ നിവേദനത്തിൽ പറയുന്നു. 36 വയസ്സ് കഴിഞ്ഞതിനാൽ ഇനി പിഎസ്‌സി പരീക്ഷ എഴുതാനും കഴിയില്ല. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസ് നൽകിയെങ്കിലും 4 സെക്കൻഡിന്റെ വ്യത്യാസത്തിൽ പട്ടികയുടെ കാലാവധി കഴിഞ്ഞുവെന്ന കാരണത്താൽ തള്ളിയെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

‘ഉദ്യോഗസ്ഥന് എതിരെ നടപടി വേണം’

നിഷ ഉൾപ്പെടെ ഉദ്യോഗാർഥികളുടെ ജോലി നഷ്ടപ്പെടുത്താൻ മനഃപൂർവം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും നിഷ ഉൾപ്പെടെയുളള അർഹതയുളള ഉദ്യോഗാർഥികൾക്കു റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ അടിസ്ഥാനത്തിൽ ജോലി നൽകാൻ തയാറാകണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രിക്കു കത്ത് നൽകി. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12 മണിക്കു ശേഷം മാത്രം പിഎസ്‌സി ക്കു റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന്റെ നടപടി വഞ്ചനാപരമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം രാത്രി 12 ന് ഒഴിവു റിപ്പോർട്ട് ചെയ്തു ഉദ്യോഗാർഥിയുടെ അവസരം നഷ്ടപ്പെടുത്തിയ ക്രിമിനലായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു കൃത്യവിലോപവും കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com