കരുനാഗപ്പള്ളി ∙ ഏകദേശം ഒരു കോടിയോളം രൂപ വില വരുന്ന അനധികൃത പുകയില ഉൽപന്നങ്ങളുമായി വന്ന 2 ലോറികൾ പിടിച്ചെടുത്ത സംഭവത്തിലെ ഒരു ലോറി ജാമ്യത്തിൽ വിട്ടുകൊടുത്തു. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലറും സിപിഎം നേതാവുമായിരുന്ന ആലപ്പുഴ ചാത്തനാട് ചാവടിപ്പറമ്പിൽ എ. ഷാനവാസിന്റെ ലോറിയാണു ജാമ്യത്തിൽ വിട്ടത്. ഇതിനൊപ്പം പിടികൂടിയ ആലപ്പുഴ സ്വദേശി എൻ.അൻസാറിന്റെ ലോറിയും പിക്കപ് വാനും സ്റ്റേഷൻ വളപ്പിൽ തന്നെ കിടപ്പുണ്ട്.
സിപിഎം നേതാവ് എ.ഷാനവാസിന്റെ ലോറി ജയനെന്ന ആളിനു വാടകയ്ക്കു കൊടുത്തിരുന്നതായുള്ള വാഹനക്കരാർ തെളിവായി ഉണ്ടായതിനാലാണു ഷാനവാസിനെ സംഭവത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്നു പൊലീസ് പറയുന്നു. വാഹനക്കരാറും കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു. ഷാനവാസിനെ ഒഴിവാക്കി ഇതോടൊപ്പം പിടികൂടിയ രണ്ടാമത്തെ ലോറിയുടെ ഉടമയായ എൻ.അൻസാറിനെ ആറാം പ്രതിയായും, ഷാനവാസ് ലോറി വാടകയ്ക്ക് കൊടുത്തുവെന്നു പറയുന്ന ജയനെ അഞ്ചാം പ്രതിയായുമാണു കേസിൽ ഉൾപ്പെടുത്തിയത്.
ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇതിൽ ഒരാൾ ജാമ്യത്തിനായി ഹൈക്കോടതിയെയും മറ്റൊരാൾ കൊല്ലം സെക്കൻഡ് ക്ലാസ് കോടതിയെയും സമീപിച്ചിട്ടുണ്ടെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ മറ്റ് 4 പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരി 8നു പുലർച്ചെയാണു 2 ലോറികളിലായി കരുനാഗപ്പള്ളിയിലേക്കു കൊണ്ടു വന്ന 1,27,410 പാക്കറ്റ് വിവിധ പേരുകളിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ലോറിയിൽ സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു പുകയില ഉൽപന്നങ്ങൾ കൊണ്ടു വന്നത്. അന്നു തന്നെ നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 ലോറികളും, ഉൽപന്നങ്ങൾ ഇറക്കാനായി കൊണ്ടു വന്ന പിക്കപ് വാനും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ലഹരിക്കേസ്: സിപിഎം നഗരസഭാംഗത്തിന് പങ്കുണ്ടെന്ന് തെളിവില്ലെന്ന് മന്ത്രി രാജേഷ്
തിരുവനന്തപുരം∙ കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചത് ആലപ്പുഴയിലെ സിപിഎം നഗരസഭാംഗം വാടകയ്ക്കു നൽകിയ വാഹനത്തിൽ ആണെങ്കിലും സംഭവത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നു തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. അന്വേഷണം നടക്കുകയാണ്. വാഹന ഉടമയെ പ്രതിയാക്കാനുള്ള തെളിവു ലഭിച്ചിട്ടില്ല. ലഭിച്ചാൽ പ്രതിയാക്കും. ജാഗ്രതക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ട്.
മട്ടന്നൂരിൽ മുസ്‍ലിംലീഗിന്റെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയതിനു ലീഗ് പ്രവർത്തകനായ ഡ്രൈവറുടെ പേരിലാണ് കേസെടുത്തത്; അല്ലാതെ വാഹന ഉടമയുടെ പേരിലല്ല. അവിടെ പിടികൂടിയ സാധനങ്ങൾക്കു രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും വിൽപനാനുമതി ഉണ്ട്. എന്നാൽ കേരളത്തിൽ നിരോധനമുണ്ട്. ലഹരി കേസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശിക്ഷ നടപ്പാക്കിയത് കേരളമാണ്. മുൻവർഷത്തെക്കാൾ ഇത്തരം കേസുകളുടെ എണ്ണത്തിൽ 166% വർധന ഉണ്ടായി.
ആലപ്പുഴ സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദം
ആലപ്പുഴ ∙ ലഹരിക്കടത്ത് ആരോപണത്തിന്റെ തുടർച്ചയായി സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദവും. ചോർത്തൽ സംബന്ധിച്ചു സൂചന ലഭിച്ച ചിലർ ഉന്നത പൊലീസ് അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്. ലഹരിക്കടത്ത് ആരോപണത്തിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന എ.ഷാനവാസിനെ അനുകൂലിക്കുന്നവരും മറുപക്ഷവും ചില നേതാക്കളുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു ഫോൺ ചോർത്തുന്നതെന്നാണ് ആക്ഷേപം. നിലവിൽ പാർട്ടിക്കുള്ളിലെ പ്രശ്നവുമായി ബന്ധമില്ലാത്തവരുടെ ഫോൺ വിളികളും ചോർത്തുന്നതായി ആരോപണമുണ്ട്. ഏതു വിഭാഗമെന്നു നോക്കി മാത്രമാണ് ഇതു ചെയ്യുന്നതെന്നു നേതാക്കൾക്കിടയിൽ അമർഷമുണ്ട്.