പത്തനാപുരം∙ കുടിയ്ക്കാൻ തീരെയില്ലെങ്കിലും റോഡ് നിറയെ വെള്ളമുണ്ട്. പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക്, പൂവണ്ണുംമൂട്, ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി ജലമൊഴുക്ക് ശക്തമായിട്ടും നടപടിയില്ലാത്തത്. പുനലൂർ-മുവാറ്റുപുഴ റോഡ് നവീകരണം നടക്കുമ്പോൾ, പൈപ്പ് പൊട്ടി വെള്ളം തുടർച്ചയായി ഒഴുകുന്നത് റോഡ് നവീകരണത്തെയും ബാധിക്കുന്നുണ്ട്. പിറവന്തൂർ മുതൽ അലിമുക്ക് വരെ പല തവണ മെറ്റൽ ഇട്ട് ഉറപ്പിച്ച റോഡിൽ വെള്ളത്തിന്റെ ഒഴുക്ക് മൂലം മെറ്റൽ ഇല്ലാത്ത അവസ്ഥയാണ്.
റോഡിലെ കുഴികൾ മൂലം യാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. പഴയ റോഡിന്റെ വശത്തായി ഓടയുണ്ടായിരുന്നത് മൂടിയ ശേഷമാണ് വീതി കൂട്ടിയത്. പുതിയ ഓട നിർമിക്കാൻ കരാറുകാരൻ തയാറായിട്ടുമില്ല.
ഒരാഴ്ചയ്ക്കിടെ പല തവണ മെറ്റൽ ഇട്ട് ഉറപ്പിച്ചതായി തൊഴിലാളികൾ പറഞ്ഞു. മെറ്റൽ ഉറപ്പിക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ് വീണ്ടും പൈപ്പ് പൊട്ടുക. റോഡിൽ പലയിടത്തായി അഞ്ചു കി.മീ ദൂരം ഒഴികെ ബാക്കി ഭാഗം ടാറിങ് പുർത്തിയായതിനാൽ തമിഴ്നാട്ടിലേക്ക് പോകുന്ന വലിയ വാഹനങ്ങളടക്കം ഇതു വഴി വീണ്ടും വരാൻ തുടങ്ങിയപ്പോഴാണ് ഈ അവസ്ഥ.