മന്ത്രിയുടെ വാക്ക് പാഴായി: പുനലൂരിൽ പ്രഖ്യാപിച്ച ദീർഘദൂര സർവീസുകൾക്ക് നടപടി ആയില്ല

punalur-ksrtc-stand
പുനലൂർ ട്രാൻസ്പോർട്ട് ഡിപ്പോ.
SHARE

പുനലൂർ ∙ ഒന്നരവർഷം മുൻപു മന്ത്രി ആന്റണി രാജു പി.എസ്‌.സുപാൽ എംഎൽഎക്കൊപ്പം പുനലൂർ ഡിപ്പോ സന്ദർശിച്ച വേളയിൽ പ്രഖ്യാപിച്ച ദീർഘദൂര സൂപ്പർ ക്ലാസ് സർവീസുകൾ ആയ വഴിക്കടവ്,കോഴിക്കോട് സൂപ്പർഫാസ്റ്റ് സർവീസുകൾ തുടങ്ങാൻ ഇതുവരെ  നടപടിയായില്ല.

ദീർഘകാലത്തെ ആവശ്യത്തിനൊടുവിൽ  പുനലൂർ ഡിപ്പോയ്ക്ക് അനുവദിച്ച പെരിന്തൽമണ്ണ, പാലക്കാട്, കണ്ണൂർ-കുടിയാന്മല,നാഗർകോവിൽ സർവീസുകൾ മികച്ച വരുമാനവും ജനപിന്തുണയും നേടി കോർപ്പറേഷന് അഭിമാനമായ സാഹചര്യം നിലനിന്നിട്ടും പുനലൂരിനു പുതിയ സർവീസുകൾ അനുവദിക്കാൻ കെഎസ്‌ആർടിസി മാനേജ്മെന്റ് താൽപര്യം കാട്ടുന്നില്ല. 

പുനലൂർ-മൂവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേ നിർമാണം ഏറെക്കുറെ അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച സർവീസുകൾ ഉടൻ ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.മലയോര ഹൈവേയും മെയിൻ ഈസ്റ്റേൺ ഹൈവേയും സംയോജിപ്പിച്ച് തിരുവനന്തപുരം ഡിപ്പോയിൽ നിന്നു പുനലൂർ,പത്തനംതിട്ട വഴി അടുത്തിടെ ആരംഭിച്ച കൽപ്പറ്റ,മാനന്തവാടി, ഗുരുവായൂർ,തൃശൂർ സൂപ്പർ ക്ലാസ് സർവീസുകൾക്കു മികച്ച പ്രതികരണമാണു കിഴക്കൻ മലയോര മേഖലയിൽ നിന്നു ലഭ്യമാകുന്നത്.

ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തീരദേശ ഹൈവേ വഴിയും എംസി റോഡ് വഴിയും കോൺവോയ് ആയി ലാഭകരമല്ലാതെ ഓടുന്ന പല സർവീസുകളും മലയോര ഹൈവേ വഴി പുനഃക്രമീകരിച്ചു സർവീസ് നടത്തും എന്ന പ്രഖ്യാപനം കോർപ്പറേഷന്റെ ഭാഗത്തു നിന്ന് അടുത്തിടെ ഉണ്ടായിട്ടുണ്ട്.കിഴക്കൻ മേഖലയിലെ രാത്രി യാത്രാ ദുരിതത്തിനുൾപ്പെടെ ഒരു പരിധിവരെ പരിഹാരം കാണാൻ ഈ നീക്കം സഹായിച്ചേക്കും.

എന്നാൽ മലയോര ഹൈവേയിലെ ആദ്യ ഹാൾട്ട് ഡിപ്പോ ആയ പുനലൂരിൽ നിന്നു‌ കൂടി കൂടുതൽ വടക്കൻ മേഖലാ സർവീസുകൾ ആരംഭിച്ചാൽ മാത്രമേ കോർപ്പറേഷൻ ഉദ്ദേശിക്കുന്ന ലക്ഷ്യം കാണാൻ സാധിക്കുകയുള്ളൂ. എംസി റോഡിൽ തിരുവനന്തപുരം, കൊട്ടാരക്കര ഡിപ്പോകളുടെ സംയുക്ത ശ്രമമായി മികച്ച രീതിയിൽ സൂപ്പർ ക്ലാസ് സർവീസുകൾ ഏകോപിപ്പിക്കുന്ന മാതൃകയാണ് മലയോര ഹൈവേയിൽ പുനലൂർ ഡിപ്പോ പ്രതീക്ഷിക്കുന്നത്.

പുനലൂരിന്റെ ദീർഘകാല ആവശ്യമായ ബെംഗളൂരു സർവീസിനും കോർപ്പറേഷൻ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.സ്വകാര്യ മേഖലയിൽ ഒന്നിലേറെ ബെംഗളൂരു സർവീസുകൾ പുനലൂർ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ നിന്നു വിജയകരമായി സർവീസ് നടത്തുമ്പോഴാണ് കെഎസ്‌ആർടിസി ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയാറാകാത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS