പുനലൂർ ∙ മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ നഗരസഭാധ്യക്ഷ നിമ്മി ഏബ്രഹാം തൽസ്ഥാനം രാജിവച്ച ഒഴിവിലേക്കു തിരഞ്ഞെടുപ്പ് 30നു 11നു കൗൺസിൽ ഹാളിൽ നടക്കും. സിപിഐയിലെ ബി.സുജാത അധ്യക്ഷയാകാനാണു സാധ്യത. ഇന്നു ചേരുന്ന സിപിഐ മണ്ഡലം കമ്മിറ്റി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. വരണാധികാരി പുനലൂർ ടിംബർ സെയിൽസ് ഡിഎഫ്ഒ കോശിജോൺ വരണാധികാരിയാകും.
എൽഡിഎഫ് ഭരണമുള്ള നഗരസഭയിൽ മുന്നണി ധാരണ പ്രകാരം അടുത്ത ഒരു വർഷത്തേക്ക് അധ്യക്ഷ സ്ഥാനം സിപിഐക്ക് ആണ് ലഭിക്കുന്നത്.ഉപാധ്യക്ഷൻ സ്ഥാനം അടുത്ത രണ്ടു വർഷത്തേക്കു സിപിഎമ്മിന് ലഭിക്കും. നിലവിൽ സിപിഐയുടെ ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ അടുത്തു തന്നെ സ്ഥാനം ഒഴിയും. 35 അംഗ കൗൺസിലിൽ എൽഡിഎഫിന് 21, യുഡിഎഫിന് 14 അംഗങ്ങളുമുണ്ട്. കഴിഞ്ഞ മൂന്നു തവണയായി ആരംപുന്ന വാർഡിൽ നിന്നു വിജയിച്ച സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ സ്ഥിരസമിതി അധ്യക്ഷയുമായ ബി.സുജാതയെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുന്നതെന്നാണ് അറിയുന്നത്.
മൂന്നു വനിതകളാണ് സിപിഐയ്ക്ക് ഉള്ളത്. ഇതിൽ സീനിയർ ബി.സുജാതയാണ്. യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാർഥി ആരാണെന്നു തീരുമാനമായില്ല.