പാളത്തിലൂടെ വന്നു, വൻ ‘സന്നാഹം’; ഭാരം: 1321ടൺ, ദൂരം: 3211 കിമീ., ചെലവ്: 45 ലക്ഷം

HIGHLIGHTS
  • ഭാരം: 1321ടൺ, ദൂരം: 3211 കിമീ., ചെലവ്: 45 ലക്ഷം
  • റോഡ് മാർഗം എത്തിച്ചിരുന്നെങ്കിൽ ചെലവ് 2 കോടി
  പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിൽ ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന റോഡിനായി ടോറസ് ലോറികളും യന്ത്രസാമഗ്രികളും റെയിൽവേ ഫ്ലാറ്റ് ഗുഡ്സ് വാഗണുകളിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.   													ചിത്രം: മനോരമ
പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിൽ ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന റോഡിനായി ടോറസ് ലോറികളും യന്ത്രസാമഗ്രികളും റെയിൽവേ ഫ്ലാറ്റ് ഗുഡ്സ് വാഗണുകളിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

കൊല്ലം∙ പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ റോഡ് നിർമാണത്തിനായി 30 ടോറസ് ലോറികളടക്കം അറുപതിലേറെ വാഹനങ്ങളും യന്ത്രസാമഗ്രികളും റെയിൽവേ ഫ്ലാറ്റ് ഗുഡ്സ് വാഗണുകളിൽ കൊല്ലത്ത് എത്തി. സൈനിക ആവശ്യങ്ങൾക്കും ചരക്ക് നീക്കത്തിനുമല്ലാതെ കേരളത്തിൽ ആദ്യമായാണ് ഫ്ലാറ്റ് ഗുഡ്സ് വാഗണുകൾ ഉപയോഗിച്ചു വാഹനങ്ങൾ റെയിൽ മാർഗം എത്തിക്കുന്നത്. 19 ന് ചണ്ഡിഗഡിൽ (ഹരിയാന) നിന്ന് വാഹനങ്ങളുമായി പുറപ്പെട്ട ഗുഡ്സ് ട്രെയിൻ ഇന്നലെ രാവിലെ 11 ന് കൊല്ലത്ത് എത്തി.

പത്തനാപുരം, ചടയമംഗലം നിയോജക മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കിഫ്ബി സഹായത്തോടെ നിർമിക്കുന്ന റോഡുകളുടെ നിർമാണത്തിന് കരാറെടുത്തിരിക്കുന്ന ചണ്ഡിഗഡ് ആസ്ഥാനമായ എൽഎസ്ആർ ഇൻഫ്രാ കോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനങ്ങളാണ് റെയിൽ മാർഗം എത്തിയത്. വാഹനങ്ങളും യന്ത്ര സാമഗ്രികളുമടക്കം 1321 ടൺ ഭാരം 3211 കിലോമീറ്റർ ദൂരം കൊണ്ടുവരാൻ 45 ലക്ഷം രൂപയാണ് റെയിൽവേ നിരക്ക് ഈടാക്കിയത്. റോഡ് മാർഗം എത്തിച്ചാൽ‌ 2 കോടിയോളം രൂപ ചെലവും ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും റെയിൽവേ ചരക്ക് നീക്കത്തിലൂടെ ഒഴിവാക്കാൻ കഴിഞ്ഞു.

റോഡ് നിർമാണം ആധുനിക സാങ്കേതികവിദ്യയിൽ

കെആർഎഫ്ബി മേൽനോട്ടത്തിൽ ഫുൾ ഡെപ്ത്ത് റെക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യയിൽ സംസ്ഥാനത്തെ ആദ്യ റോഡുകളുടെ നിർമാണമാണ് പത്തനാപുരം, ചടയമംഗലം നിയോജകമണ്ഡലങ്ങളിൽ ആരംഭിക്കാൻ പോകുന്നത്. രണ്ട് മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലുമായി 200 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് എൽഎസ്ആർ ഇൻഫ്രാകോൺ നടപ്പിലാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ റോഡ് നിർമാണത്തിനായി ഉപയോഗിക്കുന്ന ബിഎം ആൻഡ് ബിസി അടക്കമുള്ള സാങ്കേതിക വിദ്യകളേക്കാൾ പണച്ചെലവ് ചെലവ് കുറവും പരിസ്ഥിതി സൗഹൃദമായ നിർമാണ രീതിയാണ് എഫ്ഡിആർ. റോഡുകളുടെ പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ.

നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആർ സാങ്കേതികവിദ്യ. മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ 4 അടുക്കുകളായി 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചെലവും ഇതിലൂടെ കുറയ്ക്കാനാകും. മറ്റ് റോഡുകളെ അപേക്ഷിച്ചു കൂടുതൽ കാലം നിലനിൽക്കുമെന്നതും എഫ്ഡിആർ സാങ്കേതിക വിദ്യയുടെ മേന്മയാണ്. 

കൊല്ലം റെയിൽവേ സ്റ്റേഷന് അനന്ത സാധ്യതകൾ

ദേശീയപാത വികസനവും ഗ്രീൻഫീൽഡ് ഹൈവേയും അടക്കം ഒട്ടേറെ റോഡ് വികസനങ്ങൾ ജില്ലയിൽ നടക്കാനിരിക്കെ റെയിൽ മാർഗം യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കുന്നത് പദ്ധതിച്ചെലവു കുറയ്ക്കും. ദേശീയപാതയോട് 100 മീറ്റർ മാത്രം അകലമുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ ചരക്ക് നീക്കത്തിന് തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS