‘മുഖ്യമന്ത്രിയുടെ കൂടെയുള്ളത് അകമ്പടി വാഹനങ്ങളല്ല; അഹങ്കാര വാഹനങ്ങൾ’: സിപിഐ ജില്ലാ കൗൺസിലിൽ വിമർശനം

cm-pinarayi-vijayan-security-kannur
മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും– ഫയൽചിത്രം
SHARE

കൊല്ലം ∙ സംസ്ഥാന സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. രാജാവിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണ്. ഇത്തരം ധൂർത്തും ഏകാധിപത്യ രീതികളും കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്നും വിമർശനം. രണ്ടാം പിണറായി സർക്കാർ പുതുതായി ഒന്നും ചെയ്തിട്ടില്ല. പാചക വാതകത്തിനു വില വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോഴാണു ഇന്ധന സെസ് 2 രൂപ സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ട സർക്കാരാണിത്.

കമ്യൂണിസ്റ്റ് നേതാക്കളേക്കാൾ കശുവണ്ടിത്തൊഴിലാളികളെ ഓർമിക്കുന്നത് എൻകെ പ്രേമചന്ദ്രൻ എംപി യാണ്. പ്രേമചന്ദ്രനെ കശുവണ്ടിത്തൊഴിലാളികൾ വിശ്വാസത്തിലെടുക്കുന്നതിന്റെ നാലിലൊന്നു പോലും കമ്യൂണിസ്റ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനെക്കുറിച്ചു കമ്യൂണിസ്റ്റ് നേതാക്കൾ അവരോടു ഒരക്ഷരം പോലും മിണ്ടാറില്ല. 

ധൂർത്തും പിൻവാതിൽ നിയമനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളിൽ പിൻവാതിൽ നിയമനം വ്യാപകമാണ്. ഇത്തരം ധൂർത്തിനൊപ്പമാണു യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം ഒരു ലക്ഷത്തിനു മേൽ ശമ്പളം ആവശ്യപ്പെടുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലും ധൂർത്താണു കണ്ടത്. 

സിപിഐ യുടെ നേതാക്കൾക്ക് നേരത്തെ പാർട്ടിയായിരുന്നു പ്രധാനം.ഇപ്പോൾ അതു മുന്നണിയായി മാറി. തിരുത്തൽ ശക്തിയായിരുന്ന പാർട്ടി ഇപ്പോൾ അതിനു അവധി കൊടുത്തു. കൊല്ലം എസ്എൻ കോളജിൽ സംഘർഷമുണ്ടാക്കിയ എസ്എഫ്ഐ ക്കാരെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചപ്പോൾ ആക്രമണത്തിനിരയായ എഐഎസ്എഫ് പ്രവർത്തകരുടെ അപ്പീൽ തള്ളി. ഇതിനെതിരെ പാർട്ടി ചെറു വിരൽ അനക്കുന്നില്ല. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആർ ചന്ദ്രമോഹനൻ, മന്ത്രി ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. രാജു, ആർ. ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

എസ്. അജയഘോഷിനെ തരംതാഴ്ത്താൻ  തീരുമാനം

സിപിഐ ജില്ലാ കൗൺസിൽ അംഗം എസ്. അജയഘോഷിനെ ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്ത്താൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. മഹിളാ നേതാവിന്റെ പരാതിയെത്തുടർന്നു അജയഘോഷിനോടു വിശദീകരണം ചോദിച്ചിരുന്നു. ആരോപണങ്ങളെത്തുടർന്നു ശൂരനാട് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നു അവധിയെടുക്കാൻ പാർട്ടി നേരത്തേ നിർദേശിച്ചിരുന്നു. 

പിന്നാലെ കിസാൻസഭ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് സമ്മേളനത്തിൽ ഒഴിവാക്കുകയും ചെയ്തു. ശനിയാഴ്ച ചേർന്ന ജില്ലാ എക്സിക്യൂട്ടീവിന്റെ തീരുമാനം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചു കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുരേഷ്കുമാറിനെതിരെ മുഖത്തല മണ്ഡലം സെക്രട്ടറി നൽകിയ പരാതിയിൽ സുരേഷ്കുമാറിനോടു വിശദീകരണം ചോദിക്കാനും തീരുമാനിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS