ADVERTISEMENT

കൊല്ലം ∙ അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കു പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ജോലി നഷ്ടപ്പെട്ട ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ ഇന്നലെ തലസ്ഥാനത്ത് സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു പരാതി നൽകി.‌

കാനം പരാതി മുഖ്യമന്ത്രിക്കു കൈമാറി. എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ 696–ാം റാങ്ക് ആയി ഉൾപ്പെട്ടിരുന്ന തനിക്കു തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണു ജോലി നഷ്ടപ്പെട്ടതെന്നു നിഷ പരാതിയിൽ ആരോപിച്ചു.

കൊച്ചി കോർപറേഷനിൽ നിന്ന് 2018 മാർച്ച് 28 ന് ഉച്ചയ്ക്കു മുൻപ് ഒരു ഒഴിവ് നഗരകാര്യ ഡയറക്ടർ ഓഫിസിൽ ഇ മെയിൽ വഴി അറിയിച്ചിരുന്നു.എന്നാൽ ഈ ഓഫിസിൽ നിന്ന് 31 ന് അർധരാത്രി 12 നാണു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത്. പിഎസ്‌സിയിൽ മെയിൽ കിട്ടിയപ്പോൾ 12.00.04 ആയെന്നാണു രേഖകൾ. 4 സെക്കൻഡ് പിന്നിട്ടതോടെ അടുത്ത ദിവസമായെന്ന സാങ്കേതികത്വം മൂലം തനിക്കു ജോലി നഷ്ടമായെന്നും നിഷ പരാതിപ്പെട്ടു.

മന്ത്രി എം.ബി. രാജേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ, എറണാകുളത്തിനു പുറമേ കണ്ണൂരിലേക്കും 31 ന് 12 ന് ഒഴിവ് റിപ്പോർട്ട് ചെയ്തതായി പറഞ്ഞിരുന്നു. കണ്ണൂരിൽ 31 ന് അവസാനിച്ച റാങ്ക് പട്ടികയിൽ നിന്നു നിയമനം നടത്തിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ 2 ജില്ലകളിൽ 2 നീതിയാണു നടപ്പായത്.

31 ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ പട്ടിക നിലവിൽ വന്നത് ഏപ്രിൽ 2നാണ്. അർഹതപ്പെട്ട ജോലി നൽകാൻ നടപടിയുണ്ടാകണമെന്നും നിഷ പരാതിയിൽ അപേക്ഷിച്ചു.നിഷ ബാലകൃഷ്ണനു നഷ്ടപ്പെട്ട തൊഴിൽ തിരികെ നൽകാൻ നടപടി വേണമെന്നാവശ്യപ്പെട്ടു ഭാരതീയ മനുഷ്യാവകാശ സംഘടന ചെയർമാൻ പി. ബാലചന്ദ്രൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനു പരാതി നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com