എസ്എൻ കോളജ്: എസ്എഫ്ഐക്കാർക്ക് എതിരെ വധശ്രമത്തിനു കേസ്

HIGHLIGHTS
  • 3 പേർ അറസ്റ്റിൽ; സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നു സിപിഐ
എഐഎസ്എഫ് പ്രവർത്തകരെ എസ്എൻ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു സിപിഐ ജില്ലാ കമ്മിറ്റി  നടത്തിയ പ്രകടനം.
എഐഎസ്എഫ് പ്രവർത്തകരെ എസ്എൻ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു സിപിഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം.
SHARE

കൊല്ലം ∙ എസ്എൻ കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ്. 3 പേർ അറസ്റ്റിൽ. എസ്എഫ്ഐ നേതാക്കളായ രണ്ടാം വർഷ ജേണലിസം വിദ്യാർഥി ഗൗതം, മൂന്നാം വർഷ ഫിലോസഫി വിദ്യാർഥി രഞ്ജിത്ത്, മൂന്നാം വർഷ ഹിന്ദി വിദ്യാർഥി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

കൊല്ലം എസ്എൻ കോളജ് മുറ്റത്തു  വിദ്യാർഥി സംഘടനയുടെ കോർണർ. കോളജിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു കൊണ്ടു കോടതി ഉത്തരവ് നിലവിലുണ്ട്.
കൊല്ലം എസ്എൻ കോളജ് മുറ്റത്തു വിദ്യാർഥി സംഘടനയുടെ കോർണർ. കോളജിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു കൊണ്ടു കോടതി ഉത്തരവ് നിലവിലുണ്ട്.

ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. കോളജിൽ എസ്എഫ്ഐ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നും കോളജ് എസ്എഫ്ഐയുടെ ആയുധപ്പുരയായെന്നും ആരോപിച്ചു സിപിഐ ജില്ലാ നേതൃത്വം രംഗത്തുവന്നു.2 ആക്രമണങ്ങളിലായി ഇരുപത്തിയഞ്ചോളം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. കോളജ് മൈതാനത്തു വച്ചു ആക്രമിച്ചതിനും ക്ലാസ് മുറിക്കുള്ളിൽ കയറി മർദിച്ചതിനുമാണ് ഇന്ത്യൻ ശിക്ഷാ നിയമം 308, 307 വകുപ്പുകൾ പ്രകാരം കേസ്.

കൊല്ലം എസ്എൻ കോളജിൽ സംരക്ഷണത്തിന് എത്തിയ പൊലീസിന്റെ വാഹനനിര.
കൊല്ലം എസ്എൻ കോളജിൽ സംരക്ഷണത്തിന് എത്തിയ പൊലീസിന്റെ വാഹനനിര.

അക്രമത്തിൽ തലയ്ക്കു ഗുരുതരമായ പരുക്കേറ്റ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി നിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തലയ്ക്കും തോളിനും പരുക്കേറ്റ അബി എ. തരക‍ൻ, വാരിയെല്ലു പൊട്ടിയ പ്രിയദർശനൻ എന്നിവർ കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. നിയാസിന്റെ തലയോട്ടിക്കു പൊട്ടലുണ്ടെന്ന് എഐഎസ്എഫ് നേതാക്കൾ അറിയിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നു ബുധൻ രാത്രി പറഞ്ഞുവിട്ട ആകാശിനെ മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു വിദ്യാർഥികൾ ആശുപത്രി വിട്ടു.സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഇന്നലെ കോളജ് സന്ദർശിച്ചു. കോളജിന് ഇന്നും അവധി നൽകി.

