കൊല്ലം ∙ 3 വർഷത്തിലേറെയായി സ്കൂൾ കെട്ടിടത്തിൽ കഴിയുകയാണ് മുണ്ടയ്ക്കൽ നിവാസികളായ 2 കുടുംബങ്ങൾ. തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ടതോടെയാണ് ഇവർ അമൃതകുളം എൽപി സ്കൂളിന്റെ കെട്ടിടത്തിലേക്കു മാറിയത്. വീട് നിർമിച്ചു നൽകാമെന്ന പല വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിനു പിറകിലായുള്ള പുറമ്പോക്ക് ഭൂമിയിലായിരുന്നു ഇവരുടെ വീടുകൾ നിന്നിരുന്നത്. 2019 ഒക്ടോബർ 23നാണ് ഇവിടെ തീപിടിത്തമുണ്ടായത്. കുടുംബം മുഴുവനായി കോട്ടയത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തു രാത്രിയിലാണു തീ പടർന്നത്. ഷോർട് സർക്യൂട്ട് കാരണം തീ പിടിക്കുകയും
ശേഷം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തറിക്കുകയുമായിരുന്നു. ഇതോടെ ഇവിടെയുള്ള 3 വീടുകൾ പൂർണമായും കത്തിനശിച്ചു. ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. അതോടെ കിടപ്പാടം നഷ്ടപ്പെട്ടതോടെയാണ് ഈ 3 കുടുംബങ്ങൾ അമൃതകുളം സ്കൂളിന്റെ കെട്ടിടത്തിലേക്കു മാറിയത്. പിന്നീട് ഇവരിൽ ഒരു കുടുംബം വാടക വീടെടുത്തു മാറി.
Also read: ഒടുവിൽ ദൃശ്യം പതിഞ്ഞു ഒന്നല്ല, രണ്ട് പുലി
സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ. കൂലിപ്പണി ചെയ്താണ് ഇവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇവർ ഇപ്പോൾ താമസിക്കുന്ന അമൃതകുളം സ്കൂളിൽ ഒട്ടേറെ കുട്ടികൾ ദിവസവും പഠിക്കാനെത്തുന്നുണ്ട്.
മുറി വിട്ടു കൊടുക്കേണ്ടി വന്നതോടെ സ്കൂളിനും സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടായി. എന്നാൽ പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുമെന്ന് ഒട്ടേറെത്തവണ കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നു. മന്ത്രിയും കലക്ടറും ജനപ്രതിനിധികളുമെല്ലാം മുൻപു വീടുണ്ടായിരുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.t