ADVERTISEMENT

പത്തനാപുരം∙ കാര്യറ മണ്ണാങ്കുഴി റെയിൽവേ മേൽപാലം യാഥാർഥ്യമായേക്കും. കൊച്ചിൻ ഷിപ്‌യാഡും റെയിൽവേയും പദ്ധതിയുമായി സഹകരിക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പു നൽകിയതോടെയാണിത്. വിളക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് ഒരു കോടി രൂപയും കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.5 കോടിയും നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.

ത്രിതല പഞ്ചായത്തുകളുടെ വിഹിതം കൂടി കണ്ടെത്തിയിട്ടും എസ്റ്റിമേറ്റ് തുകയായ 4.30 കോടി രൂപ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പുതുവഴി തേടിയത്. വിളക്കുടി പഞ്ചായത്തിലെ രണ്ട് മേഖലകളെ ബന്ധിപ്പിക്കുന്നതിനു പുറമേ, കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ഭാഗമായ ഇളമ്പൽ, കോട്ടവട്ടം, വെട്ടിക്കവല മേഖലകളിലുള്ളവർക്ക് പുനലൂർ, കുന്നിക്കോട് എന്നിവ ചുറ്റാതെ പത്തനാപുരം, പത്തനംതിട്ട ഭാഗങ്ങളിലേക്ക് എത്താനും പാലം വരുന്നതോടെ കഴിയും. 

നിലവിൽ കാര്യറ ഭാഗത്ത് ഉള്ളവർ പഞ്ചായത്ത് ആസ്ഥാനമായ വിളക്കുടിയിൽ എത്താൻ പുനലൂർ ടൗൺ ചുറ്റണം. മറു വശത്തു കൂടിയാണെങ്കിൽ തലവൂർ പഞ്ചായത്തിലൂടെ കുന്നിക്കോട് എത്തി വേണം വിളക്കുടിയിലെത്താൻ.ബോക്സ് ടൈപ്പ് പാലം നിർമിക്കാനാണ് റെയിൽവേ പദ്ധതി തയാറാക്കിയിട്ടുള്ളത്. ആദ്യം 3.30 കോടി രൂപ ചെലവാകുമെന്നായിരുന്നു കണക്ക്. വിശദമായ എസ്റ്റിമേറ്റിലാണ് 4.30 കോടി രൂപയിലേക്കെത്തിയത്. ഇതോടെ പദ്ധതി നടപ്പാകില്ലെന്ന ആശങ്ക ഉയർന്നു. ഇതിനിടെയാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഷിപ്‌യാഡുമായും റെയിൽവേയുമായും ബന്ധപ്പെട്ടത്.

 ഓരോ വർഷവും ലാഭ വിഹിതത്തിൽ നിന്നു നിശ്ചിത തുക വികസന പദ്ധതികൾക്കായി ഷിപ്‌യാഡ് നൽകാറുണ്ട്. ഈ തുകയിൽ നിന്നാണ് മണ്ണാങ്കുഴി മേൽപാലത്തിനു പണം വകയിരുത്തുക. തുക എത്രയെന്നു നിശ്ചയിച്ചിട്ടില്ല. റെയിൽവേയും പണം വകയിരുത്തുമെന്ന് അറിയിച്ചെങ്കിലും എത്രയെന്നു പറഞ്ഞിട്ടില്ല.എംഎൽഎ, എംപി എന്നിവരുടെ സൗകര്യാർഥം 15നു ശേഷം സർവ കക്ഷിയോഗം വിളിക്കാനാണ് പഞ്ചായത്തിന്റെ നീക്കം. ഈ യോഗത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com