ഉദ്യോഗസ്ഥന്റെ മകളുമായി അടുപ്പം: പൊലീസ് വിട്ടയച്ച യുവാവ് മരിച്ച നിലയിൽ; പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു

HIGHLIGHTS
  • പൊലീസ് പീഡനമെന്ന് ബന്ധുക്കൾ; മൃതദേഹവുമായി ഉപരോധം
 അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ(ഇൻസെറ്റിൽ അശ്വന്ത്)
അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ(ഇൻസെറ്റിൽ അശ്വന്ത്)
SHARE

ചവറ∙ പൊലീസ് ചോദ്യംചെയ്തു വിട്ടയച്ച യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പൊലീസ് പീഡനമാണു മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കൾ മൃതദേഹവുമായി  സ്റ്റേഷൻ ഉപരോധിച്ചു. ചവറ ബ്രിജ് വസന്തവിലാസത്തിൽ പരേതനായ വിജയ് തുളസീധരന്റെയും രമ്യയുടെയും മകൻ അശ്വന്ത് വിജയ് (22) ആണു മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്.  

പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തെന്ന പരാതിയിലാണു വ്യാഴം രാത്രി ഏഴരയോടെ അശ്വന്തിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്.  ചോദ്യംചെയ്യലിനുശേഷം ഒൻപതരയോടെ  സുഹൃത്തിനൊപ്പം വിട്ടയച്ചു. മൊബൈൽഫോൺ വാങ്ങിവച്ചെന്നും സിം കാർഡ് മടക്കിനൽകിയെന്നും  പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അടുപ്പത്തിലായിരുന്നു അശ്വന്ത് എന്നു പറയുന്നു. ഇയാളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതറിഞ്ഞ പെൺകുട്ടി വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തിയിരുന്നെങ്കിലും ഇതറിഞ്ഞു തിരികെപ്പോയി. പെൺകുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. 

അശ്വന്തിന്റെ അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളാണു  മൃതദേഹവുമായി വൈകിട്ട് 3 മണിക്കു ചവറ  സ്റ്റേഷൻ ഉപരോധിച്ചത്. സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നടപടി ഉണ്ടാകാതെ മൃതദേഹം  മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. നടപടിയെടുക്കാമെന്ന്  സുജിത് വിജയൻപിള്ള എംഎൽഎ  ഉറപ്പു നൽകിയതിനെത്തുടർന്നു നാലോടെ ഉപരോധം അവസാനിപ്പിച്ചു.  മുൻമന്ത്രി ഷിബു ബേബിജോണും സ്ഥലത്തെത്തി.  കരുനാഗപ്പള്ളി എസിപി എ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ്  സന്നാഹവും നിലയുറപ്പിച്ചിരുന്നു.

സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പ്രവേശിക്കാനിരിക്കുകയായിരുന്നു അശ്വന്ത്. സംസ്കാരം നടത്തി. സഹോദരൻ: അമരേഷ് വിജയ്.സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനി വിശദീകരണം തേടി. ചവറ പൊലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ കുമാറിനെ കരുനാഗപ്പള്ളി എസിപി ഓഫിസിൽ വിളിച്ചു വരുത്തിയാണ്  വിവരങ്ങൾ തേടിയത്. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഒപ്പം ഉണ്ടായിരുന്നു, 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS