ADVERTISEMENT

കൊല്ലം∙ വേനൽ കടുത്തതോടെ പൊള്ളുന്ന വിലയുമായി ചെറുനാരങ്ങ. വേനൽക്കാലത്ത് ഏറെ ആവശ്യമുള്ള തണ്ണിമത്തനും വില കൂടിയിട്ടുണ്ട്. വഴിയോരങ്ങളിൽ ഉൾപ്പെടെ വിവിധ ഫല വർഗങ്ങളുടെ വിൽപന സജീവമാണെങ്കിലും ദാഹമകറ്റുന്ന ചെറുനാരങ്ങയും തണ്ണിമത്തനുമാണ് ആളുകൾ കൂടുതലായും ചോദിച്ചെത്തുന്നത്.

ചെറുനാരങ്ങയും തണ്ണിമത്തനും വേണ്ടത്ര ലഭ്യമാണെങ്കിലും ആവശ്യക്കാർ വർധിച്ചതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. റമസാൻ മാസത്തിൽ ആവശ്യക്കാർ ഇനിയും കൂടുമെന്നതിനാൽ വില വൻതോതിൽ വർധിക്കുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വർഷം റമസാനിൽ ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെയെത്തിയിരുന്നു.

ചില്ലറ വിപണിയിൽ ചെറുനാരങ്ങ കിലോയ്ക്ക് 135–145 രൂപ വരെയാണു ജില്ലയിലെ വില. മൊത്തവിപണിയിൽ ഇത് 120–130 രൂപയാണ്. 4 മാസം മുൻപ് ചില്ലറ വിപണിയിൽ 55 രൂപ ആയിരുന്നു വില. പിന്നീട് വർധിക്കാൻ തുടങ്ങിയ വില താഴ്ന്നിട്ടില്ല. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്കു ചെറുനാരങ്ങ വരുന്നത്.

ഇന്ധന വില വർധനയും വിലകൂടാൻ കാരണമായിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. വേനൽ സീസണിലെ താരമായ തണ്ണിമത്തന് ചില്ലറ വിപണിയിൽ 24–25 രൂപ നൽകണം. കഴിഞ്ഞ വർഷത്തെക്കാൾ 5 രൂപവരെ കൂടുതലാണിത്. സാധനം ആവശ്യത്തിന് ലഭ്യമായതിനാൽ വലിയ തോതിൽ വില വർധിക്കില്ലെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.

കുറയാതെ ചൂട് 

ജില്ലയിൽ  കനത്ത ചൂട് തുടരുന്നു. ഇന്നലെയും ശരാശരി ചൂട് 35 ഡിഗ്രി സെൽഷ്യസാണ്. പുനലൂർ മേഖലയിൽ തന്നെയാണു കൂടിയ ചൂട്. ഒറ്റപ്പെട്ട വേനൽ മഴ തുടർന്നാൽ ചൂട് കുറയുമെന്ന പ്രതീക്ഷയിലാണ് ജില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com