കുളത്തൂപ്പുഴ∙ ഒരാളുടെ ജീവനു വേണ്ടി നാടിന്റെ നന്മ ഒഴുകിയെത്തിപ്പോൾ കരുണയുടെ കൈകൾ നീണ്ടതു നിർധനരും രോഗാതുരരായ മറ്റു 130 പേരിലേക്കും. ഇരുവൃക്കകളും തകരാറിലായ നിർധനനായ പ്രവാസിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നാടു സ്വരൂപിച്ചതു 60 ലക്ഷം രൂപ.

ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്നത്. അധികം സഹായം ലഭിച്ചതോടെ ശേഷിച്ച തുക അർബുദം, വൃക്ക രോഗചികിത്സ നടത്തുന്ന 130 പേർക്കു നൽകുകയാണ്. ഡാലി മൈലമൂട് റോസ് മൻസിലിൽ നിസാം ബഷീറിനു (37) വേണ്ടിയാണു എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഇടപെടലിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചത്.
30 ലക്ഷം രൂപയും തുടർചികിത്സയ്ക്കായി 10 ലക്ഷം രൂപയും നിസാമിനു നൽകും. കാരുണ്യസേവകനും കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനുമായ ഷെമീർ കുന്നമംഗലം സഹായനിധിയുടെ ഭാഗമായതോടെ വിദേശത്തു നിന്നുൾപ്പെടെ നിസാമിനു വേണ്ടി കരുണയുടെ കൈകൾ പ്രവഹിച്ചു. കേവലം ഒരു മാസത്തെ കൂട്ടായ പ്രവർത്തനഫലമായാണ് 60 ലക്ഷം രൂപ സഹായനിധിയിലേക്ക് ഒഴുകിയത്.
ഏറിയ പങ്കും നൽകി സഹായിച്ചതു കുളത്തൂപ്പുഴയിലെ നാട്ടുകാർ എന്നതിലാണ് ഏവർക്കും ചാരിതാർഥ്യം. നാളെ വൈകിട്ട് 4നു കുളത്തൂപ്പുഴ മാർക്കറ്റ് ജംക്‌ഷനിൽ ചേരുന്ന യോഗത്തിൽ നിസാമിനും രോഗാതുരരായ മറ്റു 130 പേർക്കും ചികിത്സാ സഹായം എൻ.കെ.പ്രേമചന്ദ്രൻ എംപി വിതരണം ചെയ്യും.