തട്ടും തലോടലും; കശുവണ്ടി, കൈത്തറി, കയർ മേഖലയെ തഴുകിയും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും ബജറ്റിൽ കൊല്ലത്തിന് ഇടം

HIGHLIGHTS
  • കശുവണ്ടി, കൈത്തറി, കയർ എന്നീ പരമ്പരാഗത മേഖലയെ തഴുകിയും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും സംസ്ഥാന ബജറ്റിൽ കൊല്ലത്തിന് ഇടം.
  • തുറമുഖം, മത്സ്യബന്ധനം, വിനോദ സ‍ഞ്ചാരം തുടങ്ങിയ മേഖലകളിലും ജില്ലയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളുണ്ട്.
  • പുനലൂർ– പൊൻകുന്നം റോഡിന്റെ നിലവാരം ഇപിസി മോഡലിൽ പരിവർത്തനം ചെയ്യും .765.44 കോടി .
  • ജില്ലാ പിഎസ്‌സി ഓഫിസിനു കെട്ടിട നിർമാണം.
  • ഇടമൺ – കൊച്ചി നഷ്ടപരിഹാര പാക്കേജ് –30 കോടി .
അഷ്ടമുടിക്കായലിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. കുരീപ്പുഴ പാലത്തിൽ നിന്ന്. (ഫയൽ ചിത്രം)
SHARE

ഓഷ്യനേറിയം സംസ്ഥാനത്ത് ആദ്യം

കൊല്ലം∙ സംസ്ഥാനത്ത് ആദ്യമായാണ് ഓഷ്യനേറിയം. ഇതു സമുദ്ര ഗവേഷണ പഠനകേന്ദ്രമാണ്. വംശനാശഭീഷണി നേരിടുന്ന കടൽ ജീവികൾക്ക് കടൽതീരത്ത് നിർമിത ആവാസ വ്യവസ്ഥ ഒരുക്കി അവയുടെ പ്രജനനവും ഉൽപാദനവും സാധ്യമാക്കും. ഇവയുടെ പ്രദർശനവും ഉണ്ടാകും. ആയിരത്തോളം കടൽ ജീവികളുടെ സമ്പാദനവും പ്രദർശനവുമാണ് ലക്ഷ്യം.സുതാര്യമായ ടാങ്കുകളിൽ കടൽ സസ്യങ്ങളെയും ആഴക്കടൽ മത്സ്യങ്ങളെയും കടൽ അലങ്കാര മത്സ്യങ്ങളെയും പ്രദർശിപ്പിക്കും. കടലിനുള്ളിലൂടെ സഞ്ചരിക്കുന്നതു പോലെ കാണികൾക്ക് ജല ടണിലൂടെ സഞ്ചരിച്ച് ഇവയെ കാണാനാകും. വാട്ടർ തീം പാർക്ക് ഇതിനോട് അനുബന്ധിച്ച് ഒരുക്കും. 15 ഏക്കർ സ്ഥലമെങ്കിലും വേണമെന്നാണ് വിലയിരുത്തൽ.

വിനോദ സഞ്ചാര മേഖലയിൽ വലിയ സാധ്യതയാണ് ഇതു നൽകുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ്. കേന്ദ്ര വയബിലിറ്റി ഫണ്ട്. രാജ്യാന്തര ,യുഎൻ സംഘടനകളുടെ ഫണ്ട്,കേന്ദ്ര– സംസ്ഥാന ടൂറിസം ഫണ്ട് എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം ഘട്ടം ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

വിനോദ സഞ്ചാരം

സംസ്ഥാനത്ത് 7 ടൂറിസം ഇടനാഴികൾ. (തീരദേശ ശൃംഖല, തീരദേശ ഹൈവേ , ജലപാത– കനാൽ , ദേശീയപാത , ഹെലി ടൂറിസം , ഹിൽ ഹൈവേ , റെയിൽവേ ) ഇവ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി കൈകോർത്ത് വികസിപ്പിക്കും. ഇതിൽ 6 ഇടനാഴികളും ജില്ലയ്ക്കു നേട്ടമാകും.50 കോടി വകയിരുത്തി.

കശുവണ്ടി മേഖല

കശുവണ്ടി പുനരുജ്ജീവന പാക്കേജ് – 30 കോടി.കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികളുടെ ആധുനികവൽക്കരണത്തിനും യന്ത്രവൽക്കരണത്തിനും 2.25 കോടി രൂപ. കാപ്പക്സ് ഫാക്ടറികളുടെ ആധുനിക വൽക്കരണം 3.50 കോടികശുമാവ് കൃഷിക്കും കശുവണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനും കശുമാവ് കൃഷി ഏജൻസി– 7.20 കോടി.കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ട് –43.55 കോടി

മത്സ്യബന്ധന മേഖല

മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിനു 70 ലക്ഷം രൂപ വരെ 5% വാർഷിക പലിശ നിരക്കിൽ കെഎഫ്സി വഴി വായ്പ. 10 ബോട്ടുകൾ പൈലറ്റ് അടിസ്ഥാനത്തിൽ നൽകും.മത്സ്യബന്ധന ബോട്ടുകളെ ആധുനികവൽക്കരിക്കും– 10 കോടി രൂപ. 60% നിരക്കിൽ പരമാവധി 10 ലക്ഷം രൂപ സബ്സിഡി.ബോട്ടുകളുടെ എൻജിൻ ഘട്ടം ഘട്ടമായി പെട്രോൾ –ഡീസൽ എൻജിൻ ആക്കുന്നതിന് ആദ്യഘട്ടത്തിൽ 8 കോടി രൂപ.

