പത്തനാപുരം∙ ആദിവാസി വിഭാഗത്തിലുള്ള 30 ദമ്പതികളുടെ വിവാഹം നടത്തി ഗാന്ധിഭവൻ. പത്തനംതിട്ട ജില്ലയിലെ മഞ്ഞത്തോട്, വേലൻ പ്ലാവ്, അട്ടത്തോട്, നിലയ്ക്കൽ, ചീറ്റാർ മേഖലകളിലെ യുവതീ യുവാക്കൾക്കാണ് വിവാഹം നടത്തി നൽകിയത്. സാധാരണ, ഇവർ വിവാഹം കഴിക്കുമെങ്കിലും റജിസ്ട്രേഷൻ രേഖകൾ ഉണ്ടാകാറില്ല. ഇതു മൂലം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാറില്ല. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഗാന്ധിഭവൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സമൂഹ വിവാഹം.
ഓരോ ഊരിലെയും ഊരു മൂപ്പൻമാരെയും കുടുംബാംഗങ്ങളെയും സാക്ഷിയാക്കിയാണു വിവാഹം നടന്നത്. ചടങ്ങിനോടനുബന്ധിച്ച സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എംപി, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ഏകതാ പരിഷത്ത് സ്ഥാപകൻ പി.വി.രാജഗോപാൽ, ഭാര്യ ജിൽ കാർ ഹാരിസ്, പുനലൂർ സോമരാജൻ, പ്രസന്നാ രാജൻ, പി.കെ.ഗോപൻ, എസ്.വേണുഗോപാൽ, കെ.ബി.രവി, എ.ആനന്ദവല്ലി, എം.പി.മണിയമ്മ, എസ്.തുളസി, സുനിതാ രാജേഷ്, എ.ജയന്ത് കുമാർ, പ്രദീപ് തേവള്ളി, പി.എസ്.അമൽരാജ്, ജി.ഭുവനചന്ദ്രൻ, കെ.ഉദയകുമാർ, ഗോപിനാഥ് മഠത്തിൽ, അനിൽ കുമാർ, രാജീവ് രാജധാനി, ഷാജഹാൻ രാജധാനി എന്നിവർ പ്രസംഗിച്ചു.