കൊല്ലം ∙ സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ചില പ്രത്യേക ആവശ്യങ്ങൾക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈൽ ഫോൺ കൊണ്ടുവരാം. സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും അധ്യക്ഷൻ കെ.വി.മനോജ് കുമാർ, ബി.ബബിത, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് നിർദേശിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം നൽകുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിദ്യാർഥിക്കു തിരികെനൽകാനും ഉത്തരവായി