ചവറ∙ ഗൃഹാതുര സൗന്ദര്യം തുളുമ്പുന്ന വരികളിലൂടെ മലയാള കവിതയെ ജ്ഞാനപീഠമേറ്റിയ പ്രിയ കവിയുടെ ജന്മഗൃഹത്തിൽ ജ്ഞാനപീഠ പുരസ്കാര ഫലകത്തിന്റെ ശിൽപമൊരുങ്ങുന്നു. ഒഎൻവിയുടെ വിഖ്യാത കവിത ‘അമ്മ’ യുടെ ശിൽപാവിഷ്കാരത്തിനു സമീപമാണ് ‘ജ്ഞാനപീഠ’ ശിൽപവും അതേ ശിൽപിയുടെ കരവിരുതിൽ പുർണതയിലേക്കെത്തുന്നത്.ഒഎൻവിയുടെ തറവാടായ ചവറ നമ്പ്യാടിക്കൽ വീട്ടുമുറ്റത്ത് അദ്ദേഹത്തിന്റെ എഴുത്തുപുരയ്ക്കു സമീപമാണു ചലച്ചിത്ര കലാസംവിധായകൻ കൂടിയായ ശിൽപി പാവുമ്പ മനോജ് രൂപകൽപന ചെയ്യുന്ന ‘ജ്ഞാനപീഠം’ മിഴി തുറക്കുന്നത്.
ശിൽപികളായ ആർ.സജി മണപ്പള്ളി, കൃഷ്ണൻകുട്ടി മണപ്പള്ളി, മാതംഗി ഉണ്ണിക്കൃഷ്ണൻ കൊച്ചി എന്നിവരും ഒപ്പമുണ്ട്. പുരസ്കാരത്തിലെ ശിൽപവും പ്രശസ്തി ഫലകവുമാണ് കോൺക്രീറ്റിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഒഎൻവിയുടെ ബന്ധുവും തിരക്കഥാകൃത്തുമായ അനിൽ മുഖത്തലയാണു ശിൽപം സ്ഥാപിക്കുന്നത്. പണി പൂർത്തിയാക്കാൻ 15 ദിവസമെടുക്കും. ജ്ഞാനപീഠ പുരസ്കാരം എല്ലാവർക്കും അനുഭവവേദ്യമാക്കാനാണ് അതിന്റെ മാതൃക ശിൽപ രൂപത്തിലാക്കുന്നതെന്നു പാവുമ്പ മനോജ് പറഞ്ഞു.
2017–ൽ ഒഎൻവിയുടെ ‘അമ്മ’ കവിതയെ അടിസ്ഥാനമാക്കി എഴുത്തുപുരയുടെ മുറ്റത്തു തീർത്ത കാവ്യ ശിൽപഭംഗി ആസ്വദിക്കാൻ ഒട്ടേറെപ്പേർ നിത്യവും നമ്പ്യാടിക്കൽ തറവാട്ടിലെത്തുന്നുണ്ട്. കവിയുടെ അനന്തരവൻ ജ്യോതി നമ്പ്യാടിക്കലാണ് എഴുത്തുപുരയും ശിൽപവും പരിപാലിക്കുന്നത്. പുതിയ ശിൽപം ഒഎൻവിയുടെ ഏഴാം ചരമവാർഷിക ദിനമായ 13നു രാവിലെ 11.30ന് മന്ത്രി സജി ചെറിയാൻ അനാഛാദനം ചെയ്യും.