പാരിപ്പള്ളി∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടിവെള്ള ഫിൽറ്ററുകളും ശുചിമുറികളിലെ ക്ലോസറ്റുകളും നിരന്തരം തകർക്കുന്നു. വലിയ തുക മുടക്കി ഒരാഴ്ച മുൻപ് അറ്റകുറ്റപ്പണി നടത്തിയതാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ തകർത്തത്.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഗൂഢ ലക്ഷ്യത്തോടെയാണ് ആക്രമണം.
വാർഡുകൾ, ഒപി തുടങ്ങിയ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്ന 18 ഫിൽറ്ററുകൾ തകർത്തു. രോഗികളും മറ്റും കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഫിൽറ്ററുകളിലേക്കുള്ള പൈപ്പ് ലൈൻ മുറിച്ചു മാറ്റുകയായിരുന്നു. നേരത്തെയും സമാനരീതിയിൽ കേടുപാടു വരുത്തിയതിനാൽ ഒരാഴ്ച മുൻപ് 55,000 രൂപ ചെലവഴിച്ചാണ് ഇവ പ്രവർത്തന സജ്ജമാക്കിയത്. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം.
ഇതിനു പുറമേ എട്ട്, ഒൻപത് മെഡിക്കൽ വാർഡുകളിലെ ശുചിമുറികളിലെ ക്ലോസറ്റുകൾ അടിച്ചു പൊട്ടിച്ചു. ഫ്ലഷ് ടാങ്കുകളും മറ്റും തകർത്തു. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിക്കു സമീപം ശബ്ദം കേട്ട് കൂട്ടിരിപ്പുകാർ എത്തിയപ്പോൾ രണ്ടു പേർ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ ചെലവഴിച്ചു ഒരാഴ്ച മുൻപാണ് ശുചിമുറികളുടെ അറ്റകുറ്റപ്പണി നടത്തിയത്. ഇവിടെ ശുചിമുറിയിലെ പൈപ്പുകളും തകർത്തിരുന്നു.ആശുപത്രിയിൽ സിസി ടിവി സംവിധാനം ഇല്ലാത്തത് അക്രമികൾക്ക് സൗകര്യമാണ്. അധികൃതർ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.