ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ നീർപ്പക്ഷികളുടെ എണ്ണത്തിൽ 29% വർധന. ഇനങ്ങളുടെ എണ്ണം 25% ഉയർന്നു. 69 ഇനങ്ങളിൽപെട്ട 7592 പക്ഷികളെ കണ്ടെത്തി. 2021ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന. കോവിഡ് കാരണം കഴിഞ്ഞ വർഷം കാര്യമായ സെൻസസ് നടന്നില്ല.

2021ൽ 55 ഇനങ്ങളിലായി 5879 പക്ഷികളാണ് ഉണ്ടായിരുന്നത്. സംസ്ഥാന വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗവും ഡബ്ല്യുഡബ്ല്യുഎഫ്– ഇന്ത്യയും കൊല്ലം ബേഡിങ് ബറ്റാലിയനും ചേർന്നു ചാത്തന്നൂർ–ചിറക്കര പഞ്ചായത്തുകളിൽ ഉൾപ്പെട്ട പോളച്ചിറയിലും മറ്റു നീർത്തടങ്ങളിലുമായി 40 പേർ അടങ്ങുന്ന 10 ടീം നടത്തിയ സർവേയിലാണ് പക്ഷികളുടെ എണ്ണത്തിലും ഇനങ്ങളിലും കാര്യമായ വർധന കണ്ടെത്തിയത്. ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിന്റെ ഭാഗമായാണ് ഇത്.

Read also: ‘അബൂ... നീ എവിടെ ? കൂടുതുറന്നു പുറത്തുപോയ ആഫ്രിക്കൻ ഗ്രേ പാരറ്റിനെ തേടി അഖിലും കൂട്ടുകാരും

തണ്ണീർത്തടങ്ങളിലെ ആവാസ വ്യവസ്ഥയിൽ പക്ഷി നിരീക്ഷകർ ആശങ്ക അറിയിച്ചു. പോളച്ചിറയും അഴീക്കൽ അഴിമുഖവും ഒഴികെയുള്ള 9 തണ്ണീർത്തടങ്ങൾ മനുഷ്യ ഇടപെടൽ മൂലം ഗുരുതരമായ ഭീഷണി നേരിടുന്നു. കൊല്ലം കണ്ടച്ചിറ, കാരാളി ചതുപ്പ് എന്നിവ ഭൂവിനിയോഗ മാറ്റങ്ങൾ മൂലം തണ്ണീർത്തടങ്ങളും ആവാസവ്യവസ്ഥയും ആത്യന്തിക നാശത്തിലേക്ക് നീങ്ങുകയാണ്. പോളച്ചിറ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൊണ്ടു മലിനമാണ്. ജില്ലയിൽ കൂടുതൽ പക്ഷികൾ പോളച്ചിറയിലാണ്.

പോളച്ചിറ

1300ൽ അധികം ചൂളൻ എരണ്ടകൾ, 100 വരി എരണ്ടകൾ, 250 പച്ച എരണ്ടകൾ, 100 ചെറിയ നീർ കാക്കകൾ തുടങ്ങി 37 ഇനങ്ങളിൽ 2188 നീർപക്ഷികൾ.

ചിറ്റുമല ദേവി ക്ഷേത്രത്തിന് സമീപത്തെ ചിറ

200 ചൂളൻ എരണ്ടകൾ, 250 നീർകാക്ക, 130 നീലക്കോഴി, 450 വയൽക്കോതി കത്രികകൾ തുടങ്ങി 32 ഇനങ്ങളിൽ 1244 നീർപക്ഷികൾ.

 അഴീക്കൽ കടപ്പുറവും സമീപമുള്ള തുറമുഖവും

430 ചിന്നമുണ്ടി. 300 കൃഷ്ണപ്പരുന്ത്, 120 കിന്നരി നീർക്കാക്ക, 34 പച്ചക്കാലി, ദേശാടകരായ 32 വലിയ കടലാളകൾ, 68 ചെറിയ കടലാളകൾ, 38 കരിയാളകൾ തുടങ്ങി 1000ൽ പരം പക്ഷികൾ.

വെള്ളനാതുരുത്ത്

60 മംഗോളിയൻ മണൽക്കോഴികൾ, 30 വലിയ കടാലളകൾ, 75 തിരക്കാടകൾ, 5 വലിയ മണൽക്കോഴികൾ.ചീലൂർ തടാകം, അഷ്ടമുടി–മൺറോത്തുരുത്ത്, പരവൂർ പൊഴിക്കര, കാപ്പിൽ നീർത്തടങ്ങൾ പക്ഷിനിരീക്ഷകരെ നിരാശപ്പെടുത്തി. മൺറോത്തുരുത്തിൽ 14 പാതിരാ കൊക്കുകളെ കണ്ടെത്തി.

ഡോ. നിർമൽ ജോർജ് പക്ഷിനിരീക്ഷകൻ (അസോഷ്യേറ്റ് പ്രഫസർ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്): 

ആശ്ചര്യകരമെന്നു പറയട്ടെ, പോളച്ചിറയിൽ സർവേ ആരംഭിച്ചപ്പോൾ തന്നെ അൻപതോളം ചൂളൻ എരണ്ടകൾ പറന്നിറങ്ങി. ചെറുതും വലുതുമായ പലകൂട്ടങ്ങളായി ധാരാളം എരണ്ടകളെ കാണാനായി. ഇത്രയധികം എരണ്ടകളെ ആദ്യമായാണ് കണ്ടത്. മരങ്ങളിൽ ചിറകുവരിച്ചു വെയിൽ കായുകയായിരുന്ന ചേരക്കോഴി, നീർകാക്ക എന്നിവയുടെ കൂട്ടങ്ങൾ, നീർത്തടങ്ങൾ ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ടത് ആവാസ വ്യവസ്ഥയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com