ADVERTISEMENT

കൊല്ലം ∙ അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ തലസ്ഥാനത്തെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലെ കൂടുതൽ ജീവനക്കാർക്കു പങ്കെന്നു വിവരം. ഒഴിവ് പിഎസ്‌സിയെ ഇമെയിൽ വഴി അറിയിച്ച അന്നത്തെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്ക് മാത്രമല്ല, അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച ഒട്ടേറെ സർക്കാർ ഉത്തരവുകളാണ് ഉദ്യോഗസ്ഥർ അട്ടിമറിച്ചത്. ക്ലാർക്ക് ഉൾപ്പെടെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായതിനാലാണു സർക്കാർ സംരക്ഷിക്കുന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു.

എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്കിനു പുറമെ ജൂനിയർ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജോയിന്റ് ഡയറക്ടർ, ഡയറക്ടർ തുടങ്ങിയവരിൽ പലരും ഇത്തരം ഫയലുകൾ കാണാറുണ്ട്. 2018 മാർച്ച് 28 ന് ഉച്ചയ്ക്കുമുൻപ് കൊച്ചി കോർപറേഷനിൽ നിന്നു നഗരകാര്യ ഡയറക്ടർ ഓഫിസിൽ അറിയിച്ച ഒഴിവ്, പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നതു റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന 31ന് അർധരാത്രി 12ന് ആണ്. 2 പൊതു അവധി ദിനങ്ങൾ ഇടയ്ക്കു വന്നതിനു പുറമേ സംവരണം ഉൾപ്പെടെ നടപടിക്രമങ്ങൾ പരിശോധിക്കേണ്ടി വന്നതിനാൽ വൈകിയെന്നാണ് ഉദ്യോഗസ്ഥർ മന്ത്രി എം.ബി രാജേഷിനു നൽകിയ റിപ്പോർട്ട്.

എന്നാൽ വരുന്ന ഒഴിവുകൾ പിഎസ്‌സി യ്ക്കു റിപ്പോർട്ട് ചെയ്യുക മാത്രമാണു നഗരകാര്യ ഡയറക്ടറുടെ ഓഫിസിന്റെ ജോലി. സംവരണക്രമവും റാങ്ക് നോക്കി ആരെയാണ് അഡ്വൈസ് ചെയ്യേണ്ടതെന്നും നിശ്ചയിക്കാനുള്ള അധികാരം പിഎസ്‌സിക്കാണ്. റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതു പരിഗണിച്ചു ഉദ്യോഗസ്ഥർ അവധി ദിനങ്ങളിലും ജോലി ചെയ്ത് ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്ന മന്ത്രിയുടെ വാദവും ഇവിടെ പൊളിഞ്ഞു.ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ചു കാലാകാലങ്ങളിൽ സർക്കാർ ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഉണ്ടാകുന്ന ഒഴിവുകൾ ഒട്ടും താമസിയാതെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന 1971ലെ പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിനെത്തുടർന്നുള്ള 1986 ൽ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്, ആവർത്തിച്ചുള്ള ഉത്തരവുകൾ മുഖവിലയ്ക്കെടുക്കാതെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടി 1996 ജൂണിലെയും നവംബറിലെയും ഉദ്യോഗസ്ഥ– ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവുകൾ മുതൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങൾ വരെ മുന്നിലുള്ളപ്പോഴാണു പട്ടികയുടെ കാലാവധി തീരുന്ന നിമിഷം വരെ കാത്തിരുന്ന് ഉദ്യോഗസ്ഥർ നിഷയുടെ കാര്യത്തിൽ ‘ചതി’ കാട്ടിയത്.

നിയമസഹായം ലഭ്യമാക്കും

പിഎസ്‍സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി വരെ ഒഴിവ് റിപ്പോർട്ട്‌ ചെയ്യുന്നതു വൈകിച്ചു നിഷ ബാലകൃഷ്ണന്റെ  ജോലി സാധ്യത ഉദ്യോഗസ്ഥർ ഇല്ലാതാക്കിയ പ്രശ്നത്തിൽ നിഷയ്ക്ക് ആവശ്യമായ എല്ലാ നിയമ സഹായവും നൽകാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി തീരുമാനിച്ചു. നിഷയ്ക്കു വേണ്ടി അഡ്വ.ജോർജ് പൂന്തോട്ടം കോടതിയിൽ ഹാജരാകുമെന്നു കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ അറിയിച്ചു.

ജെബി മേത്തർ വനിതാ കമ്മിഷന് കത്തയച്ചു

നിഷയ്ക്ക് അർഹതപ്പെട്ട തൊഴിൽ നൽകാതെ മനഃപൂർവം മാനസികമായ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീപീഡനക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജെബി മേത്തർ എംപി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിക്കു കത്തു നൽകി. പിൻവാതിൽ നിയമനങ്ങളെക്കുറിച്ചു ‘ കൊടി പിടിച്ചാൽ പണി പടിക്കൽ’ എന്ന പേരിൽ മനോരമ പ്രസിദ്ധീകരിച്ച പരമ്പര ചൂണ്ടിക്കാട്ടിയാണ് എംപിയുടെ കത്ത്.

നിഷയുടെ തൊഴിൽ അവകാശം തട്ടിത്തെറിപ്പിച്ച ഉദ്യോഗസ്ഥർ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്നതു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും ജെബി മേത്തർ കത്തിൽ ചൂണ്ടിക്കാട്ടി.

അർധരാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷയുടെ ഭാവി ഇല്ലാതാക്കിയ ഉദ്യോഗസ്ഥരെ ന്യായീകരിച്ചു ചേർത്തുപിടിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത പിണറായി സർക്കാരിന്റെ 6 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടിന്റെ ബാക്കിപത്രമാണ്. നാട്ടിലെ തൊഴിലവകാശികളായ ചെറുപ്പക്കാരെ ഒറ്റികൊടുത്തും അനർഹരായ വേണ്ടപ്പെട്ടവവരെ ഇല്ലാത്ത വാതിലുകൾ സൃഷ്ടിച്ചു കൈപിടിച്ചു കയറ്റുകയും ചെയ്യുന്ന ‘സോഷ്യലിസ’ത്തിന്റെ പിതൃത്വം പിണറായി സർക്കാരിനു മാത്രം അവകാശപ്പെട്ടതാണ്. സമരം അവകാശമാണെന്നു പ്രസംഗിക്കുന്ന പാർട്ടിയുടെ സർക്കാരിനെതിരെ ആരെങ്കിലും സമരം നടത്തിയാൽ നിഷയുടെ അവസ്ഥയുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com