ADVERTISEMENT

കൊല്ലം ∙ എസ്എൻ കോളജിൽ എഐഎസ്എഫ് പ്രവർത്തകർക്കു നേരിടേണ്ടി വന്നതു ക്രൂരമായ ആക്രമണം. മർദനമേറ്റു നിലത്തു വീണവരെ സംഘം ചേർന്നു ചവിട്ടി. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിക്കയറിയ വിദ്യാർഥിയെ അവിടെ അവിടെ വച്ചും മർദിച്ചു.  രണ്ട് അധ്യാപികമാരാണ് ഈ വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. പൊലീസിന്റെ  മുന്നിലിട്ടു പോലും ക്രൂരമായി മർദിച്ചെങ്കിലും പൊലീസ് നോക്കിനിന്നു.

വനിതാ പൊലീസുകാർ ഇടപെടാൻ ശ്രമിച്ചെങ്കിലും അവരെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി. കോളജിനു മുറ്റത്തു ബെഞ്ചിൽ ഇരുന്ന വിദ്യാർഥികളെ എസ്എഫ്ഐ പ്രവർത്തകരെത്തി  മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ  15 എഐഎസ്എഫ് പ്രവർത്തകർക്കാണു പരുക്കേറ്റത്.

ഇവരിൽ 3 പേരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരുക്കേറ്റവർ: 1. കീർത്തിക് (മൂന്നാം വർഷ ബിഎ മലയാളം), 2. ഓസ്കാർ ( മൂന്നാം വർഷ ബിഎ ഫിലോസഫി), 3. ആകാശ് (മൂന്നാം വർഷ ബിഎ  മാത്സ്), 4. ധനുഷ്, 5.നിയാസ്,  6,ആകാശ് (എല്ലാവരും മൂന്നാം വർഷ ബിഎ ഫിലോസഫി),

7.പ്രിയദർശൻ (ഒന്നാംവർഷ ബിഎ ഇംഗ്ലിഷ്–മലയാളം),  8. അമിത്ത് (രണ്ടാം വർഷ ബിഎ ഇക്കണോമിക്സ്), 9. ജ്യോതിഷ് (രണ്ടാം വർഷ ബിഎ, ഹിസ്റ്ററി), 10. അബി എ.തരകൻ ( മൂന്നാം വർഷ ബിഎ ഇംഗ്ലിഷ്– മലയാളം), 11. ഷിനു (രണ്ടാംവർഷ ബിഎ മലയാളം), 12. പാർഥിപ് (രണ്ടാം വർഷ ബിഎ ഇംഗ്ലിഷ്), 13.സൂരജ് (രണ്ടാം വർഷ പിസിഎ), 14.അനന്തു (രണ്ടാം വർഷ പൊളിറ്റിക്സ്) .15. മണികണ്ഠൻ  (രണ്ടാം വർഷ ബിഎ– പിസിഎ).

എഐഎസ്എഫ് മത്സരിച്ചതാണ് കാരണമെന്ന് പ്രവർത്തകർ

കൊല്ലം∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് മത്സരിച്ചതാണ് ആക്രമണത്തിനു പിന്നിലെന്ന്  മർദനമേറ്റ എഐഎസ്എഫ് പ്രവർത്തകർ ആരോപിച്ചു. ഈ വർഷമാണ് എസ്എൻ കോളജിൽ എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത്.  അന്നുമുതൽ എസ്എഫ്ഐയുടെ ഭീഷണി ഉണ്ടായിരുന്നു. കോളജ് കവാടത്തിനു മുന്നിൽ പതാക ഉയർത്തിയതു പോലും പൊലീസ് സാന്നിധ്യത്തിലായിരുന്നു

കോളജിൽ 128 ക്ലാസ് പ്രതിനിധികളെയാണു തിരഞ്ഞെടുക്കേണ്ടത്. 45 സീറ്റിൽ എഐഎസ്എഫ് സ്ഥാനാർഥികളെ നിർത്തിയെങ്കിലും വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി 24  നാമനിർദേശ പത്രികകൾ പിൻവലിപ്പിച്ചു. 21 സീറ്റിലാണു മത്സരം നടന്നത്. ഇതിൽ 15 സീറ്റിൽ എഐഎസ്എഫ് വിജയിച്ചു. 

