ADVERTISEMENT

അഞ്ചാലുംമൂട് ∙ റവന്യു റിക്കവറി ഇല്ലാത്ത വസ്തു ജപ്തി ചെയ്തതായി വില്ലേജ് രേഖകളിൽ തെറ്റായി രേഖപ്പെടുത്തി പകരം വീട്ടാൻ ശ്രമമെന്ന് പരാതി. മുൻ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ റിട്ട. ഡപ്യൂട്ടി തഹസിൽദാർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. പെരിനാട് വില്ലേജ് ഓഫിസിലെ മുൻ വില്ലേജ് ഓഫിസർ ആയിരുന്ന റിട്ട.ഡപ്യൂട്ടി തഹസിൽദാർ ബി.സുശീലാമ്മയ്ക്കെതിരെയാണ് കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തത്. പെരിനാട് പഞ്ചായത്ത് മുൻ അംഗവും ഡിസിസി അംഗവുമായ ബി.ജ്യോതിർ നിവാസ് നൽകിയ പരാതിയിലാണ് നടപടി.

2007ൽ ആണ് കേസിനാസ്പദമായ സംഭവം. ജ്യോതിർ നിവാസിന്റെ പേരിൽ പെരിനാട് വില്ലേജ് ഓഫിസ് പരിധിയിലുള്ള വസ്തു വകകളുടെ തണ്ടപ്പേർ കണക്കിൽ വസ്തു ജപ്തി ചെയ്തതായി രേഖപ്പെടുത്തി. ജനുവരി 27നാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ ഇത് ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം അവസാനം ജ്യോതിർ നിവാസിന്റെ പേരിൽ നിന്നു കുറച്ച് വസ്തു ഭാര്യയുടെ പേരിലേക്ക് മാറ്റുന്നതിനായി വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് തന്റെ തണ്ടപ്പേർ കണക്കിലുളള 98 സെന്റ് വസ്തുക്കളും ജപ്തി ചെയ്തെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി അറിയുന്നത്. പരിശോധനയിൽ, അന്നത്തെ വില്ലേജ് ഓഫിസർ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി.

ജപ്തി ഏത് കോടതി ഉത്തരവ് പ്രകാരമാണെന്നോ ഏത് ധനകാര്യ ഇടപാടുമായി ബന്ധപ്പെട്ടാണെന്നോ  രേഖപ്പെടുത്തിയിട്ടില്ല. തുടർന്ന് കുണ്ടറ സബ്.റജിസ്ട്രാർ ഓഫിസിൽ നിന്ന് കഴിഞ്ഞ 30 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് എടുത്തപ്പോൾ തണ്ടപ്പേർ കണക്ക് വസ്തുക്കളിൽ ഒരു ബാധ്യതയും ഉള്ളതായി രേഖകളില്ല. അതിനിടെ, വില്ലേജ് ഓഫിസർ സ്ഥാനക്കയറ്റം ലഭിച്ച് ഡപ്യൂട്ടി തഹസിൽദാരായി വിരമിക്കുകയും ചെയ്തു.

വില്ലേജ് രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് തെറ്റാണെന്ന് തെളിഞ്ഞെങ്കിലും അത് തിരുത്താൻ നിലവിലെ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നാണ് റവന്യു അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി പ്രത്യേക ഉത്തരവ് വേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. വില്ലേജ് ഓഫിസർക്കെതിരെ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നാണ് ജ്യോതിർ നിവാസ് കോടതിയെ സമീപിച്ചത്. രേഖകൾ പരിശോധിച്ച കോടതി കേസ് ഫയലിൽ സ്വീകരിക്കുകയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയയായ റിട്ട. ഡപ്യൂട്ടി തഹസിൽദാർ ഇപ്പോൾ വിദേശത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

‘പക വീട്ടൽ തന്നെ’

പെരിനാട് വില്ലേജ് ഓഫിസറായിരുന്ന ബി.സുശീലാമ്മയെ ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗമായിരുന്ന ബി.ജ്യോതിർ നിവാസിനെതിരെ 2004 ൽ പൊലീസ് കേസെടുത്തിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് നൽകിയതിനു പിന്നാലെയാണ് ജ്യോതിർ നിവാസിന്റെ വസ്തു വകകളിൽ തെറ്റായി ജപ്തി ചെയ്തതായി ചേർത്തിട്ടുള്ളത്. തന്റെ വസ്തു വകകൾ ജപ്തി ചെയ്തതായിതമാക്കു രേഖപ്പെടുത്തിയത് അറിവില്ലായ്മ മൂലം അല്ലെന്നും പക വീട്ടാൻ ശ്രമിച്ചതാണെന്നുമാണ് ജ്യോതിർ നിവാസ് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com