എസ്എഫ്ഐക്ക് താക്കീതുമായി സിപിഐ

കൊല്ലം∙ എസ്എഫ്ഐക്കു ശക്തമായി താക്കീതുമായി സിപിഐ. സംയമനം അവസാനിപ്പിച്ചെന്നും തെരുവിൽ നേരിടുമെന്നും സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു മുന്നറിയിപ്പു നൽകി. പലിശ സഹിതം തിരിച്ചടിക്കുമെന്നു ആർ. വിജയകുമാറും പറഞ്ഞു. എസ്എൻ കോളജിൽ എഐഎസ്എഫ് പ്രവർത്തകർക്കു നേരെയുണ്ടായ അക്രമത്തിനെതിരെ നടന്ന പ്രതിഷേധ യോഗത്തിലാണു നേതാക്കളുടെ മുന്നറിയിപ്പ്.
പുറത്തു നിന്നെത്തിയ ഗുണ്ടകളാണ് പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികളെ മർദിച്ചതെന്നു ജി.ലാലു പറഞ്ഞു. അക്രമത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നു അദ്ദേഹം പറഞ്ഞു.


കേരളം ഭരിക്കുന്നതു സിപിഎം മാത്രമാണെന്നു ധാരണ വേണ്ടെന്നു ആർ. വിജയകുമാർ പറഞ്ഞു. കേരളത്തിൽ ഫാഷിസ്റ്റ് നിലപാടുള്ളത് എസ്എഫ്ഐയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജ്, എസ്.വിനോദ്കുമാർ, ഹണി ബഞ്ചമിൻ, എ.രാജീവ് എന്നിവർ പ്രസംഗിച്ചു. യോഗത്തിനു മുന്നോടിയായി സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. എം.എൻ. സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം താലൂക്ക് ഓഫിസ് ജംക്‌ഷൻ, ആശുപത്രി റോഡ്. ചാമക്കട, മെയിൻ റോഡ് വഴി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സമാപിച്ചു.

സിപിഎ കൗൺസിലർമാർ വിട്ടുനിന്നു

കൊല്ലം ∙ കോർപറേഷൻ കൗൺസിൽ യോഗത്തിൽ നിന്നു സിപിഐ കൗൺസിലർമാർ വിട്ടുനിന്നു. എഐഎസ്എഫ് പ്രവർത്തകർക്കു എസ്എഫ്ഐ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണു കൗൺസിലർമാർ വിട്ടുനിന്നത്. പാർട്ടി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കൗൺസിലർമാർ പങ്കെടുത്തു.

രാത്രി അജ്ഞാത സംഘങ്ങൾ

കൊല്ലം എസ്എൻ കോളജിൽ  ഓഡിറ്റോറിയത്തിന്റെ വശത്തു കൂടിക്കിടക്കുന്ന മദ്യക്കുപ്പികൾ.
കൊല്ലം എസ്എൻ കോളജിൽ ഓഡിറ്റോറിയത്തിന്റെ വശത്തു കൂടിക്കിടക്കുന്ന മദ്യക്കുപ്പികൾ.

കൊല്ലം∙ എഐഎസ്എഫ് പ്രവർത്തകർക്കു നേരെ എസ്എഫ്ഐ ആക്രമണമുണ്ടായ എസ്എൻ കോളജിൽ രാത്രികാലങ്ങളിൽ അജ്ഞാത സംഘങ്ങൾ തമ്പടിക്കുന്നതായി വിവരം. ഇവരുടെ കൂട്ടത്തിൽ കോളജിലെ തന്നെ വിദ്യാർഥി സംഘങ്ങളും ചേരുമത്രേ. ഇതിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നു. അരാജകത്വം സൃഷ്ടിച്ച് എസ്എൻ കോളജിനെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപണമുണ്ട്. എതിർശബ്ദം ഉയർത്തുന്നവരെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കുകയോ മദ്യവും ലഹരിയും നൽകി വശത്താക്കുകയോ ചെയ്യുന്നിവെന്നാണ് ആരോപണം.


