ADVERTISEMENT

കൊല്ലം∙ കലക്ടറേറ്റിലെ വ്യാജ ബോംബ് ഭീഷണി കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാ‍ൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊല്ലം വെസ്റ്റ്, കൺട്രോൾ റൂം സിഐ മാർ ഉൾപ്പെടെ 6 അംഗ സംഘത്തെയാണ് നിയോഗിച്ചത്. കൊല്ലം എസിപി എ.അഭിലാഷിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കൊല്ലം വെസ്റ്റ് സിഐ ബി.ഷെഫീക് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഏതാനും പേരെ ചോദ്യം ചെയ്തു. ചന്ദനത്തോപ്പ് സ്വദേശിയായ 65 വയസ്സുള്ള റിട്ട. ജീവനക്കാരിയുടെ വിലാസവും ഫോൺ നമ്പരും ആണ് ബോംബ് ഭീഷണിക്കത്തിൽ ഉള്ളത്.

ഈ സ്ത്രീക്ക് ഇതുമായി ബന്ധമില്ലെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുടെ വിലാസവും ഫോൺ നമ്പരും അറിയാവുന്നവരാണ് കത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. സ്ത്രീയോടു വിരോധമുള്ള ഏതാനും പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. കേസുകളിൽ പ്രതികളായ ചിലരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.2019 മുതൽ ഒട്ടേറെത്തവണ ഇതേ കയ്യക്ഷരത്തിൽ കോടതി ജീവനക്കാർക്ക് കത്തുകൾ ലഭിച്ചിട്ടുണ്ട്. കോടതി ജീവനക്കാരുമായി ബന്ധപ്പെട്ടതാണ് ഈ കത്തുകളിലെ ഉള്ളടക്കം. എല്ലാ കത്തും ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നാണ് അയച്ചിട്ടുള്ളത്.

ക്യാമറയുണ്ടെങ്കിലും സുരക്ഷ പോരാ

കൊല്ലം∙ കലക്ടറേറ്റിലെ സിസി ടിവി ക്യാമറകൾ പ്രവർ‍ത്തിക്കുന്നുണ്ടെങ്കിലും തുറന്നു കിടക്കുന്ന കവാടങ്ങളിലൂടെ ആർക്കു വേണമെങ്കിലും കലക്ടറേറ്റ് വളപ്പിൽ കടക്കാനാകും. 2016ലെ ബോംബ് സ്ഫോടനത്തെ തുടർന്നു കലക്ടറേറ്റിന്റെ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. കവാടങ്ങളിലും ഇടനാഴികളിലും കോടതി പരിസരങ്ങളിലുമായി 36 സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

സർജന്റിന്റെ മുറിയിലാണ് ഇതിന്റെ നിരീക്ഷണം. 24 മണിക്കൂറും അവിടെ നിരീക്ഷണമുണ്ട്. നാലു മൂലകളിലെയും വിക്കറ്റ് ഗേറ്റുകൾ അന്നു മുതൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കിഴക്ക്, പടിഞ്ഞാറു വശങ്ങളിലുള്ള കവാടത്തിലും ആളുകൾക്കും വാഹനങ്ങൾക്കും ഒരു നിയന്ത്രണവും ഇല്ലാതെ കലക്ടറേറ്റ് വളപ്പിലേക്ക് കയറാൻ കഴിയും. ഇവിടെ പൊലീസ് പരിശോധനയോ നിയന്ത്രണമോ ഇല്ല.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com