തുറമുഖ വികസനം

കൊല്ലം ഉൾപ്പെടെ 5 തുറമുഖങ്ങളുടെ (അഴീക്കൽ ,ബേപ്പൂർ, വിഴിഞ്ഞം, പൊന്നാനി) അടിസ്ഥാന സൗകര്യ വികസനം–40.5 കോടി.നീണ്ടകര, ആലപ്പാട് ഉൾപ്പെടെ 4 മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം. നബാർ‍ഡ്, ആർഐഡിഎഫ് വായ്പാ സഹായത്തോടെയാണ് ഇത്. – 20 കോടി. കൊല്ലം തുറമുഖത്ത് ഷിപ്പിങ്ങിന് അടിസ്ഥാന സൗകര്യ വികസനം. അഴീക്കൽ, ബേപ്പൂർ. വിഴിഞ്ഞം തുറമുഖങ്ങൾക്ക് ഉൾപ്പെടെ – 40.50 കോടി, തുറമുഖം, ലൈറ്റ്ഹൗസ് ഷിപ്പിങ് മേഖലയ്ക്ക്– 80.13 കോടി ക്രൂസ് വെസൽ നിർമാണം– 4 കോടി

വെസ്റ്റ് കോസ്റ്റ് കനാൽ

കൊല്ലത്തുകൂടി കടന്നു പോകുന്ന ,കാസർകോട് ബേക്കൽ മുതൽ കോവളം വരെ 616 കിലോമീറ്റർ നീളമുള്ള ,വെസ്റ്റ് കോസ്റ്റ് കനാൽ സാമ്പത്തിക– വ്യാപാര ഇടനാഴിയായി മാറ്റും. ജലപാതയോട് അനുബന്ധിച്ചു വിവിധ വികസന പ്രവർത്തനങ്ങൾക്ക് പൊതു– സ്വകാര്യ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് ലഭ്യമാക്കും.

കൈത്തറി കൈത്തറി 

സംഘങ്ങളുടെ ആധുനിക വൽക്കരണവും മൂല്യ വർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിലനും 5.50 കോടി .

കല്ലുമാല സ്ക്വയർ

1915ൽ ഡിസംബറിൽ പീരങ്കി മൈതാനത്ത് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കല്ലുമാല ബഹിഷ്കരിക്കാൻ അയ്യങ്കാളി സ്ത്രീകളോട് നിർദേശിച്ചത്. ഇതിന്റെ സ്മാരകമായാണ് കല്ലുമാല സ്ക്വയർ സ്ഥാപിക്കുന്നത്. 5 കോടി രൂപ വകയിരുത്തി.

നികുതിഭാരം  ചുമത്തിദ്രോഹിക്കുന്നു: ബിജെപി

ഇന്ധന സെസ് അടക്കം അമിത നികുതി ഭാരം അടിച്ച് ഏൽപിച്ചു കേരളത്തിലെ സാധാരണ ജനങ്ങളെ സർക്കാർ ദ്രോഹിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളെയും കേന്ദ്ര സർക്കാരിന്റെ ഭാവന പൂർണമായ പദ്ധതികളും പേര് മാറ്റി പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയാണു ബാലഗോപാൽ ചെയ്തത്. ജില്ലയിലെ കശുവണ്ടി മേഖലയ്ക്ക് ആശ്വാസ നടപടികൾ ഒന്നും ഇല്ല.

∙ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഒരു പദ്ധതി പോലും ബജറ്റിൽ ഇല്ലെന്നും അമിത നികുതി ഭാരം ചുമത്തി ജനങ്ങളുടെ കഴുത്തറുക്കുന്ന ബജറ്റ് ആണു പ്രഖ്യാപിച്ചതെന്നും ബിജെപി മൈനോറിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ജിത്ത് ഫിലിപ്പ് പറഞ്ഞു.