കോളജിൽ നിന്ന് അടുത്തിടെ ടിസി വാങ്ങിപ്പോയത് 250 വിദ്യാർഥികളാണെന്നു കോളജ് അധികൃതർ പറയുന്നു. മാനേജ്മെന്റ് സീറ്റുകൾ വരെ ഒഴിഞ്ഞുകിടക്കുന്നു. വിദ്യാർഥികൾ ടിസി വാങ്ങി പോയതോടെ പിടിഎ ഫണ്ട് ഇനത്തിൽ നൽകിയത് ഉൾപ്പെടെ ഇവർക്കു 10 ലക്ഷത്തോളം രൂപ മടക്കിനൽകേണ്ടി വന്നു. കോളജിന്റെ വികസന പ്രവർത്തനത്തിനു വിനിയോഗിക്കേണ്ട തുകയാണിത്. കോളജിൽ രാത്രികാലത്തു വിദ്യാർഥികൾ തമ്പടിക്കുന്നത് എന്തിനെന്നു കോളജ് അധികൃതർക്കു പോലും അറിയില്ല.

ചോദ്യം ചെയ്താൽ അക്രമം ഉറപ്പാണ്. വിദ്യാർഥി സംഘടനയുടെ ബോർഡും മറ്റു സൂക്ഷിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ ഇരുവശത്തും മദ്യക്കുപ്പികൾ കൂടിക്കിടക്കുകയാണ്.മുറ്റത്തു ടയർ ഇരിപ്പിടം ഒരുക്കി ഒരുകൂട്ടം വിദ്യാർഥികൾ ക്ലാസിൽ കയറാതെ വൈകിട്ടുവരെ തമ്പടിച്ചിരിക്കുകയാണു പതിവ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനു കോളജ് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ചിലർ നേതൃത്വം നൽകി നടത്തുന്ന അക്രമപ്രവർത്തനങ്ങൾ കോളജിന്റെ പ്രവർത്തനത്തെ പിന്നോട്ടടിക്കുകയാണ്. ഫുട്ബോൾ പരിശീലനത്തിനു കോളജ് സ്വന്തം നിലയിൽ പരിശീലകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് നിലവാരം ഉയർത്താൻ കോളജ് ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.


മത്സരിച്ചാൽ വീട്ടിൽ കയറി അടിക്കും!

കൊല്ലം∙ എസ്എൻ കോളജിൽ എഐഎസ്എഫ് പ്രതിനിധിയായി മത്സരിക്കാൻ തീരുമാനിച്ച ഒന്നാം വർഷ വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവ് മൊബൈൽ ഫോണിലൂടെ നൽകുന്ന ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ്:നേതാവ്: അവിടെ(എസ്എൻ കോളജിൽ) നടക്കുന്ന കാര്യം നമുക്കറിയില്ല. അവൻമാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നു നമുക്ക് അറിയില്ല വിദ്യാർഥി: ഇല്ലണ്ണാ. ജയിച്ചാൽ നമ്മൾ വേറെ കാര്യത്തിനൊന്നും പോകില്ല.നേതാവ്: ജയിക്കുന്നതും തോൽക്കുന്നതും അല്ല പ്രശ്നം. ആ ഒരു പാനലിൽ ആളു നിൽക്കുന്നു എന്നു പറയുന്നത് അവിടുത്തെ എസ്എഫ്ഐക്കാർക്കാണു നാണക്കേട്.

വിദ്യാർഥി: എന്താണ്ണാ ഇങ്ങനെയൊരു പാർട്ടി (എഐഎസ്എഫ്) നിൽക്കുന്നതു കൊണ്ടാണോ?

നേതാവ്: എടാ അതു കൊണ്ടല്ല. അവിടെ പാർട്ടിക്കാണു ചുമതല. സിപിഎമ്മാണ് അവിടെ ചുമതലയേറ്റെടുത്തിരിക്കുന്നത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അവിടെ കിടക്കുന്നുണ്ട്. എസ്എഫ്ഐക്കാർക്കു തിരഞ്ഞെടുപ്പിൽ ഒരു ചുമതലയുമില്ല. ഇലക്‌ഷൻ പുറത്തുള്ള സഖാക്കന്മാരെ ഏൽപിച്ചിരിക്കുകയാ. ഇവരാണു നമ്മളെ വിളിച്ചോണ്ടിരിക്കുന്നത്. പറ്റത്തില്ല. അവിടെ നിർത്തിപ്പിക്കരുത്. നിന്റെ വീടുകയറി അടിക്കാനാ അവരു പറയുന്നത്. നിന്നെ അറിയാവുന്നതു കൊണ്ടാണു നിന്നെയൊക്കെ വിളിച്ചു പറയുന്നത്.

വിദ്യാർഥി: എന്താണ്ണാ ഇത്.. വീടുകയറിയൊക്കെ അടിക്കുന്നത്?

നേതാവ്: ങ്.. നിനക്കറിയത്തില്ലേ സ്വഭാവം. ഇപ്പോ ഫസ്റ്റ് ഇയറല്ലേ. ആദ്യമായല്ലേ പാർട്ടിയിലൊക്കെ പ്രവർത്തിക്കുന്നത്? നാട്ടിൽ എസ്എഫ്ഐയിലോ എവൈഎഫ്ഐയിലോ ഒക്കെ പ്രവർത്തിച്ചിരുന്നെങ്കിൽ നിനക്കു വ്യക്തമായി അറിയാൻ പറ്റും. എനിക്കു പറയാനുള്ളതു നിന്റടുത്തു പറഞ്ഞു. നിൽക്കാതിരിക്കുന്നതാണു നിനക്കു നല്ലത്. അല്ലെങ്കിൽ നിന്റെ അവസ്ഥ മോശമായിരിക്കും. ദാ ഇപ്പോഴും അവർ വിളിച്ചതേയുള്ളൂ. നിന്നെ അവർക്കു വിളിക്കാൻ വേണ്ടി നമ്പർ എന്നോടു ചോദിച്ചു കൊണ്ടിരിക്കുകയാ. നിനക്കു തീരുമാനം എടുക്കാം. എന്തായാലും തീരുമാനം പറയണം. എനിക്കവിടെ വിളിച്ചു പറയണം. അല്ലെങ്കിൽ ഞാൻ നാണം കെട്ടുപോകും,.

വിദ്യാർഥി: എന്താണ്ണാ നിന്നാൽ കുഴപ്പം?, നമ്മൾ നിൽക്കുന്നെന്നു വച്ച് എന്താണ് കുഴപ്പം?

നേതാവ്: എഐഎസ്എഫിന്റെ പേരും പറഞ്ഞ് ഒരുത്തൻ നിന്നാൽ ആ നാണക്കേട് ‍‍ഞങ്ങൾക്കാണ്.

വിദ്യാർഥി: വേറെ കാൻഡിഡേറ്റ് ഉണ്ടല്ലോ?

നേതാവ്: എല്ലാരേം വീട്ടിൽ ആളു ചെന്നു. എല്ലാവരുടെയും വീട്ടിൽ ആ പ്രദേശത്തുള്ള പാർട്ടിക്കാർ ചെന്നു. നിന്നെ അറിയാവുന്നതു കൊണ്ടാണു വിളിച്ചത്. അല്ലെങ്കിൽ നിന്റെ വീട്ടിലും വന്നേനെ. നീ എസ്എഫ്ഐക്കു വേണ്ടി പ്രവർത്തിക്ക്. നിനക്ക് സീറ്റ് അവൻമാർ തന്നു വിജയിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകും. അവൻമാർ (എഐഎസ്എഫ്) നിന്നെയൊക്കെ ഇട്ടുകൊടുക്കുകയാണ്. ഇലക്‌ഷന്റെ റിസൽറ്റ് കഴിയുമ്പോൾ അവൻമാർ അവരുടെ പാടു നോക്കി പോകും. അവസാനം നിയൊക്കെയായിരിക്കും അവിടെ കിടന്ന് ഇടികൊള്ളുന്നത്. അതു നീ മനസ്സിലാക്ക്.

‘എങ്കിൽ കോളജിൽ ഇന്നു ചേർന്നിട്ടു തന്നെ കാര്യം’

ബിരുദ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ദിവസം എസ്എൻ കോളജിൽ 23 വയസ്സുള്ള യുവാവ് പ്രവേശനം തേടിയെത്തി. ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ യുവാവിന്റെ പക്കൽ ഇല്ലായിരുന്നു. ഇവ ഇല്ലാതെ പ്രവേശനം നൽകാൻ കഴിയില്ലെന്നു കോളജ് അധികൃതർ അറിയിച്ചു. ‘എങ്കിൽപിന്നെ കോളജിൽ ഇന്നു തന്നെ ചേർന്നിട്ടു തന്നെ കാര്യം’ എന്നായി യുവാവിന്റെ ഭീഷണി. ടിസി ഇല്ലാതെ പ്രവേശനം നൽകാൻ കഴിയില്ലെന്നു പ്രിൻസിപ്പൽ ഉൾപ്പെടെ പറഞ്ഞു.

10 മിനിറ്റു കഴിഞ്ഞപ്പോൾ പാർട്ടി നേതാവിന്റെ വിളിയെത്തി. പ്രിൻസിപ്പൽ ഇ–മെയിൽ നോക്കാൻ നേതാവിന്റെ നിർദേശം. ടിസിയും സ്വഭാവ സർട്ടിഫിക്കറ്റുമില്ലാതെ അന്നു തന്നെ പ്രവേശനം നൽകാൻ യൂണിവേഴ്സിറ്റി അധികൃതരുടെ നിർദേശം മെയിലിൽ എത്തി! പ്രവേശനം നേടുമ്പോൾ വിദ്യാർഥിയുടെ മുഖത്ത് അധ്യാപകരോടുള്ള പരിഹാസം. ഈ വിദ്യാർഥി ക്ലാസിൽ കയറാറില്ല. ഹാജർ തികയാതെ വന്നപ്പോൾ യൂണിവേഴ്സിറ്റി വീണ്ടും രക്ഷകനായി. സർവകലാശാല യൂണിയനുമായി ബന്ധപ്പെട്ടു വിദ്യാർഥി പ്രവർത്തിച്ചിട്ടുണ്ടെന്നും അതു കണക്കാക്കി ഹാജർ നൽകാനുമായിരുന്നു നിർദേശം. ഹാജർ കുറവായ മറ്റു നേതാക്കൾക്കും സർവകലാശാലയിൽ നിന്ന് ഇങ്ങനെ ഹാജർ നൽകും.

വിഡിയോകൾ പ്രചരിക്കുന്നു

കോളജിലെ വിദ്യാർഥി നേതാവ് ലഹരി ഉപയോഗിച്ച് അർധ അബോധാവസ്ഥയിൽ കിടന്ന് അസഭ്യം പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീരദേശത്ത് കടൽഭിത്തിക്കു മുകളിൽ കിടന്നാണ് അസഭ്യം പറയുന്നത്.

പരീക്ഷ അടുക്കുമ്പോൾ നേതാവിന്റെ കയ്യൊടിയും

പരീക്ഷ അടുക്കുമ്പോൾ ഒരു വിദ്യാർഥി നേതാവിന്റെ കയ്യിലെ ‘അസ്ഥി ഒടിയും’. പരീക്ഷ എഴുതാൻ കഴിയില്ലെന്നും സഹായിയെ അനുവദിക്കണമെന്നും കാണിച്ച് അപേക്ഷ നൽകും. ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതമാണു സ്ക്രൈബിനെ അനുവദിക്കാൻ അപേക്ഷ നൽകുന്നത്. ഒരു കൈ സ്വാധീനമില്ലാത്ത ഈ നേതാവ് കഴിഞ്ഞ ദിവസം എഐഎസ്എഫ് പ്രവർത്തകരെ ആക്രമിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS