ADVERTISEMENT

കൊല്ലം ∙ അധികാരത്തിന്റെ തണലിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിൽ മദ്യ– ലഹരി വസ്തുക്കളുടെ ഇടപാടുകളും ക്രിമിനൽ വാസനയും വ്യാപകമാകുന്നതായി സിപിഎം തെറ്റുതിരുത്തൽ രേഖ. ഇത്തരം അനാശാസ്യ ഇടപാടുകൾക്കു പാർട്ടിയുടെ സംഘടനാ സംവിധാനം ദുരുപയോഗം ചെയ്യുന്നു. പാർട്ടിയെ മറയാക്കി പൊലീസിനെയും എക്സൈസിനെയും വരെ സ്വാധീനിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം ദിനേശൻ പുത്തലത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്തു. 

Also read: വിവാഹത്തിനു പോകാൻ കൂട്ടഅവധി: ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി

അധികാരത്തിന്റെ കാവലിൽ ഇത്തരം അനാശാസ്യ പ്രവണതകൾക്കു നേതൃത്വം നൽകുന്നവർക്കെതിരെ കർശന നടപടിയെടുത്താൽ മാത്രം പോരാ; പാർട്ടിയിൽ ഇവരെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തുകയും വേണം. ഭരണത്തിന്റെ സംരക്ഷണം ഇത്തരക്കാർക്ക് ഉണ്ടാകാൻ പാടില്ലെന്നും രേഖ പറയുന്നു.മറ്റു പാർട്ടികളിൽ നിന്നു പുതിയ അംഗങ്ങളായും അനേകം പേർ പാർട്ടിയിലേക്കു വരുന്നുണ്ട്. ഇവർ എത്തരക്കാരാണെന്ന ഗൗരവമായ പരിശോധന ഉണ്ടാകുന്നില്ല. 

അവർ നേരത്തേ ‘പഠിച്ച രീതി’ ഇവിടെയും തുടരുന്നു. പാർട്ടിയിലെ ഓരോ സഖാവിന്റെയും ജീവിതശൈലി, പ്രവർത്തനങ്ങൾ എന്നിവ ബന്ധപ്പെട്ട ഘടകവും ഉപരിഘടകവും കർശനമായി നിരീക്ഷിക്കണം. ചെറിയ സംഭവങ്ങൾ ഉണ്ടായാൽപ്പോലും വിശദമായ പരിശോധന വേണമെന്നും ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തൽ രേഖ മുന്നറിയിപ്പു നൽകുന്നു.

യുവജനങ്ങളുടെ സാമൂഹിക ജീവിതത്തിലെ പുതിയ ശീലങ്ങൾ സമൂഹത്തിനു ദോഷകരമാകുന്ന പ്രവണതയായി വളരുന്നു. കാർ, വില കൂടിയ മൊബൈൽ ഫോൺ തുടങ്ങിയവയിലാണു പലർക്കും കമ്പം. യുവജന– വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണ പരിപാടികളിൽ ഒതുങ്ങിപ്പോകുന്നെന്ന വിമർശനവും രേഖയിലുണ്ട്.

പ്രത്യേക രേഖ ഇന്നു ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും

ജില്ലയിലെ സ്ഥിതിഗിതികൾ വിശദീകരിച്ചു ജില്ലാ സെക്രട്ടറി എസ്. സുദേവൻ തയാറാക്കിയ പ്രത്യേക രേഖ ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയ്ക്കൊപ്പം അതതു ജില്ലകളിലെ സ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടും ചർച്ച ചെയ്യണമെന്നു നിർദേശമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com