എസ്എഫ്ഐ ജനറൽ സീറ്റിലേക്കു പരിഗണിച്ചിരുന്ന സ്ഥാനാർഥി പോലും പരാജയപ്പെട്ടു.  ഈ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ  വിദ്യാർഥിനി ഉൾപ്പെടെ 2 പേരെയാണ് ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗം ജി.ലാലു, ആർ.വിജയകുമാർ എന്നിവർ കോളജിലെത്തിയാണു വിദ്യാർഥിനിയെ മോചിപ്പിച്ചത്.

പിന്നിൽ എസ്എഫ്ഐയിലെ ലഹരി സംഘം: എഐഎസ്എഫ്

‌കൊല്ലം∙എസ്എഫ്ഐയിലെ ലഹരി സംഘവുമായി ബന്ധപ്പെട്ടവരാണ് എസ്എൻ കോളജിലെ എഐഎസ്എഫ് പ്രതിനിധികളെ മർദിച്ചതെന്നും ഇവരുടെ വിവരങ്ങൾ പുറത്തുപറയുമെന്ന ഭീതിയാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും എഐഎസ്എഫ് ജില്ലാ കമ്മിറ്റി. 

ഇടത് അധ്യാപക സംഘടനകളുടെ പിൻബലത്തോടെ എസ്എഫ്ഐയുടെ ക്രിമിനലുകൾക്കു പ്രവർത്തിക്കാനുള്ള ഇടം ആക്കി എസ്എൻ കോളജിനെ മാറ്റുകയാണെന്നും എസ്എഫ്ഐയുടെ ഏക സംഘടനാ വാദം അവസാനിപ്പിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. കോളജിൽ ശക്തമായി ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട്. രാത്രി 12 നു ശേഷവും ഇവർക്കായി കോളജ് തുറന്നു കൊടുത്തിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാനും പരിശോധിക്കാനും മാനേജ്മെന്റ് തയാറാകണം. 

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച 24 എഐഎസ്എഫ് പ്രവർത്തകരുടെയും വീടുകളിൽ എത്തി മാതാപിതാക്കളുടെ മുന്നിൽ വച്ച് മക്കളെ മർദിക്കുമെന്ന് എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ എതിർക്കുന്നവർക്കെതിരെ വ്യാജ പരാതികൾ നൽകുകയും അറ്റൻഡൻസ് വെട്ടുകയും ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. അധ്യാപകർ ഇതിനു കൂട്ടുനിൽക്കുകയാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് അനന്തു എസ്.പോച്ചയിൽ, സെക്രട്ടറി എ.അദിൻ എന്നിവർ പറഞ്ഞു.

‘ജനാധിപത്യ സംവിധാനത്തെ എസ്എഫ്ഐ ഭയപ്പെടുന്നു’

കൊല്ലം∙   ക്യാംപസ് ജനാധിപത്യ സംവിധാനത്തെ എസ്എഫ്ഐ ഭയപ്പെടുന്നതിന്റെ തെളിവാണ് എസ് എൻ കോളജിൽ സംഭവിച്ചതെന്ന് എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ്. കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കർശന നിയമ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി.എസ്.നിധീഷ് സെക്രട്ടറി എസ്.വിനോദ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നു ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ സിപിഐ ഇന്നു പ്രതിഷേധ പ്രകടനം നടത്തും.

ആദ്യം അമ്മമാർക്ക് അധിക്ഷേപം; പിന്നെ കത്തിവീശൽ

എസ്എഫ്ഐ ആക്രമണത്തിൽ പരുക്കേറ്റു ജില്ലാ ആശുപത്രിയിൽ കഴിയുന്ന മൂന്നാം വർഷ ബിരുദ വിദ്യാർഥി ആകാശ് സംഭവം വിവരിക്കുന്നു: കായംകുളം സ്വദേശിയായ ആകാശിന്റെ നേതൃത്വത്തിലാണു കോളജിൽ എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത്.രാവിലെ കോളജിലേക്ക് കയറിയപ്പോൾ തന്നെ ഇന്നു ക്യാംപസ് വിട്ടുപോകില്ലെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. ‍‍‍‍‍

ഞങ്ങൾ മറുപടി പറ‍ഞ്ഞില്ല. ‍‍‍‍ഞങ്ങൾ അഞ്ചാറുപേർ പ്രിൻസിപ്പൽ ഓഫിസിനു മുൻവശത്തെ മുറ്റത്തിരിക്കുകയായിരുന്നു. ചിലർ വന്നു ഞങ്ങൾ എത്രപേരുണ്ടെന്നു നോക്കിയിട്ടു പോയി.പിന്നീട് ഏതാനും എഐഎസ്എഫ് പ്ര‍വർത്തകർ കൂടി ‍ഞങ്ങളുടെ അടുത്തെത്തി. അപ്പോഴും എസ്എഫ്ഐക്കാർ ഞങ്ങൾ എത്ര പേരുണ്ടെന്നു നോക്കി മടങ്ങി.പിന്നാലെ അവർ കുറേപ്പേർ എത്തി.

ആദ്യം ഞങ്ങളുടെ അമ്മമാരെ അധിക്ഷേപിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നു ബ്രാഞ്ച് സെക്രട്ടറിയുടെ നിർദേശം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ക്ഷമിച്ചു.എന്നെയും കീർത്തിക്കിനെയും അടിച്ചു. കത്തിയെടുത്തുവീശി. എന്റെ നെറ്റിയിലും ചെവിയിലും കൊണ്ടു. നെറ്റിയിൽ 6 സ്റ്റിച്ചും ചെവിയിൽ 4 സ്റ്റിച്ചും ഇട്ടു.

കത്തി വീശിയ ശേഷം കുത്താൻ ആഞ്ഞതാണ്. അവരുടെ കൂട്ടത്തിലെ ഒരാൾ കത്തിതട്ടി താഴെയിട്ടു.ഏഴുവർഷമായി എസ്എ‍ൻ കോളജിൽ തിരഞ്ഞെടുപ്പു നടക്കുന്നില്ല. സ്വതന്ത്ര സ്ഥാനാർഥി ആയി പോലും ആർക്കും മത്സരിക്കാൻ കഴിയില്ല.കഴിഞ്ഞ വർഷം ഒരു പെൺകുട്ടി നാമനിർദേശം നൽകി. വീട്ടുകാരെ വച്ചേക്കില്ല എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി

പത്രിക പിൻവലിപ്പിച്ചു. ഇത്തവണ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചു 45 പേർ നാമനിർദേശ പത്രിക നൽകി. എല്ലാവരുടെയും വീട്ടുകാരെ ഭീഷണിപ്പെടുത്തി. 21 പേർ ഒഴികെ നാമനിർദേശ പത്രിക പി‍ൻവലിച്ചു.മത്സരിച്ച 21 പേരിൽ 15 സീറ്റിൽ എഐഎസ്എഫ് വിജയിച്ചു. ജനറൽ സീറ്റിലേക്ക് എസ്എഫ്ഐ പരിഗണിച്ച സ്ഥാനാർഥി പോലും തോറ്റുപോയി. മുൻ കോളജ് യൂണിയൻ ചെയർമാന്റെ നേതൃത്വത്തിൽ പുറത്തു നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ ആയിരുന്നു അക്രമം’.

അക്രമം വൻ പൊലീസ് സന്നാഹത്തിനു മുന്നിൽ’

പാരിപ്പള്ളി∙ ‘പരീക്ഷ കഴിഞ്ഞു ഹാളിൽ നിന്നു താഴെയെത്തിയപ്പോൾ നാൽപതോളം പേർ പാഞ്ഞടുത്തു മാരകമായി ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ മുന്നിലിട്ടാണു ക്രൂരമായി തല്ലിച്ചതച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച അധ്യാപകനും മർദനമേറ്റു, എന്നാൽ പൊലീസുകാർ കാഴ്ചക്കാരായി’– എസ്എഫ്ഐ ആക്രമത്തിൽ തോളെല്ലു തകർന്നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച എഐഎസ്എഫ് പ്രവർത്തകൻ കൊല്ലം ചന്ദനത്തോപ്പ് കല്ലൂർ വീട്ടിൽ അബി എ.തരകൻ പറഞ്ഞു.

എഐഎസ്എഫ് പ്രവർത്തകനായ മൂന്നാം വർഷ ബിരുദ വിദ്യാർഥി അബി എ.തരകൻ ഒരു മണിക്കൂർ മുൻപു കോളജിൽ നടന്ന അക്രമസംഭവം ഒന്നും അറിയാതെയാണു പരീക്ഷയെഴുതി ഹാളിനു പുറത്തിറങ്ങുന്നത്. നേരത്തേ നടന്ന അക്രമം കണക്കിലെടുത്ത്, സുരക്ഷാർഥം പ്രിൻസിപ്പലിന്റെ മുറിയിലേക്കു പോകണമെന്നു നിർദേശിച്ച് ഒരു അധ്യാപകൻ കൂടെ വന്നു.

താഴെ എത്തിയപ്പോഴേക്കും അക്രമികൾ കൂട്ടത്തോടെ പാഞ്ഞടുത്തു. ഇരുമ്പു ഗ്രില്ല് വലിച്ചടച്ച് അക്രമം ഒഴിവാക്കാൻ അധ്യാപകൻ ശ്രമിച്ചെങ്കിലും ചവിട്ടിത്തുറന്നു. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളിമാറ്റി. ആദ്യം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. നിലത്തു വീണപ്പോൾ മുഖത്തും കൈകളിലും മറ്റും ചവിട്ടി. പൊലീസിന്റെ കാൽച്ചുവട്ടിൽ നാൽപതോളം പേർ ചേർന്നാണ് അക്രമം നടത്തിയത്. 

ക്യാംപസിനു പുറത്തേക്കു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുന്നിലെ ഗേറ്റ് അടച്ചു. ഇവിടെ വച്ചു വീണ്ടും ആക്രമണം ഉണ്ടായി, ശിരസ്സ് അടിച്ചുപൊട്ടിച്ചു. വൻ പൊലീസ് സന്നാഹത്തിനു മുന്നിലാണ് ക്രൂരമായ അക്രമം നടന്നത്. അബിയുടെ തോളെല്ല് തകർന്നു. കൈക്കു പൊട്ടൽ സംഭവിച്ചു. ശിരസ്സിൽ മാരക മുറിവേറ്റു. ശരീരം ആസകലം മർദനമേറ്റെന്നും അബി പറഞ്ഞു.

കാരണം പരിശോധിക്കണം: ഡോ. നിഷ ജെ.തറയിൽ.പ്രിൻസിപ്പൽ

എന്താണ് സംഭവിച്ചതെന്ന അറിയില്ല. ശബ്ദം കേട്ട് ഞങ്ങൾ ചെല്ലുമ്പോൾ കുട്ടികൾ പരസ്പരം അക്രമിക്കുന്നതാണ് കണ്ടത്.  എന്താണ് കാരണം എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയം നിരോധിച്ച ക്യാംപസ് ആണ് എസ്എൻ കോളജ്

കോളജിൽ അശാന്തി പടർത്താനുള്ള നീക്കം ചെറുക്കും: എസ്എഫ്ഐ

കൊല്ലം ∙ സമാധാന അന്തരീക്ഷം പുലരുന്ന കൊല്ലം എസ്എൻ കോളജിൽ അശാന്തി പടർത്താനുള്ള ലഹരിമരുന്നു ലോബിയുടെ നീക്കത്തെ വിദ്യാർഥികളും അധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ.വിഷ്ണു, സെക്രട്ടറി ആർ.ഗോപീകൃഷ്ണൻ എന്നിവർ പറഞ്ഞു. ക്യാംപസിലെ വിദ്യാർഥികൾ ദീർഘകാലമായി എസ്എഫ്ഐക്കു പിന്നിലാണ് അണിനിരന്നിട്ടുള്ളത്.

എന്നാൽ, അടുത്തിടെ ലഹരിക്ക് അടിമപ്പെട്ട ഒരു കൂട്ടം വിദ്യാർഥികൾ സംഘം ചേർന്ന് ‘എംസി ഗ്യാങ്’ എന്ന പേരിൽ അക്രമത്തിനു തുനിയുകയാണ്. എസ്എഫ്ഐയുടെ കോളജ് യൂണിയൻ ചെയർമാൻ ഹരിപ്രസാദിനെയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ എസ്എഫ്ഐ നേതാവ് ഗൗരിയെയും ഇവർ‌ കുറച്ചു മാസം മുൻപ് ആക്രമിച്ചു.

എന്നാൽ, കുറ്റക്കാരായ ഈ സംഘത്തെ പല വിദ്യാർഥി സംഘടനകളും അകറ്റിനിർത്തിയിട്ടും എഐഎസ്എഫ് അംഗീകരിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. ഈ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഒറ്റയ്ക്കാണു മത്സരിച്ചു വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്.ഈ ലഹരിമരുന്നു സംഘം ഇന്നലെ കോളജിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും

എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുമെന്ന് ഇവർ വാർട്സാപ്പിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയതായും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നിരന്തരം അച്ചടക്കലംഘനം നടത്തിയും അക്രമം സൃഷ്ടിച്ചും നടക്കുന്ന ഒറ്റപ്പെട്ട വിദ്യാർഥികൾക്ക് എഐഎസ്എഫ് അഭയം നൽകുന്നതു ശരിയായ നിലപാടല്ലെന്നും ഇവർ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com