കൊല്ലത്തെ പരിഗണിച്ചില്ല:രാജേന്ദ്രപ്രസാദ്

സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് അർഹമായ പരിഗണന ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായ ധനമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നു ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കശുവണ്ടി മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനമല്ല ബജറ്റിൽ ഉള്ളത്. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കും വ്യവസായികൾക്കും ആശ്വാസമായ ഒരു നിർദേശവും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ബജറ്റ് പോലെ തന്നെ നിരാശ മാത്രമാണ് ബജറ്റ്. ജില്ലയ്ക്കു സമഗ്രമായ മാറ്റത്തിന് ഉതകുന്ന ടൂറിസം പദ്ധതികൾക്കു മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

‘മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്നു’

ബജറ്റ് പ്രഖ്യാപനം വെറും കടലാസിൽ മാത്രം ഒതുക്കി മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നു മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ആരോപിച്ചു. മുൻപ് പ്രഖ്യാപിച്ച മറൈൻ ആംബുലൻസ് നാളിതുവരെ കടലിൽ ഇറങ്ങിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഭവനം ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൂർണമായി അവഗണിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ലീറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാതെ വഞ്ചിക്കുകയാണെന്നും ബിജു ലൂക്കോസ് പറഞ്ഞു.

പരമ്പരാഗത മേഖലയ്ക്കു  മുന്തിയ പരിഗണന: സിപിഎം

കയർ, കശുവണ്ടി, മത്സ്യമേഖല ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയെ ആധുനിക വൽക്കരിച്ചും വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളിലൂടെയും ടൂറിസം മേഖലയുടെ വിപുലീകരണത്തിലൂടെയും ജില്ലയുടെ സമഗ്ര വികസനത്തിനു കരുത്തേകുന്ന സംസ്ഥാന ബജറ്റിനെ അഭിന്ദിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അഭിപ്രായപ്പെട്ടു. പരമ്പരാഗത മേഖലയ്ക്കു മുന്തിയ പരിഗണനയാണു ബജറ്റിലുള്ളത്.

1000 സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയിൽ ജില്ലയ്ക്കു മതിയായ വിഹിതമുണ്ടാകും. പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെയും സ്ത്രീകളുടെയും മറ്റു വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേകം പദ്ധതികളുമുണ്ട്. 4 കോടി രൂപ ചെലവിൽ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കാൻ തിരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലൊന്നു കൊല്ലമാണ്. ചെലവ് കുറഞ്ഞ നിർമാണ മാർഗങ്ങൾ ഉപയോഗിച്ചു കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള 20 കോടിയിൽ കൊട്ടാരക്കരയും ഉൾപ്പെടുന്നുണ്ടെന്നും സുദേവൻ പറഞ്ഞു.

കടുത്ത  അനീതി: കടകംപള്ളി മനോജ്

കശുവണ്ടി വ്യവസായത്തെ തകർച്ചയിൽ നിന്നു രക്ഷിച്ചെടുക്കുന്നതിന് യാതൊരു പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കാത്തത് കടുത്ത അനീതിയാണെന്ന് ഐഎൻടിയുസി മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ്. ഇടതുസർക്കാരിന്റെ കഴിഞ്ഞ 4 ബജറ്റുകളിലായി കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനു 95 കോടി പ്രഖ്യാപിച്ചങ്കിലും 3 കോടി രൂപ മാത്രമേ  വിനിയോഗിച്ചിട്ടുള്ളൂ. അതേ അവസ്ഥ തന്നെയായിരിക്കും ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച 30 കോടി രൂപയ്ക്കും. 

ജീവിതം കൂടുതൽ ദുസ്സഹമാക്കും:ജി.ദേവരാജൻ

സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ബജറ്റാണു ധനമന്ത്രി അവതരിപ്പിച്ചതെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നികുതി കൂട്ടിയെന്നതു മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റിനെ അട്ടിമറിക്കുകയും ചെയ്യും. . കേരളത്തെ പട്ടിണിയുടെ തുരുത്തും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും സ്വപ്നങ്ങളുടെ ശവപ്പറമ്പും ആക്കി മാറ്റുന്ന ബജറ്റ് ആണ് അവതരിപ്പിച്ചതെന്നു ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ്‌ കുമാർ പറഞ്ഞു.  ബജറ്റ് ജനകീയ സമരങ്ങൾ വിളിച്ചു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധനവില  വർധനകൊള്ളയടിക്കൽ:ആർഎസ്പി

കേരളത്തിലെ സമാന്യ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന നിർദേശങ്ങളാണു ബജറ്റിൽ ഉള്ളതെന്നും ഇന്ധന വില ലീറ്ററിനു 2 രൂപ കൂട്ടിയതു കൊള്ളയാണെന്നും ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അഭിപ്രായപ്പെട്ടു. പ്രത്യക്ഷമായും പരോക്ഷമായും എല്ലാ മേഖലകളിലും നികുതികൾ ഉയർത്തി. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റിൽ സംസ്ഥാന ചേംബർ

കലക്ടറേറ്റിൽ 10,000 അടി വിസ്തൃതിയുള്ള സ്ഥലം സജ്ജമാക്കും. മന്ത്രിമാരുടെ അവലോകന യോഗങ്ങൾക്കും മറ്റുമായി ആധുനിക ഓഡിയോ, വീഡിയോ സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ഓഫിസ് ആയി രൂപകൽപന ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS