ചവറ ∙ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വഞ്ചിവീട് കത്തി നശിച്ചു. യാത്രക്കാരും തൊഴിലാളികളും രക്ഷപ്പെട്ടു. ജർമനിയിൽ നിന്നെത്തിയ ആൻഡ്രിയാസ് (62), മകൻ വാലന്റൈൻ (24) ആൻഡ്രിയാസിന്റെ സുഹൃത്ത് റിച്ചാർഡ് (67) എന്നീ സഞ്ചാരികളും വഞ്ചിവീടിന്റെ ഉടമ ആലപ്പുഴ കളർകോട് എസ്ഡി കോളജ് കുറവപ്പാടം ചിറയിൽ ജോജിമോൻ തോമസ്, തൊഴിലാളികളായ അമ്പലപ്പുഴ സ്വദേശി ജോമോൻ ജോസഫ്, മണ്ണഞ്ചേരി പനയിൽ വീട്ടിൽ താജുദ്ദീൻ എന്നിവരാണ് വഞ്ചിവീട്ടിൽ ഉണ്ടായിരുന്നത്.
കൊല്ലം–ആലപ്പുഴ ദേശീയജലപാതയിൽ ഇന്നലെ വൈകിട്ട് 5നു ചവറ പന്മന കന്നിട്ടക്കടവിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്നു വഞ്ചിവീട്. വട്ടക്കായലിൽ നിന്നു ടിഎസ് കനാലിലേക്ക് പ്രവേശിച്ച് കന്നിട്ടക്കടവിലേക്ക് എത്തുന്നതിനിടെ പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു.

പുക ഉയരുന്നതു കണ്ട് പരിഭ്രാന്തരായി വിദേശികൾ വെള്ളത്തിലേക്ക് ചാടി. സമീപത്തെ കൊട്ടാരത്തിൻ കടവിലുണ്ടായിരുന്ന വള്ളക്കാരെത്തി ഇവരെയും വഞ്ചിവീട്ടിലെ തൊഴിലാളികളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അപ്പോഴേക്കും വഞ്ചിവീട്ടിൽ തീ ആളിപ്പടർന്നിരുന്നു. ചവറ, കരുനാഗപ്പള്ളി, കൊല്ലം, കെഎംഎംഎൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി ഏറെ നേരം പണിപ്പെട്ടാണ് തീ കെടുത്തിയത്.

വഞ്ചി വീട് പൂർണമായും കത്തി നശിച്ചെങ്കിലും യാത്രക്കാരുടെ വസ്ത്രങ്ങളും പാസ്പോർട്ട് അടക്കമുള്ള രേഖകളും സംരക്ഷിക്കാനായി. രാവിലെ 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ടതായിരുന്നു. ടിഎസ് കനാലിൽ നിറഞ്ഞു കിടക്കുന്ന കുളവാഴയിൽ മുന്നോട്ട് നീങ്ങാൻ പ്രയാസമായതിനെത്തുടർന്ന് എൻജിൻ ചൂടായി കത്തുകയായിരുന്നുവെന്നാണ് തൊഴിലാളിയും ഉടമയും പറയുന്നത്.
കൊല്ലത്ത് ഇറങ്ങിയ ശേഷം റോഡ് മാർഗം വർക്കലയിലേക്കു പോകാനാണ് സഞ്ചാരികളെത്തിയത്. രക്ഷാപ്രവർത്തനത്തിന് ജനപ്രതിനിധികളടക്കം നാട്ടുകാർ സ്ഥലത്ത് സജീവമായി. 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.