ADVERTISEMENT

കൊല്ലം∙ ജില്ലയ്ക്കു പുതിയ പദ്ധതികൾ ഇല്ലാതെ കേന്ദ്ര ബജറ്റ്. വർഷങ്ങളായി ഗുരുതര പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്കു പുനരുജ്ജീവന പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കയർ, കൈത്തറി എന്നീ പരമ്പരാഗത മേഖലയ്ക്കും പ്രത്യേക പുനരുജ്ജീവന പദ്ധതികൾ ഇല്ല.   അതേ സമയം മത്സ്യമേഖലയ്ക്കു വകയിരുത്തിയ 6,000 കോടി രൂപയ്ക്കുള്ള പദ്ധതികൾ തീരദേശ മേഖലയ്ക്കു നേട്ടമാകും എന്നു വിലയിരുത്തുന്നു.

റബറിന്റെ ഇറക്കുമതി തീരുവ പത്തിൽ നിന്നു 15% ആയി ഉയർത്തിയത് റബർ കർഷകർക്കു പ്രയോജമാകും. റെയിൽവേയ്ക്കു  വകയിരുത്തിയിട്ടുള്ള 2.4 ലക്ഷം കോടി രൂപയുടെ പദ്ധതികളിലും ജില്ലയ്ക്ക് ഇടം ലഭിക്കും. ദേശീയപാത വികസനത്തിനു വകയിരുത്തിയിട്ടുള്ള ഫണ്ടിൽ  ജില്ലയ്ക്കു വിഹിതം ഉണ്ടാകും. ബജറ്റിന്റെ വിശദാംശങ്ങൾ ലഭിച്ചെങ്കിലേ ഇവ സംബന്ധിച്ചു വ്യക്തത വരുകയുള്ളൂ. 

മിനുസമുള്ള നുണ: കൊടിക്കുന്നിൽ സുരേഷ്

കൊല്ലം ∙ ജനങ്ങളെ കബളിപ്പിക്കാൻ മെനഞ്ഞെടുത്ത 'മിനുസമുള്ള നുണ' മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. മധ്യവർഗ ജനവിഭാഗത്തെ ഇത്രയധികം കബളിപ്പിച്ച ഒരു ബജറ്റ് നാളിതുവരെ അവതരിപ്പിച്ചിട്ടില്ല. ആദായ നികുതി പഴയ അടിസ്ഥാന കിഴിവിൽ കേവലം 50000 രൂപയ്ക്കു കൂടി മാത്രം നികുതി ഒഴിവ് നൽകി രണ്ടര ലക്ഷം എന്നതു 3 ലക്ഷം ആക്കി. അതേസമയം അതിസമ്പന്ന വിഭാഗങ്ങൾക്കു സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുറച്ചു. അതിസമ്പന്നരുടെ അമൃതകാലം ഉറപ്പു വരുത്തുകയാണു മോദി സർക്കാർ  ചെയ്യുന്നതെന്നു കൊടിക്കുന്നിൽ ആരോപിച്ചു. 

ശത്രുതാ മനോഭാവമാണു കേരളത്തോടുള്ളത്  സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമായ എയിംസ് ആശുപത്രി, കശുവണ്ടി മേഖലയിലെ നവീകരണത്തിനു പാക്കേജ്, തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, ക്ഷേമ പദ്ധതികളിലെ കേന്ദ്ര വിഹിത വർധന, കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയവർക്കു പുനരധിവാസ പാക്കേജ് എന്നിവ പരിഗണിച്ചിട്ടില്ല. പ്രധാനമന്ത്രി കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചതു കർഷകരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎംഎംഎലിന് ആശ്വാസം: എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം ∙ ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനമായി നിലനിർത്തിയതു കെഎംഎംഎലിന് ആശ്വാസമാണെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി. സമാന സ്വഭാവമുള്ള ഇരുപതോളം ഇനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കുറച്ചെങ്കിലും ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി ചുങ്കം നിലനിർത്തുകയായിരുന്നു. കെഎംഎംഎലിനെ സംബന്ധിച്ചു ബജറ്റിനു മുൻപു മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമാണ് ഇറക്കുമതിച്ചുങ്കം നിലനിർത്താൻ കാരണം

സാധാരണക്കാരെ അവഗണിച്ച ബജറ്റ്: ജി.ദേവരാജൻ

കൊല്ലം ∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് സാധാരണക്കാരെ അവഗണിച്ച ബജറ്റ് ആണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അട്ടിമറിക്കുന്ന വിലക്കയറ്റം തടയാൻ ബജറ്റിൽ നിർദേശമൊന്നുമില്ല. തൊഴിലുറപ്പു പദ്ധതിയെ പൂർണമായും അവഗണിച്ച ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം 2.64 ശതമാനത്തിൽ നിന്നു 2.5 ശതമാനമായി വെട്ടിക്കുറച്ചു. ആരോഗ്യ മേഖലയ്ക്കു മുൻപുണ്ടായിരുന്ന 2.2 ശതമാനം വിഹിതം 1.98 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച എല്ലാവർക്കും വീട്, പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും, എല്ലാ ട്രെയിനിലും ബയോ-ടോയ്‌ലറ്റുകൾ, ആളില്ല റെയിൽവേ ക്രോസുകൾ ഒഴിവാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ ജലരേഖകളായി മാറി. കോവിഡ്, നോട്ടുനിരോധനം, ജിഎസ്ടി നടപ്പിലാക്കൽ എന്നിവ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനും അതുവഴി ദുരിതത്തിലായ അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുമുള്ള നിർദേശമൊന്നും ബജറ്റിലില്ലെന്നും ദേവരാജൻ കുറ്റപ്പെടുത്തി.

ബജറ്റ്: പ്രതിഷേധാർഹമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി 

കേന്ദ്ര ബജറ്റിൽ വ്യാപാരി സമൂഹത്തിന് ആശ്വാസകരമായ നിർദേശങ്ങളൊന്നും ഉൾക്കൊള്ളിക്കാത്തതു പ്രതിഷേധാർഹമാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കോടിക്കണക്കിനു രൂപ ജിഎസ്ടി ഇനത്തിൽ അടയ്ക്കുന്ന വ്യാപാരി സമൂഹത്തിലെ പ്രത്യേകിച്ചു ചെറുകിട ഇടത്തരം വ്യാപാരികൾ ജിഎസ്ടി നിയമത്തിന്റെ കുരുക്കിൽപെട്ട് ഉഴലുകയാണ്. ഇവർക്ക് ആശ്വാസം നൽകുന്ന ഒരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ബജറ്റിന്റെ തുടർ ചർച്ചാ വേളയിൽ ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജു അപ്സര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com