ADVERTISEMENT

കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തക്കേസിലെ പ്രതികൾക്ക് നൽകുന്നതിന്  കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിന് ഒരു ലക്ഷത്തോളം രൂപയുടെ കരാർ. 1.63 ലക്ഷം പകർപ്പാണ് എടുക്കേണ്ടത്. 3200 പേജ് വീതം 52 പ്രതികൾക്കാണ് പകർപ്പു നൽകേണ്ടത്. അതേ സമയം, വിചാരണയ്ക്കായി  കൊല്ലം ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം അങ്കണത്തിൽ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കുറ്റപത്രത്തിന്റെ പകർപ്പ് നൽകുന്നതിന് ഒരു മാസത്തെ കാലാവധി അനുവദിക്കണമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പാരിപ്പള്ളി രവീന്ദ്രന്റെ ഹർജി പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതി അനുവദിച്ചു. കേസ് മാർച്ച് 27നു വീണ്ടും പരിഗണിക്കും.

Also read: ഉറങ്ങിക്കിടക്കുമ്പോൾ മുന്നിൽ ഇതാ, കാട്ടാന; വീട് ഇടിച്ചുതകർത്തു

കുറ്റപത്രത്തിന്റെ പകർപ്പ് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചാണ് കരാർ നൽകിയത്. 98,000 രൂപയ്ക്കാണ് കരാർ. തുക അനുവദിക്കണമെന്നു കാണിച്ചു സർക്കാരിന് കത്തു നൽകിയിട്ടുണ്ട്.  കുറ്റപത്രത്തിന്റെ മുഴുവൻ പേജിന്റെ പകർപ്പ് നൽകണമെന്നു നേരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവായെങ്കിലും ഹൈക്കോടതി അതു റദ്ദു ചെയ്തിരുന്നു. പകർപ്പു സംബന്ധിച്ചു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കണമെന്നു കാണിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയെ തുടർന്നാണ് 3,200 പേജ് വീതം ആകെ 1.63 പകർപ്പുകൾ നൽകാൻ ഉത്തരവായത്. കുറ്റപത്രത്തിന്റെ മുഴുവൻ പേജും നൽകണമെങ്കിൽ 2.60 ലക്ഷം പകർപ്പ് വേണമായിരുന്നു.

പ്രത്യേക  കോടതി

ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം അങ്കണത്തിലെ പഴയ ലൈബ്രറി ഹാൾ ആണ് പ്രത്യേക കോടതിക്ക് നിശ്ചയിച്ചിരിക്കുന്നത്.  ഇതിനുള്ള വാടക, പൊതുമരാമത്ത് വകുപ്പിന്റെ നിരക്ക് അനുസരിച്ച് അടുത്ത കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിക്കും. തുടർന്ന് കോടതി ഹാൾ, ജഡ്ജിയുടെ ചേംബർ, പ്രതിക്കൂട്, സ്പെഷൽ പ്രോസിക്യൂട്ടറുടെ ഓഫിസ് എന്നിവ നിർമിക്കും.

കോർപറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ് ആണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഓഫിസ് ആയി പരിഗണിക്കുന്നത്. സമയ ബന്ധിതമായി നിർമാണം നടക്കും.  ഇതിനിടയിൽ കേസ് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നു കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com