ADVERTISEMENT

കൊല്ലം∙ ജനങ്ങളുടെ ആരോഗ്യം വ്യായാമത്തിലൂടെ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടു ജില്ലയിൽ ആരംഭിച്ച ഓപ്പൺ ജിമ്മുകൾ പലതും കാടു മൂടിയും തുരുമ്പെടുത്തും നശിക്കുന്നു. കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണു പ്രധാന പ്രതിസന്ധി. അതേസമയം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഓപ്പൺ ജിമ്മുകളും ജില്ലയിലുണ്ട്. അഡ്വഞ്ചർ പാർക്കിൽ 2016ൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൽ പ്രഭാത സവാരിക്കാർ മുടങ്ങാതെ വ്യായാമം ചെയ്യാനെത്തും. മിക്ക ഉപകരണങ്ങളും പ്രവർത്തനക്ഷമമാണ്.

പേരയം പഞ്ചായത്തിലെ ഓപ്പൺ ജിംനേഷ്യം

നടന്നത് ഉദ്ഘാടനം മാത്രം‌

2018 ൽ നെടുമ്പന പഞ്ചായത്തിൽ ആരംഭിച്ച ഒ‍ാപ്പൺ ജിംനേഷ്യം ഇന്നു വരെ പ്രവർത്തിച്ചിട്ടില്ല. പഞ്ചായത്ത് സ്റ്റേഡിയത്തോടു ചേർന്നാണ് ഒ‍ാപ്പൺ ജിംനേഷ്യം. തറയോട് പാകി ചുറ്റും ഇരുമ്പു കൊണ്ടുള്ള സംരക്ഷണ വേലികളും കെട്ടിയിട്ടുണ്ട്. എന്നാൽ വ്യായാമം ചെയ്യാൻ ഒരാൾ പോലും ഇവിടെ എത്തിയിട്ടില്ല. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്നാണു കായിക മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നോക്കാനും കാണാനും ആളില്ലാതെ വന്നതോടെ സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇപ്പോഴിവിടം.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കൈരളി ജംക്‌ഷനിലെ ഓപ്പൺ ജിംനേഷ്യം.

കാടു മൂടിയ ജിം

2 വർഷം മുൻപ് പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നഗരസഭ നിർമിച്ച ഓപ്പൺ ജിംനേഷ്യത്തിൽ പുല്ലു വളർന്നു നിൽക്കുന്ന നിലയിലാണ്. ആകെ 11 യൂണിറ്റുകളാണു ജിംനേഷ്യത്തിലുള്ളത്. ലോക്ഡൗണിൽ ജിംനേഷ്യം ആരും ഉപയോഗിക്കാതിരുന്നതോടെ പല ഉപകരണങ്ങളും  നശിച്ചുപോയിരുന്നു. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാതെയാണ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് ആരോപണം.

ക്ലാപ്പന പഞ്ചായത്ത് ഗ്രൗണ്ടിൽ സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യം

ജിമ്മുണ്ട്, ലൈറ്റില്ല

പേരയം നെല്ലിമുക്കത്ത് 2020ലാണ് ഓപ്പൺ ജിം സ്ഥാപിക്കുന്നത്. ലൈറ്റുകൾ സ്ഥാപിക്കാത്തതിനാൽ പുലർച്ചെയും വൈകിട്ടും വരുന്നവർക്കു ജിം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.

തുരുമ്പെടുത്ത് തുടങ്ങി

മൈനാഗപ്പള്ളി പഞ്ചായത്ത് മൈതാനത്തോട് ചേര്‍ന്നു സ്ഥാപിച്ച ഓപ്പണ്‍ ജിംനേഷ്യം.

‌ക്ലാപ്പന പഞ്ചായത്ത് ഗ്രൗണ്ടിൽ സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ മിക്കതും തുരുമ്പെടുത്തു തുടങ്ങി. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ആധുനിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും സർവീസ് നടത്താനും ആളില്ല. പഞ്ചായത്ത് ഗ്രൗണ്ടിലെ തുറസ്സായ സ്ഥലത്തു പ്രവർത്തിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിനു സമീപത്തെ സ്ഥലം ലഹരി മാഫിയ സംഘങ്ങളുടെ പ്രധാന താവളം കൂടിയായി മാറിയതോടെ നാട്ടുകാർക്ക് വരാൻ ഭയമാണ്.

ജിം അവധിയിലാണ്

മൈനാഗപ്പള്ളി പഞ്ചായത്ത് മൈതാനത്തോടു ചേർന്നും ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കൈരളി ജംക്‌ഷനിലും തുറന്ന 2 ജിമ്മുകളും ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. പകുതി മെഷീനുകളും അനങ്ങാറില്ല. തുറസ്സായ സ്ഥലത്തു കാറ്റും മഴയുമേറ്റ് കിടക്കുന്ന മെഷീനുകളിൽ മിക്കവയും തുരുമ്പെടുത്തു നശിക്കുകയാണ്.

മെഷീനുകൾക്കു നിലവാരമില്ലെന്നും ഇവ സ്ഥാപിച്ച അളവുകളും രീതിയും ശാസ്ത്രീയമല്ലെന്നും പരാതി ശക്തമാണ്. മഴവെള്ളം ഇറങ്ങാതിരിക്കാനായി മെഷീനുകളുടെ മുകളിൽ സ്ഥാപിച്ച കപ്പുകൾ നശിച്ചതോടെ പൈപ്പുകളിൽ വെള്ളം കെട്ടിനിന്നാണു മെഷീനുകൾ നശിച്ചതെന്നു നാട്ടുകാർ പറയുന്നു. നിർവഹണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും അറ്റകുറ്റപ്പണി നടത്താൻ തയാറായില്ല. മൈനാഗപ്പള്ളിയിലെ ജിമ്മിൽ രാത്രി വെളിച്ചം ഇല്ലാത്തതിനാൽ ആരും വരാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com