ജിൻസനെ കുടുക്കാൻ ശ്രമം, കൂട്ടുകാരന്റെ സുഹൃത്തിന്റെ പേരിലും വ്യാജ സന്ദേശം; ഭീഷണിക്കത്ത് കേസിൽ പ്രതിയുടെ അമ്മയും അറസ്റ്റിൽ

HIGHLIGHTS
  • കോടതിയുടെ പേരിൽ വ്യാജരേഖ ചമച്ചെന്ന് കേസ്
arrested-bomb-case
സാജൻ ക്രിസ്റ്റഫർ, മാതാവ് കൊച്ചുത്രേസ്യ
SHARE

കൊല്ലം∙ കലക്ടറേറ്റിൽ ബോംബ് സ്ഫോടനം നടക്കുമെന്നു  ഭീഷണിക്കത്ത് അയച്ചതിനു പിടിയിലായ പ്രതി തൃക്കടവൂർ മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ സാജൻ ക്രിസ്റ്റഫറിന്റെ(34) അമ്മയും അറസ്റ്റിൽ. കോടതിയുടെ പേരിൽ വ്യാജരേഖ ചമച്ചതിനാണു കൊച്ചുത്രേസ്യ (62) അറസ്റ്റിലായത്. റിമാ‍ൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കൊച്ചു ത്രേസ്യയെയും വ്യാജ ബോംബ് ഭീഷണി കേസിൽ പ്രതിയാക്കണമോ എന്നു തീരുമാനിക്കുകയുള്ളൂ.  കൊച്ചുത്രേസ്യ സ്കൂളിൽ നിന്നു വിരമിച്ച ജീവനക്കാരിയാണ്. പ്രതികളുടെ ഫോണിൽ നിന്നു കലക്ടർക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകൾ കണ്ടെടുത്തു.

വീട്ടിൽ നിന്ന് 7 മൊബൈൽ ഫോൺ, മെമ്മറി കാർഡുകൾ, പെൻ ഡ്രൈവുകൾ, ഹാർഡ് ഡിസ്കുകൾ, അൻപതോളം ഭീഷണിക്കത്തുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. സാജനെയും അമ്മയെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുകളും ഇക്കൂട്ടത്തിലുണ്ട്.  പൊലീസിനെ കബളിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു  വിടുന്നതിനും വേണ്ടി പ്രതികൾ തന്നെ അവർക്ക് അയച്ചതാണ് ഇത്. ജിൻസൻ എന്ന പേരിൽ മജിസ്ട്രേട്ടിന് അയയ്ക്കാൻ തയാറാക്കി വച്ചിരുന്ന കത്തും കണ്ടെടുത്തവയിൽ ഉണ്ട്.

സുഹൃത്തിന്റെ കാമുകിയുടെ പേരിൽ വ്യാജ ഫെയ്സ്‌ബുക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് സാജൻ ക്രിസ്റ്റഫറിന് എതിരെയുള്ള കേസിന്റെ വിചാരണ നടന്നു വരികയാണ്. 2016ൽ തുയ്യം വേളാങ്കണ്ണി പള്ളിയിൽ  ബോംബ് വച്ചെന്നു കാണിച്ച് ഭീഷണിക്കത്ത് അയച്ചതും സാജൻ ആണ്. എസിപി എ. അഭിലാഷിന്റെ  നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.ഷെഫീക്, കൺട്രോൾ റൂം സിഐ ജോസ്, എസ്ഐ അനീഷ്, ദീപു, ജ്യോതിഷ് കുമാർ, ഷെമീർ,  ബിനു, ജലജ, രമ, ബിന്ദു, സുമ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ജിൻസനെ കുടുക്കാൻ ശ്രമം

മജിസ്ട്രേട്ടിന് അയയ്ക്കാനായി തയാറാക്കി വച്ചിരുന്ന കത്തിൽ ജിൻസൻ എന്നയാളാണ് ഇത്തരത്തിൽ ഭീഷണിക്കത്ത് അയയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ കയ്യക്ഷരവും വാഹന നമ്പറും പരിശോധിച്ചൻ ഇതു വ്യക്തമാകുമെന്നും സൂചന ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജിൻസനെ  ചോദ്യം ചെയ്തപ്പോഴാണ് 2016ൽ സാജനു താൻ അപേക്ഷ എഴുതി നൽകിയിരുന്നതായി പറ‍ഞ്ഞത്. തുടർന്നു ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ജിൻസനെക്കൊണ്ട്  എഴുതിച്ച പരാതി പൊലീസ് പ്രതിയിൽ നിന്നു കണ്ടെടുത്തു.  

കൂട്ടുകാരന്റെ സുഹൃത്തിന്റെപേരിലും വ്യാജ സന്ദേശം

സാജനും സുഹൃത്ത്  അമൽ ജോൺസണും ചേർന്ന് അമൽ ജോൺസന്റെ  പെൺസുഹൃത്തിന്റെ പേരിൽ 2014ലാണ് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങി നഗ്നചിത്രങ്ങളം വ്യാജ സന്ദേശങ്ങളും അയച്ചത്. അഞ്ചാലുംമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ  അന്തിമ ഘട്ടത്തിലാണ്. ഈ കേസുമായി ബന്ധപ്പെട്ടു കോടതിയിൽ സാജൻ, കോടതിക്കും ജില്ലാ ജഡ്ജിക്കും. കലക്ടർക്കും അശ്ലീല കത്തുകളും ഭീഷണിക്കത്തുകളും അയയ്ക്കുമായിരുന്നു.

എഴുതിയും മറ്റു ചിലത് മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്ത ശേഷം കംപ്യൂട്ടർ സെന്ററിൽ നിന്നു പ്രിന്റ് എടുത്തുമാണ് അയച്ചിരുന്നത്. 2016ൽ  തുയ്യം വേളാങ്കണ്ണി പള്ളിയിൽ  ബോംബ് ഭീഷണിക്കത്ത് അയച്ചതു വികാരി ആയിരുന്ന ഫാ. ജോളി ഏബ്രഹാമിനോടുള്ള വിരോധം മൂലമാണെന്നു സാജൻ പൊലീസിനു മൊഴി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS