ചാത്തന്നൂർ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമാണത്തിനുള്ള കുഴി മൂലം വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലേക്കും കയറാൻ കഴിയാതായതോടെ നിർമാണം തടഞ്ഞു. വ്യാപാരി വ്യവസായ സമിതിയുടെ നേതൃത്വത്തിൽ കൊടി കുത്തി നിർമാണം തടയുകയായിരുന്നു. ചാത്തന്നൂർ സഹകരണ ബാങ്കിനു സമീപമാണ് കുഴിയെടുക്കുന്നത് തടഞ്ഞത്.റോഡിന്റെ വശത്ത് രണ്ടു മീറ്ററിലേറെ വീതിയിൽ ആഴത്തിൽ കുഴിയെടുത്താണ് ഓട നിർമാണം. ജെസിബി ഉപയോഗിച്ചു കഴിഞ്ഞ ദിവസങ്ങളിൽ കുഴി എടുത്തതോടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളിലേക്കും പ്രവേശന മാർഗം തടസ്സപ്പെട്ടു. കടകളിൽ കച്ചവടം നിലച്ചു. സ്ഥാപനത്തിനു മുന്നിൽ വലിയ കുഴി വന്നതോടെ ചിലർ കടകൾ അടച്ചു.

ചില സ്ഥലങ്ങളിൽ ഇരുഭാഗത്തേക്കും പോകുന്നതിനായി വൈദ്യുതി തൂണുകൾ കുഴിക്കു കുറുകെ ഇടുക ഉണ്ടായി. എന്നാൽ പ്രായമായവർക്കും മറ്റും വൈദ്യുതി തൂണിലൂടെ നടന്നു പോകാൻ കഴിയില്ല. ഇതു കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്ന സ്ഥിതിയായി.ഇത്തിക്കരയിൽ ഓടയ്ക്കു കുഴി എടുത്തതോടെ രോഗിയായ വീട്ടമ്മയ്ക്ക് ആശുപത്രിയിൽ പോകാൻ കഴിയാതായി. പ്രശ്ന പരിഹാരത്തിനായി ഒടുവിൽ ചാത്തന്നൂർ പൊലീസിന്റെ സഹായം തേടേണ്ടി വന്നിരുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ സമാനമായ തരത്തിൽ പരാതി ഉണ്ട്.
ഇന്നലെ രാവിലെ വ്യാപാരി വ്യവസായ സമിതിയും നാട്ടുകാരും ചേർന്നു കുഴി എടുക്കുന്നത് തടയുകയായിരുന്നു.ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫിസർ എം.കെ.റഹ്മാൻ, പൊലീസ്, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ എത്തി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.നിസാർ, ഏരിയ സെക്രട്ടറി ജി.പി.രാജേഷ്, ജില്ല കമ്മിറ്റി അംഗം ജിജികെ ജയപ്രകാശ്, ജയചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായതോടെ നിർമാണ പ്രവൃത്തി പുനരാരംഭിച്ചു.