ADVERTISEMENT

കുളത്തൂപ്പുഴ∙ നൂൽക്ഷാമത്തെ തുടർന്ന് അടച്ചു പൂട്ടിയ പട്ടികവർഗ കൈത്തറി നെയ്ത്തു വ്യവസായ സഹകരണ സംഘത്തിന്റെ 25 ലക്ഷം രൂപയുടെ നവീകരണ പദ്ധതിക്കു പട്ടികവർഗ വികസന വകുപ്പിന്റെ തടസ്സവാദം. വ്യവസായ വകുപ്പ് തയാറാക്കിയ നവീകരണ പദ്ധതി ആവശ്യമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകാത്തതാണു തിരിച്ചടി. 

പദ്ധതിക്കു പച്ചക്കൊടി കാട്ടാൻ പട്ടികവർഗ വികസന വകുപ്പ് ഇനിയും കനിയാത്തതോടെ സംഘത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ പതിനാറേക്കറിലെ സംഘത്തിന്റെ കെട്ടിടവും ഇതിനുള്ളിലെ നെയ്ത്തു തറികളും അടക്കം എല്ലാം നശിച്ചിരുന്നു.

കെട്ടിടം നവീകരിച്ചു കംപ്യൂട്ടർവൽക്കരണം നടത്തി നവീന നെയ്ത്തുതറികളും അനുബന്ധ സാധനങ്ങളും വാങ്ങി സംഘം തുറക്കാനായിരുന്നു മരാമത്ത് വകുപ്പിന്റെ സഹായത്തോടെയുള്ള നവീകരണ പദ്ധതി. ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് അനുമതി നൽകാൻ പട്ടികവർഗ വികസന വകുപ്പ് തയാറായിട്ടില്ല.

2006ൽ സംഘം പ്രവർത്തനത്തിന് സഹായം നൽകിയ ശേഷം പിന്നീടു പട്ടികവർഗ വികസന വകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണു പരാതി. പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകിയാൽ ഉടനെ പദ്ധതി ഫണ്ട് അനുവദിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ മറുപടി. അടച്ചു പൂട്ടിയതോടെ പരിസരം കാടുകയറി ആരും പോകാൻ ഭയക്കുന്ന അവസ്ഥയിലെത്തി.

1989ൽ തുടങ്ങിയ നെയ്ത്തു സംഘത്തിൽ 20 വനിത തൊഴിലാളികളായിരുന്നു ജോലിക്കാർ. അടച്ചു പൂട്ടിയപ്പോൾ ഇവർ മറ്റു തൊഴിലുകളിലേക്കു തിരിഞ്ഞതോടെ സംഘം അനാഥമായി. 20 പേർക്കു നെയ്ത്തു തൊഴിലിൽ പരിശീലനം നൽകാനുള്ള പദ്ധതിയും പെരുവഴിയിൽ തന്നെ.പട്ടികവർഗ വികസന വകുപ്പിന്റേതടക്കമുള്ള സർക്കാർ സ്കൂളുകളിലേക്ക് യൂണിഫോം തുണികൾ സംഘത്തിൽ നിന്നായിരുന്നു നെയ്തെടുത്തിരുന്നത്.

ആവശ്യാനുസരണം തുണികൾ കിട്ടാതായതോടെ പട്ടികവർഗ വികസന വകുപ്പു പോലും സംഘത്തെ തഴഞ്ഞു മറ്റിടങ്ങളെ ആശ്രയിക്കേണ്ടി ഗതികേടിലെത്തി. പരിചയസമ്പന്നതായ തൊഴിലാളികളുടെ അഭാവവും സംഘത്തിന്റെ ഭാവിയെ ഇരുളിലാഴ്ത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com