കൊല്ലം ∙ കലക്ടറേറ്റിൽ ഭീതി പടർത്തി കത്തിലൂടെ ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് കലക്ടർക്ക് ഭീഷണിക്കത്ത് കിട്ടിയത്. കലക്ടറേറ്റിലെ 7 ഇടങ്ങളിലായി 2:20നും 2:28 നും ഇടയിൽ സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഉടൻ തന്നെ പൊലീസും ഡോഗ് സ്കോഡും എത്തി ജീവനക്കാരെ ഒഴിപ്പിച്ചു വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കത്തിലുണ്ടായിരുന്ന വിലാസവും ഫോൺ നമ്പറും വ്യാജമായിരുന്നു. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, എസിപി എ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

കത്ത്
സാധാരണ കത്തുകളെത്തുന്ന രീതിയിൽ തന്നെയാണ് കത്ത് എത്തിയത്. കലക്ടറേറ്റിലെ ജീവനക്കാർ ഇന്നലെ കത്തുകൾ തുറന്നു നോക്കിയപ്പോഴാണ് ബോംബ് ഭീഷണി ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ കലക്ടർ പൊലീസിനെ വിവരം അറിയിച്ചു. കലക്ടറേറ്റിൽ ഡിജിറ്റൽ സർവേക്കുള്ള അഭിമുഖം നടക്കുന്നതിനാൽ ഒട്ടേറെ പേർ ഇവിടെയുണ്ടായിരുന്നു. മുൻപ് 2016ൽ കലക്ടറേറ്റിൽ സ്ഫോടനം നടന്നിട്ടുണ്ട്.
കത്തിന്റെ ഉള്ളടക്കം
ഒരു സ്ത്രീ പറഞ്ഞതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ‘അവരുടെ നിർദേശത്തിനനുസരിച്ച് എന്റെ അടുത്ത സുഹൃത്തിനെ കൊണ്ടാണ് ഈ കത്ത് എഴുതിക്കുന്നത്. അതിന് എനിക്ക് കൂലിയും ലഭിക്കുന്നുണ്ട്. കലക്ടറേറ്റിലെ വിവിധ ഓഫിസുകളിൽ ഭീകരമായ സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കത്ത് കിട്ടുന്ന ദിവസം ഉച്ചയ്ക്ക് 2:20നും 2:28നും ഇടയിൽ നിരനിരയായി സ്ഫോടനം ഉണ്ടാകും’–ഇതായിരുന്നു കത്തിലെ ഉള്ളടക്കം. അവസാനം റേ എന്നും ഒരു വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയായിരുന്നു കത്ത്.
മുൻപും ഇതുപോലെ
ഒരു ചന്ദനത്തോപ്പ് സ്വദേശിനിയുടെ വിലാസവും ഫോൺ നമ്പറുമാണ് ബോംബ് ഭീഷണിയുമായി എത്തിയ കത്തിലുള്ളത്. എന്നാൽ ഈ സ്ത്രീക്ക് ഇതുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. 2019 മുതൽ ഒട്ടേറെ തവണ ഇതേ കയ്യക്ഷരത്തിൽ കത്തുകൾ വന്നിട്ടുണ്ട്. ഇതേ സ്ത്രീയുടെ പേരും മേൽവിലാസവുമാണ് അതിലും ഉപയോഗിച്ചിരുന്നത്. ചില ജീവനക്കാർക്കെതിരെയുള്ള പരാതികളായിരുന്നു അതിൽ മിക്കതും. സമാന സ്വഭാവമുള്ള കത്തുകൾ ഭീഷണിയായും എത്താൻ തുടങ്ങിയതോടെ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
വിശദമായ പരിശോധന
എസിപി എ.അഭിലാഷിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂർ എന്നിവിടങ്ങളിലെ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ഡോഗ് സ്കോഡും എത്തിയതോടെ ജീവനക്കാരെയും ആളുകളെയും കെട്ടിടത്തിൽ നിന്നും പുറത്തിറക്കി പരിശോധന നടത്തി. കലക്ടർ പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടയിൽ 2 യൂണിറ്റ് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാൽ ഉച്ചയ്ക്ക് 2:45ന് ജീവനക്കാരെ കെട്ടിടത്തിലേക്ക് തിരികെ പ്രവേശിപ്പിച്ചു. കൊല്ലം നഗരത്തിൽ തന്നെയുള്ള പോസ്റ്റ് ഓഫിസിൽ നിന്ന് തന്നെയാണ് കത്ത് അയച്ചിട്ടുള്ളത്.
2016ലെ സ്ഫോടനം
2016 ജൂൺ 15ന് രാവിലെ 10:50നായിരുന്നു അന്നത്തെ സ്ഫോടനം. മുൻസിഫ് കോടതിക്കും സബ് ട്രഷറിക്കും ഇടയിൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ പാത്രത്തിലായിരുന്നു ബോംബ് വച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരായ തമിഴ് സ്വദേശികളായിരുന്നു പ്രതികൾ. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.